സ്റ്റാമ്പില്‍ വിരിയും പ്രപഞ്ചം
text_fieldsപ്രപഞ്ചം എന്നും നമുക്കൊരു വിസ്മയമാണ്. പ്രപഞ്ചോല്‍പത്തിയും ഭൂമിയും ആകാശവും സൗരയൂഥവും ഗ്രഹങ്ങളും അവയിലൊളിപ്പിച്ചുവെച്ച കോടിക്കണക്കിന് കൗതുകങ്ങളും അവയുടെ പിന്നിലെ നിഗൂഢരഹസ്യങ്ങളും തേടിയുള്ള മനുഷ്യന്‍െറ യാത്ര ഒരിക്കലും അവസാനിക്കാതെ നീളുകയാണ്. പ്രപഞ്ചത്തിന്‍െറ ചരിത്രവും വിസ്മയാവഹമായ വസ്തുതകളും തേടി വ്യത്യസ്തമായ ഒരു യാത്രയിലാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി സാജിദ് അഹമ്മദ്. പോസ്റ്റല്‍ സ്റ്റാമ്പുകളിലൂടെ പ്രപഞ്ചരഹസ്യങ്ങള്‍ തേടി ഒരു യാത്ര, സാജിദിന്‍െറ ജീവിതത്തെ അങ്ങനെ വിശേഷിപ്പിക്കാം. ഇദ്ദേഹം ‘ജേര്‍ണി ഫ്രം ദ ഒറിജിന്‍ ഓഫ് യൂനിവേഴ്സ് ഡിസ്ക്രൈബിങ് ത്രൂ പോസ്റ്റേജ് സ്റ്റാമ്പ്സ്’ എന്ന പേരിലൊരുക്കിയ സ്റ്റാമ്പ് ശേഖരമാണ് പ്രപഞ്ചചരിത്രത്തെ സമഗ്രമായി അടയാളപ്പെടുത്തുന്നത്.
പ്രപഞ്ചത്തിന്‍െറ പിറവിയെയും വളര്‍ച്ചയെയും കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളും അവ അവതരിപ്പിച്ച ശാസ്ത്രജ്ഞന്മാരുമെല്ലാം സാജിദിന്‍െറ സ്റ്റാമ്പില്‍ കാണാം. വികസിക്കുന്ന പ്രപഞ്ചത്തിന്‍െറ ആദ്യത്തെ നിരീക്ഷണചരിത്രവും മഹാവിസ്ഫോടന സിദ്ധാന്തത്തിന്‍െറ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നതുമായ ഹബിള്‍ നിയമമാണ് ഇതില്‍ സവിശേഷം. പ്രപഞ്ചത്തിന്‍െറ ഉല്‍പത്തിയെ വിശദീകരിക്കാനായി ലോകത്തെ മിക്ക ശാസ്ത്രജ്ഞരും അംഗീകരിച്ച മഹാവിസ്ഫോടന സിദ്ധാന്തവും (ബിഗ്ബാങ് തിയറി) സ്്റ്റാമ്പിന്‍െറ രൂപത്തിലുണ്ട്. ഈ സിദ്ധാന്തത്തിന്‍െറ അനുബന്ധ സിദ്ധാന്തങ്ങളായ ക്വാണ്ടം തിയറി, സാമാന്യ ആപേക്ഷികതാ സിദ്ധാന്തം, ഹോക്കിന്‍സിന്‍െറ ടൈം ട്രാവല്‍ തിയറി, ഹിഗ്സ് ബോസോണ്‍ കണം, ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍, സബ് ആറ്റോമിക് പാര്‍ട്ടിക്ക്ള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ഈ സ്റ്റാമ്പിലൂടെ അടുത്തറിയാം. സൗരയൂഥത്തിലെ മറ്റു ഘടകങ്ങളെയും സ്്റ്റാമ്പുകള്‍ പരിചയപ്പെടുത്തുന്നു.
ഭൂമിയുടെ ഉല്‍പത്തി കാലഘട്ടം മുതല്‍ വിവിധ പ്രക്രിയകളിലൂടെ സമുദ്രവും കരയും രൂപപ്പെട്ട് ഭൂമി വാസയോഗ്യമാവുന്നതും മനുഷ്യന്‍ വരെയുള്ള ജീവിവര്‍ഗത്തിന്‍െറ പരിണാമത്തെയും പടിപടിയായി വിവരിക്കുന്നുണ്ടിവ. സ്റ്റാമ്പിനൊപ്പം ലഘുചരിത്ര വിവരണവും ചിത്രീകരണവുമുണ്ട്. ഒപ്പം നരവംശശാസ്ത്രം, ശിലായുഗം, വെങ്കലയുഗം എന്നിവയും സ്റ്റാമ്പിലൂടെ മുന്നില്‍ തെളിയും. മാനവസംസ്കാരത്തിന് തുടക്കം കുറിച്ച നദീതട സംസ്കാരങ്ങളെയും ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളെയും തേടി ഈ സ്റ്റാമ്പുകള്‍ സഞ്ചരിക്കുന്നുണ്ട്.
17ാം വയസ്സില്‍ സുഹൃത്തുക്കളോടൊപ്പം ഇന്ത്യന്‍ ചരിത്രവും ഇന്ത്യയിലെ മഹാന്മാരുടെ ചിത്രങ്ങളും ചിത്രീകരിക്കുന്ന സ്റ്റാമ്പുകള്‍ ശേഖരിച്ചായിരുന്നു ഇദ്ദേഹത്തിന്‍െറ തുടക്കം. ഭാരതീയ ഐതിഹ്യങ്ങളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വിശേഷപ്പെട്ട മുഹൂര്‍ത്തങ്ങളും സ്റ്റാമ്പുകളായി സാജിദിന്‍െറ കൈകളിലത്തെി. അവിടെനിന്നാണ് ലോകചരിത്രത്തിലേക്ക് ഈ സ്റ്റാമ്പ് പ്രേമിയുടെ പ്രയാണം തുടങ്ങിയത്. ചിരപുരാതനമായ ഈജിപ്ഷ്യന്‍ സംസ്കാരത്തെ സ്റ്റാമ്പുകളില്‍ ചിത്രീകരിച്ചതാണ് ആദ്യം ശേഖരിച്ചത്. ശാസ്ത്രവും പ്രപഞ്ചചരിത്രവുമുള്‍പ്പെടെ വിവിധ വിഷയങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന പതിനായിരത്തിലേറെ സ്റ്റാമ്പുകളാണ് പല രാജ്യങ്ങളില്‍നിന്നായി ശേഖരിച്ചത്. ഇതിനായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ആഗോളതലത്തില്‍ ഒരുപാട് സമാനതല്‍പരരായ സൗഹൃദങ്ങള്‍ നേടിയെടുക്കുകയും ചെയ്തു.
ദുബൈയിലെ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ 2015 ഒക്ടോബറില്‍ യുനെസ്കോ, ദുബൈ സര്‍ക്കാര്‍, ഇന്‍റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍, സൈഫെസ്റ്റ് ദുബൈ എന്നിവ ചേര്‍ന്ന് ദുബൈയിലെ ചില്‍ഡ്രന്‍സ് സിറ്റിയില്‍ നടത്തിയ സൈഫെസ്റ്റ് എക്സിബിഷനില്‍ ഇദ്ദേഹത്തിന്‍െറ സ്്റ്റാമ്പ് പ്രദര്‍ശനം കാണാനത്തെിയത് ആയിരക്കണക്കിനാളുകളാണ്. കുറ്റിച്ചിറയിലെ കുഞ്ഞിരിമ്പലത്ത് പരേതനായ പി.എ. ഹംസക്കോയയുടെയും ഉമ്മയ്യബിയുടെയും മകനായ ഇദ്ദേഹം ഇപ്പോള്‍ നാട്ടില്‍ ബിസിനസ് നടത്തുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി തന്‍െറ സ്റ്റാമ്പ് പ്രദര്‍ശിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം. വാട്സ്ആപ്പിന്‍െറയും ഫേസ്ബുക്കിന്‍െറയും ലോകത്ത് മണിക്കൂറുകള്‍ ചെലവഴിക്കുന്ന പുതുതലമുറയിലെ വിദ്യാര്‍ഥികളിലേക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പ്രദാനം ചെയ്യുന്ന ഈ ഹോബിയെ പരിചയപ്പെടുത്താനാണ് തന്‍െറ ആഗ്രഹമെന്ന് സാജിദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.