Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഓര്‍ത്തോര്‍ത്ത് ഒരു...

ഓര്‍ത്തോര്‍ത്ത് ഒരു ഗിന്നസ്

text_fields
bookmark_border
ഓര്‍ത്തോര്‍ത്ത് ഒരു ഗിന്നസ്
cancel
camera_alt???????? ???????

അനന്തരം വെളുത്ത ടവ്വല്‍കൊണ്ട് യുവാവിന്‍െറ കണ്ണുകള്‍ മൂടിക്കെട്ടി. കടലാസില്‍ കുറിച്ച വാക്കുകള്‍ ഒന്നിനു പിറകെ ഒന്നായി അധികൃതര്‍ വായിക്കുകയുണ്ടായി. ഏതാനും നിമിഷത്തെ  നിശ്ശബ്ദതക്കൊടുവില്‍ ആ വാക്കുകളത്രയും ആരോഹണക്രമത്തിലും അവരോഹണ ക്രമത്തിലും ഒരു ജ്യൂസു കുടിക്കുന്ന ലാഘവത്തോടെ ആ ചെറുപ്പക്കാരന്‍ ഓര്‍ത്തുപറഞ്ഞു. അഞ്ചും പത്തുമൊന്നുമല്ല, പരസ്പരം ചേര്‍ച്ചയില്ലാത്ത 470 വാക്കുകള്‍! അതും നിലവിലെ 200 വാക്കെന്ന ജയസിംഹയുടെ ഗിന്നസ് ലോക റെക്കോഡ് തകര്‍ത്തു കൊണ്ട്. അതെ, ലോകത്തെ ഏറ്റവും കൂടുതല്‍ ഓര്‍മശക്തിയുള്ള ആള്‍ ഒരു മലയാളിയാണ്. കണ്ണൂര്‍ പയ്യന്നൂരില്‍ കണ്ണന്‍-യശോദ ദമ്പതികളുടെ മകനായ പ്രിജേഷ് കണ്ണനാണ് ഓര്‍മയുടെ ഈ മഹാദ്ഭുതം.

ആന്നൂര്‍ അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. നോട്ടെഴുതാത്തതിന് ടീച്ചര്‍ കണ്ണുരുട്ടി. ടീച്ചര്‍ പറഞ്ഞുകൊടുത്ത നോട്ട് മുഴുവനും വള്ളിപുള്ളി വിസര്‍ഗ്ഗം വിടാതെ ഒരു ഫ്ലോട്ടിങ് പേപ്പര്‍ എന്നവണ്ണം പിടിച്ചെടുത്ത് കണ്ണന്‍ ഓര്‍ത്തുപറഞ്ഞു. ടീച്ചര്‍ ഫ്ലാറ്റ്. അങ്ങനെ കഥകളെത്രയെത്ര. ബി.കോമിനു പഠിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്യൂമറേറ്ററായി ജോലി കിട്ടിയതുകൊണ്ട് ഒന്നും രണ്ടും വര്‍ഷാന്ത പരീക്ഷകളെഴുതാന്‍ കഴിഞ്ഞില്ല. അവസാന വര്‍ഷം 24 പരീക്ഷകളും ഒന്നിച്ചെഴുതി സര്‍വകലാശാലയില്‍ നിന്നുതന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുവാങ്ങി. 24 വിഷയങ്ങളും പഠിക്കാനെടുത്തത് കേവലം ഒന്നരമാസം മാത്രമായിരുന്നു എന്നതാണ് കഥയിലെ വിസ്മയകരമായ മറ്റൊന്ന്. ഗിന്നസ് കിട്ടിയശേഷം പയ്യന്നൂരില്‍ നടന്ന അനുമോദന യോഗത്തില്‍ പിണറായി വിജയന്‍ പ്രിജേഷിനെ ഓര്‍മശക്തിയുടെ കാര്യത്തില്‍ താരതമ്യപ്പെടുത്തിയത് ശങ്കരാചാര്യരോടാണ്. അദ്ദേഹം പറഞ്ഞു: ‘ഒരിക്കല്‍ ഒരു പണ്ഡിതന്‍ ശങ്കരാചാര്യര്‍ക്ക് താനെഴുതിയ  കാവ്യം മുഴുവന്‍ ചൊല്ലി കേള്‍പ്പിച്ചു കൊടുത്തു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് അതേ പണ്ഡിതന്‍ ഇതേ കാവ്യം മറന്നു പോയതായി ശങ്കരാചാര്യരെ അറിയിച്ചപ്പോള്‍ ഓര്‍മയില്‍നിന്ന് അതു മുഴുവന്‍ ശങ്കരാചാര്യര്‍ ചൊല്ലിക്കൊടുത്തു പോലും. പ്രിജേഷിനെ കാണുന്നതിനുമുമ്പ് ഞാനീക്കഥ വിശ്വസിച്ചിരുന്നില്ല.’

പ്രിജേഷ് കണ്ണൻ ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റുമായി
 


എങ്ങനെയാണ് പ്രിജേഷ് ഇത്രയും ഓര്‍ത്തുവെക്കുന്നത്? ചോദ്യം പോലെ ഉത്തരം അത്ര പവര്‍ഫുളല്ല. പ്രിജേഷിനോടാണ് ചോദ്യമെങ്കില്‍ ചിരിച്ചു കൊണ്ട് ഇങ്ങനെ പറയും, ‘40 ഭാഷകള്‍ പഠിക്കാനും ആറ് യൂനിവേഴ്സിറ്റിയില്‍നിന്ന് വെവ്വേറേ വിഷയങ്ങളില്‍ ബിരുദം സമ്പാദിക്കാനും ഒരു എന്‍സൈക്ലോപീഡിയ മുഴുവന്‍ മനഃപാഠമാക്കാനുമുള്ള കഴിവ് മനുഷ്യമസ്തിഷ്കത്തിനുണ്ട്. നമ്മുടെ ഓര്‍മയുടെ വളരെ ചെറിയൊരു അംശം മാത്രമേ നാം ഉപയോഗിക്കുന്നൂള്ളൂ. അമിത ഉറക്കവും അലസതയും ഉപേക്ഷിച്ച് ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ അസാധ്യമായി ഒന്നുമില്ല’.

പ്രിജേഷിന്‍െറ ഈ ഓര്‍മപ്പെരുക്കത്തിനു പിന്നില്‍ ദിവസം നാലു മണിക്കൂര്‍ മാത്രമുറങ്ങി നീണ്ട എട്ടു വര്‍ഷത്തെ പരിശ്രമം കൂടിയുണ്ടെന്നറിയുക. ദിനേനയുള്ള റെക്കോഡും യോഗയും ധ്യാനവും ഏകാഗ്രതയെ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ദിനാന്ത്യത്തില്‍ ആ ദിവസത്തെ സംഭവങ്ങള്‍ ക്രമമായി ഓര്‍ത്തെടുക്കുന്നു. ദിവസങ്ങള്‍ മാറി ആഴ്ചയിലെ സംഭവങ്ങള്‍ ഒന്നായി ഓര്‍ക്കാനും ആഴ്ചകള്‍ക്കു പകരം മാസങ്ങളിലെയും വര്‍ഷങ്ങളിലെയും സംഭവങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ മനസ്സില്‍ കാണാനും ശീലിക്കുന്നു. അച്ഛന്‍ എന്‍.ടി. കണ്ണനായിരുന്നു മുഖ്യ പരിശീലകന്‍. മകന്‍ ഗിന്നസ് നേടുക എന്നതായിരുന്നു ആ പിതാവിന്‍െറ സ്വപ്നം. അതിനുവേണ്ടി ഒരു ഗ്രാന്‍ഡ് മാസ്റ്ററെപ്പോലെ  അദ്ദേഹം വിദഗ്ധമായി കരുക്കള്‍ നീക്കി. മകനെ പ്രചോദിപ്പിച്ചു. ഒടുവില്‍ ഗിന്നസ് കിട്ടിയപ്പോള്‍ പ്രിജേഷിന് ഒരു ദുഃഖം മാത്രം അവശേഷിച്ചു, അതു കാണാന്‍ അച്ഛനില്ലാതെപോയല്ലോ എന്ന ദുഃഖം.

പ്രിജേഷ് കണ്ണന്‍ പിണറായി വിജയനില്‍ നിന്ന് ഉപഹാരം സ്വീകരിക്കുന്നു
 

തലച്ചോറിന്‍െറ ഓരോ അടരുകളിലേക്കും കാര്യങ്ങളെ അടുക്കിപ്പെറുക്കിവെക്കുന്നതിന് പ്രിജേഷ് ചില രീതികള്‍ സ്വീകരിക്കുന്നു. കോഡിങ് മെത്തേഡ്, ലിങ്കിങ് മെത്തേഡ്, ജേണി മെത്തേഡ്, ആപ് മെത്തേഡ്... ഗിന്നസ് റെക്കോഡിനായി വാക്കുകള്‍ ഓര്‍ത്തുപറയാന്‍ കോഡിങ് ശൈലിയാണ് സ്വീകരിച്ചത്.  വാക്കുകളെ വസ്തുക്കളായി ഭാവനയില്‍ കണ്ടുകൊണ്ട് ക്രമബദ്ധമാക്കുന്നു. അവയെ സചേതനമായ ജൈവപ്രകൃതിയുമായി ബന്ധിപ്പിച്ച് ഓര്‍ത്തുവെക്കുന്നു. ശരിയായ പരിശീലനമുണ്ടെങ്കില്‍ ഒരു വിദ്യാര്‍ഥിക്ക് 16 പേജുളള ഒരധ്യായം സംക്ഷിപ്ത രൂപത്തില്‍ പതിനഞ്ചു മിനിറ്റു കൊണ്ട് പഠിച്ചുവെക്കാന്‍ സാധിക്കും. 150 പേജുള്ള ഒരു പുസ്തകം പഠിക്കാനും 250 ചോദ്യോത്തരങ്ങള്‍ ഹൃദിസ്ഥമാക്കാനും പ്രിജേഷിന് ഒന്നര മണിക്കൂര്‍ മതി. 1200 വാക്കുകള്‍ വരെ ഒറ്റ കേള്‍വിയില്‍ ഓര്‍ത്തുപറഞ്ഞ് സ്വന്തം ഗിന്നസ് റെക്കോഡുതന്നെ തിരുത്താനുള്ള തയാറെടുപ്പിലാണ് പ്രിജേഷിപ്പോള്‍.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒറ്റക്കാര്യമാണ് പ്രിജേഷിനോടാവശ്യപ്പെട്ടത്. ‘കഴിവുകള്‍ രാഷ്ട്ര നന്മയ്ക്കായി വിനിയോഗിക്കുക.’ പ്രിജേഷ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു പരിശീലന കേന്ദ്രം -ആല്‍ഫാ സോഫ്റ്റ് സ്കില്‍ ട്രെയ്നിങ് അക്കാദമി- നടത്തുന്നുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക്  ഇവിടെ പരിശീലനം സൗജന്യമാണ്. എം.ബി.എ പഠനകാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ആഹാരം വിതരണംചെയ്താണ് പ്രിജേഷ് കണ്ണന്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അന്നവിചാരം മുന്നവിചാരമായിക്കണ്ട് ഇന്നും വിശേഷ ദിവസങ്ങളില്‍ തെരുവിന്‍െറ മക്കള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ സമയം കണ്ടെത്തുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം പ്രിജേഷ്
 


ഇതിനിടെ, അഭിനയരംഗത്തും ഒന്നു പയറ്റിനോക്കി. ‘ഹരിചന്ദനം’ സീരിയലിലും ‘ശ്രീകൃഷ്ണ’ സീരിയലിലും കഥാപാത്രമാകാന്‍ നാട്ടിലെ നാടക അരങ്ങുകളിലെ അഭിനയത്തഴക്കമാണ് പിന്‍ബലമായത്. നാലഞ്ചു വര്‍ഷം പയ്യന്നൂരിലെ നാരായണ ഗുരുക്കളുടെ കളരിയിലും പഠിച്ചു. ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. ഗിന്നസിനു പുറമെ ലിംക ബുക് ഓഫ് റെക്കോഡും ഏഷ്യന്‍ ബുക് ഓഫ് റെക്കോഡും യൂനിവേഴ്സല്‍ റെക്കോഡും പ്രിജേഷിന്‍െറ പേരിലാണ്. ‘ഈ റെക്കോഡുകള്‍ ഒരു നാള്‍ തകരുമെന്നറിയാം. അത് തകര്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും’ -ആത്മവിശ്വാസത്തോടെ പ്രിജേഷ് പറഞ്ഞവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prijesh KannanWorld Record Winner
News Summary - Prijesh Kannan, World Record Winner
Next Story