പുത്തന്‍ ഈണം
text_fieldsമലയാള ചലച്ചിത്ര ഗാനശാഖയില്‍ വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കി ശ്രദ്ധേയനാകുകയാണ് പൊന്നാനി കുറ്റിക്കാട് സ്വദേശി ഷമേജ് ശ്രീധര്‍. ഇതിനകം മൂന്ന് സിനിമകള്‍ക്കാണ് ഷമേജ് സംഗീതം പകര്‍ന്നത്. പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം കേരളം ഏറ്റുപാടിക്കഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ‘കിസ്മത്തിന്’ വേണ്ടി അന്‍വര്‍ അലി എഴുതി ഷമേജിന്‍െറ ഈണത്തില്‍ മധുശ്രീ നാരായണ്‍ പാടിയ ‘ചിലത് നാം കളകളായി പിഴുതെറിഞ്ഞാലും’ എന്ന് തുടങ്ങുന്ന ഗാനം സാമൂഹികമാധ്യമങ്ങളിലും മറ്റും സൂപ്പര്‍ ഹിറ്റാണിപ്പോള്‍.
ഈണത്തിലെ പുതുമയും ആലാപനത്തിലെ വൈവിധ്യവും വരികളുടെ മധുരവുമാണ് ഈ പാട്ടിനെ ശ്രദ്ധേയമാക്കുന്നത്. പൊന്നാനിയുടെ കഥപറയുന്ന സിനിമയാണ് കിസ്മത്ത്. പൂര്‍ണമായും പൊന്നാനിയില്‍ ചിത്രീകരിച്ച സിനിമ. പേരാറും അറബിക്കടലും ബിയ്യം കായലും പച്ചപ്പുനിറഞ്ഞ തീരങ്ങളും അതിലുപരി പൊന്നാനിക്കാരുടെ സൗഹാര്‍ദവും നിറഞ്ഞതാണ് കിസ്മത്തിന്‍െറ ഫ്രെയിമുകള്‍. പൊന്നാനിയുടെ ഹൃദയാങ്കണത്തില്‍ ജീവിക്കുന്ന ആളാണ് ഷമേജ്. അതുകൊണ്ടുതന്നെ പൊന്നാനിയുടെ ആത്മതാളത്തെ പാട്ടില്‍ ലയിപ്പിക്കാന്‍ ഷമേജിനായി.
2007ല്‍ വയലറ്റ് എന്ന സിനിമക്കുവേണ്ടിയാണ് ഷമേജ് ആദ്യമായി ഈണം പകര്‍ന്നത്. ജോഫി തരകന്‍േറതായിരുന്നു വരികള്‍. ചിത്ര, സുജാത, ശ്വേത, കെ.കെ (അദ്ദേഹത്തിന്‍െറ റെക്കോഡ് ചെയ്ത ആദ്യ മലയാളം ഗാനം), സീന തുടങ്ങിയവരായിരുന്നു ഗായകര്‍. എഴുതിരി വിളക്കിന്‍െറ മിഴിയിതളിനിയും (ചിത്ര), മാനം നീളെ മണിമേഘത്താരം (സുജാത), താരമിഴികളില്‍ കാവ്യതരളിത ഭാവമെഴുതിയതാരോ (കെ.കെ, ശ്വേത), ഇറ്റുവീഴുന്നു മഴത്തുള്ളികള്‍ (സീന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം) തുടങ്ങിയ വയലറ്റിലെ പാട്ടുകള്‍ ശ്രദ്ധേയമായിരുന്നു.
കൊട്ടാരത്തില്‍ കുട്ടിഭൂതമായിരുന്നു രണ്ടാമത്തെ സിനിമ. രാജീവ് ആലുങ്കലിന്‍െറ വരികള്‍. എം.ജി. ശ്രീകുമാര്‍ (കുട്ടിഭൂതം കടുകട്ടി ഭൂതം), വിധുപ്രതാപ്, അഫ്സല്‍ (ആകാശമേട) എന്നിവരായിരുന്നു ഗായകര്‍. ഇതിലെ പാട്ടുകളും ശ്രദ്ധേയമായിരുന്നു. 100ഓളം ഹ്രസ്വ സിനിമകള്‍ക്ക് ഷമേജ് ഇതിനകം സംഗീതം പകര്‍ന്നിട്ടുണ്ട്. കിസ്മത്ത് എന്ന സിനിമയുടെ സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടിയുടെ ആദ്യകാല ഹ്രസ്വ സിനിമകള്‍ക്കെല്ലാം സംഗീതം പകര്‍ന്നത് ഷമേജായിരുന്നു. എഴാം തരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഷമേജ് ഈണമൊരുക്കാന്‍ തുടങ്ങിയിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് ഷമേജ് ഈണം പകര്‍ന്ന ഓണപ്പാട്ട് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്തത്. താനൂരിലെ വനിതാവേദിയിലെ കലാകാരികളാണ് ഇത് അവതരിപ്പിച്ചത്. ലളിതഗാനം, ദേശഭക്തി ഗാനം, മാപ്പിളപ്പാട്ട് എന്നിവക്കും നിരവധി ഈണങ്ങള്‍ ഷമേജ് ഒരുക്കിയിട്ടുണ്ട്. ഷമേജിന്‍െറ സംഗീതത്തില്‍ നിരവധി വിഡിയോ ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പൊന്നാനിയുടെ വഴിത്താരകളെല്ലാം സംഗീതമയമാണ്. ഗസലും ഖവാലിയും ദ്രുപതും ഖയാലും ഇശലും പൊന്നാനിയെ രാഗമാലികയാക്കുന്നു.
അറബിക്കടലും പേരാറും സന്ധിക്കുന്ന അഴിമുഖംതന്നെ താളലയമാണ്. അതുകൊണ്ട് ആ വഴികളിലൂടെ നടക്കുന്ന തന്‍െറ മനസ്സില്‍ സ്നേഹം പുത്തന്‍ ഈണങ്ങള്‍ കോര്‍ക്കുന്നതായി ഷമേജ് പറയുന്നു. അമ്മ ഭാര്‍ഗവിയും ഭാര്യ ശ്രീവിദ്യയും മക്കളായ വിഷ്ണുവും ഹിമയും ഷമേജിന് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.