Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അണിയറയിലെ നാടകക്കാലം
cancel
camera_alt??.????. ????????

മലയാള നാടകവേദിക്ക് വിസ്മരിക്കാനാവാത്ത ഒരു ഭൂതകാലമുണ്ട്. സാമൂഹിക മുന്നേറ്റങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ഒരു കാലത്ത് വലിയ സംഭാവനകള്‍ നല്‍കിയത് നാടകങ്ങളായിരുന്നു. സാമൂഹിക വ്യവസ്ഥിതികളിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായുള്ള പോരാട്ടത്തിന് മലയാളിയെ പ്രാപ്തനാക്കിയ വഴിവിളക്ക്. കേരളീയജനത രാഷ്ട്രീയമായും സാമൂഹികമായും ഒരു പുതിയ ഭാവുകത്വ പരിണാമ ദിശയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്ത് മലബാറിലെ നാടകരംഗത്ത് നിറസാന്നിധ്യമായിരുന്നു ചെറുവാട്ട് ഗോപാലന്‍ നായര്‍ എന്ന ജി.എന്‍. ചെറുവാട്. നാടകകൃത്ത്, സംവിധായകന്‍, നടന്‍, ഗാനരചയിതാവ്, കവി, ചിത്രകാരന്‍ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം കഴിവു തെളിയിച്ച പ്രതിഭ. ഏറെയൊന്നും കലാപാരമ്പര്യം അവകാശപ്പെടാനില്ലാത്ത കുടുംബ പശ്ചാത്തലത്തില്‍നിന്നാണ്  ചെറുവാട് എഴുത്തു വഴിയിലേക്ക് കടന്നുവരുന്നത്.  കൗമാരകാലത്തുതന്നെ പ്രതിഭാസ്പര്‍ശം നിറഞ്ഞ ആവിഷ്കാര ശൈലിയിലൂടെ നാടകരംഗത്ത് സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമ്പതാണ്ടോളം നീണ്ട നാടകപ്രവര്‍ത്തനം ചെറുതും വലുതുമായ ഒട്ടനവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. പ്രാദേശിക പുരസ്കാരങ്ങള്‍ മുതല്‍ സംഗീതനാടക അക്കാദമി അവാര്‍ഡ് വരെ ചെറുവാടിന്‍റെ നാടകങ്ങളെ തേടിയെത്തി. നാഷനല്‍ ബുക് ട്രസ്റ്റ് അടക്കമുള്ള വന്‍കിട പ്രസാധകര്‍ പ്രസിദ്ധീകരിച്ച നാടകങ്ങള്‍ ആകാശവാണിയിലൂടെ ജനഹൃദയങ്ങളേറ്റുവാങ്ങി.

കലാജീവിതം

ദേശമിത്രം, കേരളപത്രിക തുടങ്ങിയ ആദ്യകാല പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതിക്കൊണ്ടാണ് ചെറുവാട് കലാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പതിനാലാം വയസിലാണ് ആദ്യനാടകം എഴുതി സംവിധാനം ചെയ്യുന്നത്. അന്ന് കൊയിലാണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫോര്‍ത്ത് ഫോമില്‍ (ഇന്നത്തെ ഒമ്പതാം ക്ലാസ്) പഠിക്കുകയാണ്. നാടകം അരങ്ങിലെത്തിക്കാന്‍ പ്രചോദനമായത് ശങ്കരന്‍ മാസ്റ്റര്‍ എന്ന അധ്യാപകന്‍റെ വാക്കുകള്‍ നല്‍കിയ ആത്മവിശ്വാസമാണ്. ‘സുഹൃത്ത്’ എന്ന് പേരിട്ട ആദ്യ നാടകത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തതും രചയിതാവ് തന്നെ. പിറ്റേദിവസം നാട്ടിന്‍പുറത്തെ ചായക്കടയില്‍ ‘സുഹൃത്തി’നെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ ചെറുവാടിലെ ബഹുമുഖ പ്രതിഭയെ നാടകരംഗത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ നിമിത്തമായിത്തീര്‍ന്നു.

1956ലാണ് കൊയിലാണ്ടിക്കടുത്തുള്ള മരുതൂര്‍ ഏകധ്യാപക വിദ്യാലയത്തില്‍ നിയമിതനാവുന്നത്. പാഠഭാഗങ്ങളെ കഥാ രൂപത്തിലാക്കുകയും അഭിനയരൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് ചെറുവാടിന്‍റെ അധ്യാപന രീതിയായിരുന്നു.  ഇക്കാലത്ത് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നാടകപ്രവര്‍ത്തനം തുടര്‍ന്നുപോന്നു. ചെങ്ങോട്ടുകാവ് ഗ്രാമത്തില്‍ ചെറുവാടിന്‍റെ നേതൃത്വത്തില്‍ ഭാസ കലാകേന്ദ്രം ആരംഭിക്കുകയും അംബ, ദുഃഖത്തിന്‍െറ മുഖങ്ങള്‍, ചുഴി തുടങ്ങിയ നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയും ചെയ്തു. അറുപതുകളുടെ അന്ത്യത്തില്‍ സഹപ്രവര്‍ത്തകരായ എം. നാരായണന്‍ മാസ്റ്റര്‍, ഇ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരോടൊപ്പം സൈമ (ചെങ്ങോട്ടുകാവ് യങ്മെന്‍സ് അസോസിയേഷന്‍) എന്ന പേരില്‍ സാംസ്കാരിക കൂട്ടായ്മയും രൂപവത്കരിച്ചു.

എഴുപതുകളില്‍ കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നാടകാവതരണങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് സൈമ നിരവധി നാടകങ്ങള്‍ക്ക് ആദ്യവേദിയായി, അശ്വത്ഥാമാവ്, ദിവ്യദുഃഖം, അന്ത്യോപചാരം, സൈരന്ധ്രി അങ്ങനെ നീളുന്നു പട്ടിക. തിരുവാതിര നാളുകളില്‍ പുലരുവോളം നീളുന്ന നാടകനിശകള്‍ അക്കാലത്ത് പതിവായിരുന്നു. ഇതേ കാലയളവില്‍ കോഴിക്കോട് ആകാശവാണിയിലൂടെ ചെറുവാടിന്‍റെ റേഡിയോ നാടകങ്ങള്‍ ആസ്വാദക ശ്രദ്ധനേടി. ചെറുവാടിന്‍റെ റേഡിയോ നാടകങ്ങള്‍ മിക്കതും സംവിധാനം ചെയ്തതും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതും സതീര്‍ഥ്യനായ തിക്കോടിയനായിരുന്നു.
തൃക്കോട്ടൂരിന്‍റെ കഥാകാരന്‍ യു.എ. ഖാദറിന്‍റെ നിര്‍ദേശ പ്രകാരം രചിച്ച നാടകമായിരുന്നു ‘സ്വര്‍ഗവും ഭൂമിയും’. 1976ല്‍ കോഴിക്കോട് കേന്ദ്ര കലാസമിതി നടത്തിയ നാടക മത്സരത്തില്‍ രചന, അവതരണം, മികച്ച നടന്‍, നടി തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയത് ഈ നാടകമായിരുന്നു. അസ്ത്ര, ആത്മാവിന് അയിത്തം, അവര്‍ ഉണരുന്നു തുടങ്ങിയവ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ച ചെറുവാടിന്‍റെ നാടകങ്ങളാണ്.

പുരാണേതിഹാസങ്ങളിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കണ്ടെടുത്ത് വര്‍ത്തമാനകാല സാമൂഹിക സമസ്യകളുമായി കൂട്ടിയിണക്കി പുതിയ മാനം തേടുക എന്നത് അദ്ദേഹത്തിന്‍റ രചനാ ശൈലിയായിരുന്നു. അശ്വത്ഥാമാവ്, അംബ, ഇതിഹാസം, രാജ്യസ്നേഹികള്‍, പ്രാണഭീതി, ക്ഷേത്രം തുടങ്ങിയ നാടകങ്ങള്‍ ഇത്തരത്തില്‍ പിറവിയെടുത്തവയാണ്.  
ഇതില്‍ ‘ഇതിഹാസ’ത്തിന്‍റെ രചനാവഴിയില്‍ പ്രശസ്ത എഴുത്തുകാരന്‍ തായാട്ട് ശങ്കരന്‍റെ ഉപദേശ നിര്‍ദേശങ്ങള്‍ മുതല്‍ക്കൂട്ടാവുകയുണ്ടായി. സ്ത്രീസ്വത്വത്തിന്‍റെ ശക്തി സൗന്ദര്യങ്ങള്‍ ഇതിവൃത്തമാക്കിയ നാടകമായ ‘അംബ’യിലൂടെയാണ് പ്രശസ്ത നടി കുട്ട്യേടത്തി വിലാസിനിക്ക് മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് ആദ്യമായി ലഭിക്കുന്നത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചെറുവാടിന്‍റെ നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്.  

അറിയപ്പെടുന്ന നടന്മാരായ കായലാട്ട് രവീന്ദ്രന്‍, കെ.പി.എസ്. ചേമഞ്ചേരി നാരായണന്‍ നായര്‍, പുതുപ്പാടി ശാന്ത, കോഴിക്കോട് ശാന്താദേവി എന്നിവരെല്ലാം ആദ്യകാലത്ത് ചെറുവാടിന്‍റെ നാടകങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. ‘നാടകത്തെ അതിന്‍റെ യാഥാസ്ഥിതിക ഭാവങ്ങളില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടുറപ്പുള്ള കഥകള്‍ ഏകാഗ്രവും വികാരനിര്‍ഭരവുമായി അവതരിപ്പിക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് ചെറുവാട് ഓര്‍ക്കുന്നു. പുലരുവോളം എഴുതിത്തീര്‍ക്കുന്ന നാടകങ്ങള്‍ പാനീസുവിളക്കിന്‍റെ വെളിച്ചത്തില്‍ പകര്‍ന്നാടുന്ന റിഹേഴ്സല്‍ ക്യാമ്പുകള്‍, അതുകഴിഞ്ഞ് സന്തത സഹചാരിയായ സൈക്കിളിലുള്ള മടക്കം, ആ നാടകക്കാലം ഓര്‍മകളുടെ അണിയറയിലേക്ക് പിന്‍വാങ്ങിയിരിക്കുന്നു. 31ാം വയസില്‍ സഹധര്‍മിണിയായെത്തി കുടുംബ ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന് സര്‍ഗാത്മക ജീവിതത്തെ പുഷ്കലമാക്കിയ ഭാര്യ ശാന്തയും നേരത്തേതന്നെ ജീവിതത്തിന്‍റെ അരങ്ങൊഴിഞ്ഞു. ഇപ്പോള്‍ കുറുവങ്ങാട് ‘രാമപദം’ വീട്ടില്‍ മക്കളോടും പേരക്കുട്ടികളോടുമൊപ്പം വിശ്രമ ജീവിതത്തിലാണ് ഋഷിതുല്യനായ കലാകാരന്‍. 86ാം വയസിന്‍റെ നിറവില്‍ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള ശിവരാമന്‍ അവാര്‍ഡ് അടുത്ത നാളുകളില്‍ അദ്ദേഹത്തെ തേടിയെത്തി.          

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G.N CheruvadTheature Artistmalayalam drama
News Summary - Theature Artist G.N Cheruvad
Next Story