പ്രവാസത്തിന്‍റെ ഇരുവഴികൾ
text_fieldsതൊഴില്‍തേടി ഇതര രാജ്യങ്ങളിലേക്കുള്ള മലയാളിയുടെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. 32 രാജ്യങ്ങളില്‍ മലബാര്‍ എന്ന പേരില്‍ സ്ഥലങ്ങളുണ്ട് എന്നത് കൗതുക വിവരം എന്നതിനപ്പുറത്ത് മലയാളിയുടെ കുടിയേറ്റ ചരിത്രത്തിന്‍െറ ആഴം വ്യക്തമാക്കുന്നതാണ്. ഐക്യകേരള പിറവിക്കുമുമ്പേ തുടങ്ങിയതാണ് തൊഴില്‍തേടി ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളിയുടെ കുടിയേറ്റം. 60കളിലും 70കളിലും കുടിയേറ്റത്തിന്‍െറ തോത് കുത്തനെ ഉയര്‍ന്നു. കേരളത്തിന്‍െറ സാമൂഹിക-സാമ്പത്തിക ഘടനയെ പുതുക്കിയെടുത്തതില്‍ മുഖ്യപങ്ക് ഗള്‍ഫ് കുടിയേറ്റത്തിനായിരുന്നു. ഗള്‍ഫ് നാടുകളിലേക്കുള്ള ഈ പുറപ്പെട്ടുപോകല്‍ ശക്തമായ 80കളില്‍തന്നെ കേരളത്തിനകത്തേക്ക് മറ്റൊരു കുടിയേറ്റ വഴി ഒരുങ്ങുന്നുണ്ടായിരുന്നു. ആദ്യമത്തെിയത് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു.
നാട്ടില്‍ ജലസേചന സംവിധാനങ്ങള്‍ വ്യാപകമാവുകയും കൃഷി പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകുകയും ചെയ്തതോടെ തമിഴര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി. പിന്നീട് ബിഹാര്‍, അസം, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലന്വേഷകരുടെ ഒഴുക്കായി. ഈ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു ഇന്നും. ഏതാണ്ട് 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ മലയാളക്കരയില്‍ ദൃശ്യമായ ഈ രണ്ട് കുടിയേറ്റധാരകളുടെയും വക്താക്കള്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവിടെ. 1950കളില്‍ ഗള്‍ഫ് മണ്ണില്‍ തൊഴിലന്വേഷിച്ചെത്തിയ ആദ്യ മലയാളികളിലൊരാളായ മലപ്പുറം മമ്പാട് സ്വദേശി അറക്കല്‍ അഹമ്മദ്കുട്ടി സീതിയും 14 വര്‍ഷം മുമ്പ് ബിഹാറില്‍ നിന്ന് തൊഴിലന്വേഷിച്ച് കേരളത്തിലെത്തി, കോഴിക്കോട് കൊടിയത്തൂരില്‍ സ്ഥിര താമസമാക്കിയ ബദ്റെ ആലമും. ഇരുവരും തങ്ങളുടെ 17ാം വയസ്സിലാണ് അന്നം തേടിയുള്ള യാത്ര തുടങ്ങുന്നത്.
***************
‘ആരായിരിക്കും ഈ മണ്ണില്‍ കാലുകുത്തിയ ആദ്യത്തെ മലയാളി?’ ‘പത്തേമാരി’ എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ (മമ്മൂട്ടി), സുഹൃത്ത് മൊയ്തീനോട് (ശ്രീനിവാസന്‍) ചോദിക്കുന്ന ചോദ്യമാണിത്. ജീവിതത്തിന്‍െറ നട്ടുച്ചകളില്‍ പൊള്ളിവിളറി നില്‍ക്കവെ, ചെറിയൊരു തണല്‍തപ്പി മരുപ്പറമ്പില്‍ പ്രതീക്ഷയുടെ പത്തേമാരി അടുപ്പിച്ചവരാകുമവര്‍, തീര്‍ച്ച. നാടുകാണാന്‍ ലോഞ്ചില്‍ കയറിയവനായിരുന്നില്ല അഹമ്മദ്കുട്ടി. 1953 സെപ്റ്റംബറിലെ ഏതോ രാവില്‍ ബോംബെ തെരുവിലെ അമ്മാവന്‍െറ വീട്ടില്‍നിന്ന് 19 രൂപ കൈയില്‍ കരുതി തുടങ്ങിയ യാത്ര ആറ് പതിറ്റാണ്ടിനിപ്പുറവും തുടരുകയാണ് അദ്ദേഹം. ‘അന്നെനിക്ക് പ്രായം 17. കള്ളവണ്ടി കയറി അഹ്മദാബാദിലെത്തി. കച്ച് തുറമുഖത്ത് നങ്കൂരമിട്ട പത്തേമാരിയില്‍ എങ്ങനെയോ കയറിപ്പറ്റി. ആദ്യ ദിവസങ്ങളിലൊക്കെ ഭക്ഷണവും ശുദ്ധജലവും ലഭ്യമായിരുന്നെങ്കിലും കുറച്ചു ദിവസമായപ്പോഴേക്കും ക്ഷാമം തുടങ്ങി.
പട്ടിണി സഹിച്ച് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കിടന്ന് നീണ്ട കടല്‍യാത്ര. 1953 നവംബര്‍ ഏഴിന് ദുബൈയിലെ ഏതോ തീരത്ത് ഇറങ്ങി, കൂടെ ഒമ്പതുപേര്‍. മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ ഒരാളാണ് സംഘത്തിലെ മറ്റൊരു മലയാളി. ദുബൈയില്‍ ഇന്നത്തെപ്പോലെ ജനവാസമോ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഇല്ല. കുറെ ദിവസം പല സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു, ഭക്ഷണം കിട്ടാതെ വയറൊട്ടി തളര്‍ന്നുവീണു, എണീറ്റ് പിന്നെയും നടന്നു. ഈത്തപ്പനയോല വെച്ചുകെട്ടിയ പുരകളിലായിരുന്നു അന്തിയുറക്കം. നീണ്ട അലച്ചിലിനൊടുവില്‍ പര്‍മാനന്ദ് ചോട്ടാനന്ദ് സിന്ധി എന്ന മനുഷ്യസ്നേഹിയായ വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വയറുനിറയെ ഭക്ഷണം തന്നു, പുതുവസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ജപ്പാനിലേക്ക് കച്ചവടത്തിനായി പുറപ്പടാനിരിക്കെ അദ്ദേഹം ‘നീ ഇനി ഖത്തറിലേക്ക് പൊയ്ക്കോ, അവിടെച്ചെന്നാല്‍ രക്ഷപ്പെടും’ എന്നും പറഞ്ഞ് 100 രൂപ എന്നെയേല്‍പിച്ചു. ഇന്നത്തെ ലക്ഷങ്ങള്‍ വരും അത്. 50 രൂപ ചാര്‍ജ് കൊടുത്ത് ലോഞ്ചില്‍ ഖത്തറിലേക്ക് പുറപ്പെട്ടു. ഖത്തറിലെത്തി ദിവസങ്ങള്‍ക്കകം ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലികിട്ടി.
രണ്ടു വര്‍ഷത്തോളം അവിടെക്കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് കുവൈത്ത്, ബഹ്റൈന്‍, യു.എ.ഇ തുടങ്ങി ഏതാണ്ടെല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ജോലിചെയ്തു. ശുചിമുറി കഴുകല്‍ മുതല്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ വൈറ്റ്കോളര്‍ ജോലിവരെ. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ ആയിരത്തിലധികം പേരെ വിസ നല്‍കി ഗള്‍ഫിലെത്തിച്ചു. ആറ് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം ഒൗദ്യോഗികമായി അവസാനിപ്പിച്ചത് അഞ്ചുവര്‍ഷം മുമ്പാണ്. എന്നാലും എല്ലാ വര്‍ഷവും രണ്ടോ മൂന്നോ മാസത്തെ സന്ദര്‍ശക വിസയില്‍ ഗള്‍ഫില്‍ പോകും. ഇത്രയും ദീര്‍ഘകാലത്തെ കുടിയേറ്റ ജീവിതം അറക്കല്‍ അഹമ്മദ് കുട്ടിയെ പേരിനുപോലും സമ്പന്നനാക്കിയിട്ടില്ല. ആകെയുള്ള സമ്പാദ്യം മലപ്പുറം മമ്പാട് എം.ഇ.എസ് കോളജിന് പിന്‍വശത്തെ ഇപ്പോള്‍ താമസിക്കുന്ന വീടും 11 സെന്‍റ് സ്ഥലവും കുറെയേറെ ഓര്‍മകളും അനുഭവങ്ങളും മാത്രം.
***************
ബിഹാറില്‍നിന്ന് കേരളത്തിലേക്കും കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുമുള്ള ചാക്രിക കുടിയേറ്റ ജീവിത കഥയാണ് ബിഹാറുകാരനായ ബദ്റെ ആലമിനു പറയാനുള്ളത്. 2002ലാണ് 17ാം വയസ്സില്‍ ബദ്റെ ആലം തൊഴില്‍തേടി കേരളത്തിലത്തെുന്നത്. ‘‘ഗാന്ധിജിയുടെ സത്യഗ്രഹ സമരംകൊണ്ട് പ്രസിദ്ധമായ ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ധാക്ക ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ഗ്രാമത്തില്‍നിന്ന് 12 കി.മീറ്റര്‍ പോയാല്‍ നേപ്പാളാണ്. മതവിഷയങ്ങള്‍ പഠിപ്പിക്കുന്ന മദ്റസയിലായിരുന്നു വിദ്യാഭ്യാസം. ഇക്കാലയളവില്‍ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കി. ശേഷം അവിടെത്തന്നെ ജാമിഅ ഇബ്നുതൈമിയ എന്ന കോളജില്‍ കുറച്ചുകാലം പഠിച്ചു. അത്യാവശ്യ അറബിയും ഇംഗ്ലീഷും പഠിക്കുന്നത് അവിടെ നിന്നാണ്. ഈ പഠനം കൊണ്ടൊന്നും ബിഹാറില്‍ ഒരു ജോലിയും ലഭിക്കില്ല. സര്‍ക്കാര്‍ ജോലി തീര്‍ത്തും അന്യം.
മതരംഗത്തെ ജോലിക്കാകട്ടെ തുച്ഛമായ ശമ്പളവും. കോഴ്സ് കഴിഞ്ഞ് ജോലിയന്വേഷിച്ച് നടക്കുന്നതിനിടെ സുഹൃത്ത് റംസാന്‍ അലിയാണ് കേരളത്തെക്കുറിച്ച് എന്നോട് പറയുന്നത്. അദ്ദേഹം എനിക്കുമുന്നേ ഇവിടെയെത്തി മലപ്പുറം എടവണ്ണയിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് പട്ന റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറുന്നത്. എത്തിയയുടന്‍ കോഴിക്കോട് ജില്ലയിലെ സൗത് കൊടിയത്തൂരിലെ സലഫി മസ്ജിദില്‍ ഇമാമായി ജോലിയില്‍ പ്രവേശിച്ചു. പകല്‍ ധാരാളം ഒഴിവുസമയം ഉള്ളതിനാല്‍ എസ്.എസ്.എല്‍.സി എഴുതിയെടുത്താലോ എന്നെനിക്ക് തോന്നി. നാട്ടുകാര്‍ നല്ല പിന്തുണയും പ്രോത്സാഹനവും നല്‍കി. അങ്ങനെ ‘പ്രൈവറ്റ് ഓവര്‍ എജഡ് എസ്.എസ്.എല്‍.സി’ സ്കീമില്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തു. ഇംഗ്ലീഷ് മീഡിയം ആണ് തെരഞ്ഞെടുത്തത്. കൊടിയത്തൂര്‍ അധ്യാപകരുടെ ഗ്രാമമായതിനാല്‍ എല്ലാ വിഷയവും പഠിപ്പിക്കുന്ന അധ്യാപകര്‍ അന്നാട്ടിലുണ്ട്. ഓരോരുത്തരും ഓരോ വിഷയങ്ങളില്‍ ട്യൂഷന്‍ തന്നു.
ആദ്യ ചാന്‍സില്‍തന്നെ പരീക്ഷ വിജയിച്ചു. പിന്നെയും രണ്ടുമൂന്ന് കോഴ്സുകള്‍ ചെയ്തു. ഇതിനിടെയാണ് കൊടിയത്തൂരില്‍നിന്ന് തന്നെ വിവാഹം കഴിക്കുന്നത്. അവിടെത്തന്നെ സ്ഥലം വാങ്ങി വീടുവെച്ചു. എട്ടുവര്‍ഷം ഇമാം ജോലിയില്‍ തുടര്‍ന്ന ശേഷം മികച്ച അവസരം ഒത്തുവന്നപ്പോള്‍ 2010ല്‍ ഗള്‍ഫില്‍ പോയി. ഇപ്പോള്‍ യു.എ.ഇയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. എനിക്കുശേഷം നാട്ടില്‍നിന്ന് സഹോദരന്‍ ജാവേദും കുടുംബവും കൊടിയത്തൂരിലെത്തി. ബിഹാറിലെ ബന്ധുക്കളും നാട്ടുകാരുമായ 12 ഓളം പേര്‍ സകുടുംബം ഇപ്പോള്‍ മുക്കം, കൊടിയത്തൂര്‍ പരിസരത്ത് പല തൊഴിലുകളെടുത്ത് ജീവിക്കുന്നുണ്ട്. എന്‍െറയും അവരുടെയും കുടുംബത്തിന്‍െറ പട്ടിണിക്കാലത്തിന് അറുതിവന്നത് കേരളത്തിലെത്തിയ ശേഷമാണ്. മാതാപിതാക്കള്‍ ബിഹാറില്‍ തന്നെയാണെങ്കിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കേരളത്തിലെത്താറുണ്ട്. ’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.