Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമുറിപ്പാടുണ്ട്,...

മുറിപ്പാടുണ്ട്, മണ്ണിലും മനസ്സിലും

text_fields
bookmark_border
മുറിപ്പാടുണ്ട്, മണ്ണിലും മനസ്സിലും
cancel
camera_alt?????????? ???????? ???????

വെടിയൊച്ച മുഴങ്ങി. പാറവെടിയാണെന്നാണ് ആദ്യം കരുതിയത്. ഇതുപക്ഷേ, തുടരത്തുടരെ... ഒന്നും മനസ്സിലാകുന്നില്ല. പുതുക്കട ചന്തയില്‍ മീന്‍ വില്‍ക്കാന്‍ പോയ മീന്‍കാരികള്‍ കരഞ്ഞു നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടപ്പോഴാണ് ഭീകരത വ്യക്തമായത്- ‘ഒരുപാടു പേരെ ചുട്ടു (വെടിവെച്ച്) കൊന്നു. വാന്‍ നിറയെ ശവങ്ങളാണ് കയറ്റിക്കൊണ്ടു പോകുന്നത്’ -അവര്‍ വിളിച്ചുപറഞ്ഞു. ഒരു നാടാകെ വിറങ്ങലിക്കാന്‍ അത് ധാരാളമായിരുന്നു.
തേങ്ങാപ്പട്ടണത്ത് മലയാളകവി അംശി നാരായണപിള്ള നടത്തിയിരുന്ന സ്കൂളിലെ സെക്കന്‍ഡ് ഫോറം ക്ളാസ്മുറിയില്‍ അന്ന് വിറങ്ങലിച്ചിരുന്ന 11കാരന്‍െറ ഭീതി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മുഹമ്മദ് മീരാന്‍െറയുള്ളില്‍ അതുപോലെയുണ്ട്. ‘‘1954 ആഗസ്റ്റ് 11നായിരുന്നു അത്. പുതുക്കട വെടിവെപ്പില്‍ ആറുപേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. മരണസംഖ്യ അതിലുമെത്രയോ അധികമെന്നതാണ് യാഥാര്‍ഥ്യം. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞാണ് കേരളം പിറവിയെടുത്തത്. അന്നുവരെ മലയാളികളായിരുന്ന ഞങ്ങളെ ‘അന്യദേശക്കാരാക്കിയ’ വിഭജനം, നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കിയ വിഭജനം’’ -കേരളപ്പിറവിയോടെ മലയാളത്തിന് ‘നഷ്ടമായ’ സാഹിത്യകാരന് പറയാനേറെയുണ്ട്.

തെക്കന്‍ തിരുവിതാംകൂറിലെ തമിഴ്പ്രദേശങ്ങളുള്‍പ്പെട്ട നാല് താലൂക്കുകളെ (നാലര താലൂക്കുകള്‍) കൂട്ടിച്ചേര്‍ത്താണ് 1956 നവംബര്‍ ഒന്നിന് തമിഴ്നാടിനോട് ചേര്‍ത്ത് കന്യാകുമാരി ജില്ല രൂപവത്കരിച്ചത്. വിളവങ്കോട്, കല്‍ക്കുളം, അഗസ്തീശ്വരം, തോവാള എന്നീ താലൂക്കുകള്‍. തിരുവിതാംകൂറിന്‍െറ അതിര്‍ത്തി താലൂക്കായ വിളവങ്കോടില്‍ ഉള്‍പ്പെട്ട തേങ്ങാപ്പട്ടണത്തായിരുന്നു മീരാന്‍െറ ജനനം. മലയാളികള്‍ കൂടുതലുണ്ടായിരുന്ന താലൂക്കുകളിലൊന്ന്. തിരുവനന്തപുരത്തിന്‍െറ ഉപജില്ലയായിരുന്നു അന്ന് കന്യാകുമാരി. ഭരണഭാഷ മലയാളം. ജന്മനാ തമിഴനായ മീരാനും പഠിച്ചത് മലയാളം സ്കൂളില്‍. അവിടൊന്നും അന്ന് തമിഴ് സ്കൂളുകളില്ല. ഈ താലൂക്കുകളില്‍ ഭൂരിപക്ഷവും പിന്നാക്ക സമുദായക്കാരായ നാടാന്മാരായിരുന്നെങ്കിലും ആധിപത്യം ന്യൂനപക്ഷമായ മലയാളികള്‍ക്കായിരുന്നു, അതും നായന്മാര്‍ക്ക്. തേങ്ങാപ്പട്ടണത്തിന്‍െറ ചുറ്റുപ്രദേശങ്ങളില്‍ നാലോ അഞ്ചോ നായര്‍ തറവാടുകള്‍മാത്രമാണ് ഉണ്ടായിരുന്നത്. ബഹുഭൂരിപക്ഷം വരുന്ന നാടാന്മാരെ അവര്‍ അടക്കി ഭരിച്ചിരുന്നു. ഭൂസ്വത്തുള്ള ‘യേമാന്മാരുടെ’ കീഴില്‍ പണിയെടുത്തിരുന്ന നാടാന്മാര്‍ക്കും മറ്റ് പിന്നാക്ക സമുദായക്കാര്‍ക്കും എതിരു പറയാനുള്ള അവകാശമോ ശക്തിയോ ഇല്ലാതിരുന്ന കാലം.

വിദ്യാഭ്യാസം, സാമ്പത്തികം, സാംസ്കാരികം തുടങ്ങി സമസ്ത മേഖലകളിലുമുള്ള ഈ അടിച്ചമര്‍ത്തലിനും അവഗണനക്കുമെതിരെ ഒരു പുതുതലമുറ ഉണര്‍ന്നതാണ് തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസിന്‍െറ (ടി.ടി.എന്‍.സി) പിറവിയിലേക്ക് നയിച്ചത്. നേശമണി നാടാര്‍, പൊന്നപ്പന്‍ നാടാര്‍, ടി.ടി. ഡാനിയേല്‍, ഡോ. എന്‍.എ. നൂര്‍ മുഹമ്മദ് (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി), എ.എ. റസാഖ് (മുന്‍ എം.പി), ചിദംബര നാടാര്‍ (മുന്‍ മന്ത്രി) തുടങ്ങിയവര്‍ തമിഴരെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെക്കുറിച്ചും മലയാളികളുടെ ആധിപത്യത്തെക്കുറിച്ചുമൊക്കെ തമിഴരെ ബോധവത്കരിക്കാന്‍ മുന്നിട്ടിറങ്ങി. തമിഴ് ഭൂരിപക്ഷപ്രദേശങ്ങളില്‍ തമിഴ് സ്കൂളുകളില്ലാത്തതും പിന്നാക്ക സമുദായക്കാരെ ഉദ്യോഗങ്ങളില്‍ അവഗണിക്കുന്നതുമൊക്കെ ഇവര്‍ ഉയര്‍ത്തിക്കാട്ടി. പല വിഷയങ്ങളിലുമുള്ള സര്‍ക്കാറിന്‍െറ മൗനമാണ് പ്രക്ഷോഭത്തിലേക്ക് കൊണ്ടെത്തിച്ചത്. ഭാഷയെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭമായതു കൊണ്ട് അണ്ണാദുരൈ, മാ.പോ.ചീ, പി. ജീവാനന്ദം തുടങ്ങിയ തമിഴ്നാട്ടിലെ നേതാക്കളും പിന്തുണയുമായെത്തി. മുസ്ലിംകള്‍ ചെറുകച്ചവടക്കാരും കടല്‍തൊഴിലാളികളുമൊക്കെ ആയിരുന്നതുകൊണ്ട് നായന്മാര്‍ അവരുടെമേല്‍ അത്ര അധികാരം ചെലുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ നാടാന്മാര്‍ക്ക് മുസ്ലിംകളോട് നേരിയ നീരസം സ്വാഭാവികം. തങ്ങള്‍ക്കുവേണ്ടി സമരംചെയ്യാന്‍ വന്ന മുസ്ലിംകള്‍ ആരെന്നുപോലും അവര്‍ക്കറിയില്ലെന്നതായിരുന്നു രസകരം. പ്രകടനങ്ങളിലൊക്കെ മുദ്രാവാക്യം ‘നേശമണി നാടാര്‍ക്കും കൂടെ വന്ന മത്തേനും (മുസ്ലിം) ജയ്’ എന്നായിരുന്നു.

തങ്ങളുടെ അവകാശങ്ങള്‍ നിരന്തരം നിരാകരിക്കപ്പെടുന്നതില്‍ ക്ഷുഭിതരായാണ് 1954 ആഗസ്റ്റ് 11ന് അവകാശദിനം ആചരിക്കാന്‍ ടി.ടി.എന്‍.സി ആഹ്വാനം ചെയ്തത്. മലയാളികളാകട്ടെ, ഈ യോഗങ്ങള്‍ ഏതുവിധവും പരാജയപ്പെടുത്തണമെന്ന നിലപാടുമെടുത്തു. അവകാശദിനം പൊളിക്കാന്‍ തിരുവിതാംകൂര്‍ പൊലീസും മലയാളികളും സംഘടിതരായി. നാഗര്‍കോവിലിലെ ആദ്യയോഗം വളരെ സമാധാനപൂര്‍വമാണ് സമാപിച്ചത്. മാര്‍ത്താണ്ഡത്തെ രണ്ടാം യോഗവേദിയിലേക്ക് നേതാക്കന്മാര്‍ എത്താതിരിക്കാന്‍ റോഡില്‍ മരങ്ങള്‍ മുറിച്ചിട്ട് ചിലര്‍ തടസ്സം ഉണ്ടാക്കിയിരുന്നു. യോഗം തുടങ്ങാന്‍ വൈകുന്നതിന്‍െറ കാരണം സമരക്കാര്‍ക്ക് ആദ്യം മനസ്സിലായില്ല. റോഡ് തടഞ്ഞെന്ന ചതിപ്രയോഗം തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ കുഴിത്തുറയിലേക്ക് ജാഥ നടത്തി. തുടക്കത്തില്‍ കുറച്ചാളുകള്‍ മാത്രമുണ്ടായിരുന്ന ജാഥ കുഴിത്തുറ എത്തിയപ്പോഴേക്കും വലുതായി. ജാഥ പൊളിക്കാന്‍ ചിലര്‍ നുഴഞ്ഞു കയറിയതു കൊണ്ടായിരുന്നു ഇത്. കോടതി വളപ്പില്‍ എത്തിയപ്പോള്‍ നുഴഞ്ഞുകയറ്റക്കാര്‍ പ്രശ്നങ്ങളുണ്ടാക്കി സമരക്കാരെ കടന്നാക്രമിച്ചു. ചിതറിയോടിയ സമരക്കാരെ മാര്‍ത്താണ്ഡം കാളച്ചന്തയില്‍വെച്ച് നാഗര്‍കോവിലില്‍നിന്നെത്തിയ ആയുധധാരികളായ പൊലീസുകാര്‍ എതിരിട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് മാരക പരിക്കേറ്റു. അവിടെ മരിച്ചുവീണവര്‍ എത്രയെന്നു പോലും അറിയില്ല.

പുതുക്കട ചന്തമൈതാനിയിലായിരുന്നു മൂന്നാമത്തെ യോഗം. മാര്‍ത്താണ്ഡത്തെ കലാപത്തിന്‍െറ വാര്‍ത്ത പരന്നതോടെ പുതുക്കടയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. കടകമ്പോളങ്ങളും സ്കൂളുമൊക്കെ അടക്കണമെന്നായി സമരക്കാര്‍. മീരാന്‍ പഠിച്ചിരുന്ന അംശി സ്കൂള്‍ റോഡരികിലായിരുന്നു. സ്കൂള്‍ തുറന്നാല്‍ തകര്‍ക്കുമെന്ന നിലപാടിലായിരുന്നു സമരക്കാര്‍. മാനേജര്‍ അംശി നാരായണപിള്ള സാര്‍ കുലുങ്ങിയില്ല. ഒരുവലിയ വടിയുമായി അദ്ദേഹം ഗേറ്റിന് വെളിയില്‍ നിലകൊണ്ടു. ‘എന്‍െറ സ്കൂള്‍ പൂട്ടിക്കാന്‍ ചുണയുള്ളവന്‍ വരട്ടെ‘ എന്ന വെല്ലുവിളിയുമായി. മീരാനടക്കമുള്ള വിദ്യാര്‍ഥികള്‍ ക്ളാസിലും.  

വഴിയില്‍ മാര്‍ഗതടസ്സങ്ങളായിരുന്നതിനാല്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന കുഞ്ഞന്‍ നാടാര്‍ക്ക് വരാന്‍ സാധിച്ചില്ല. ഗോപാലകൃഷ്ണന്‍ എന്നൊരാളിന്‍െറ അധ്യക്ഷതയിലാണ് യോഗം തുടങ്ങിയത്. യോഗം പുരോഗമിക്കുമ്പോള്‍ ഒരു വാന്‍ നിറയെ പൊലീസത്തെി. തോക്കുചൂണ്ടി വേദിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. സമരക്കാര്‍ പ്രതിഷേധിച്ചിളകി. അക്രമാസക്തരായവര്‍ പുതുക്കട പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസിനും നേരെ കല്ലെറിഞ്ഞതോടെ  പൊലീസ് നിറയൊഴിച്ചു. ചന്തക്കുള്ളില്‍ പോകാനും തിരിച്ചുവരാനും ഒരു ഇടുങ്ങിയ വഴിയാണുണ്ടായിരുന്നത്. ആ വഴി തടഞ്ഞായിരുന്നു പൊലീസിന്‍െറ വെടിവെപ്പ്. ഉള്ളില്‍ കുടുങ്ങിയ 22 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ഒൗദ്യോഗികമായി സ്ഥിരീകരിച്ച ആറുപേരുടെ പേരുകള്‍ പുതുക്കട ചന്തക്ക് മുന്‍വശത്തെ സ്തൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാള്‍ സമരത്തിലൊന്നും പങ്കെടുക്കാത്ത ഹോട്ടല്‍ തൊഴിലാളിയായ പീരുമുഹമ്മദ് ആയിരുന്നു. അദ്ദേഹത്തിന്‍െറ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ക്ക് തിരികെ നല്‍കിയത്. മറ്റ് മൃതദേഹങ്ങളും പരിക്കേറ്റവരെയും വാനില്‍കയറ്റി ശംഖുംമുഖത്ത് കൊണ്ടുപോയി ദഹിപ്പിച്ചെന്നും പറഞ്ഞുകേട്ടു. കള്ളുചത്തൊന്‍ പനക്കുമുകളില്‍ കയറിയവര്‍ക്കുവരെ വെടിയേറ്റു. സമരക്കാര്‍ പനയില്‍ കയറി ഒളിച്ചിരിക്കുന്നെന്നാണ് പൊലീസ് കരുതിയത്. ‘‘വെടിവെപ്പിന്‍െറ കാര്യമൊക്കെ മീന്‍കാരികള്‍ വിളിച്ചുപറഞ്ഞുപോകുന്നത് കേട്ടപ്പോള്‍ ഞാനാകെ കരഞ്ഞുപോയി. മൂത്ത സഹോദരന്‍ മുഞ്ചിറ ഹൈസ്കൂളില്‍ പഠിക്കുകയാണന്ന്. സ്കൂളില്‍പോയ ഇക്കാക്കയെപ്പറ്റി ഒരു വിവരവുമില്ല. മുഞ്ചിറയില്‍നിന്ന് നടന്ന് രാത്രി എട്ടോടെ ഇക്കാക്ക തിരിച്ചെത്തിയതോടെയാണ് വീട്ടില്‍ എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്’’ -മീരാന്‍ പറഞ്ഞു.

നഷ്ടമേറെ, നാടിനും നാട്ടാര്‍ക്കും
‘നാലര താലൂക്കുകള്‍’ തമിഴ്നാട്ടിലേക്ക് പോയതോടെ കേരളത്തിന് നിരവധി മേഖലകളില്‍ നഷ്ടങ്ങളേറെയുണ്ടായി. അന്ന് നെല്ലറ എന്നറിയപ്പെട്ടിരുന്നത് കുട്ടനാടും നാഞ്ചിനാടുമാണ്. തമിഴ് ഭൂരിപക്ഷമായ അഗസ്തീശ്വരം, തോവാള താലൂക്കുകള്‍ ഉള്‍പ്പെട്ടതാണ് നാഞ്ചിനാട്. അങ്ങനെ ഒരു നെല്ലറ കേരളത്തിന് നഷ്ടമായി. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍െറ കുലക്ഷേത്രമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം വിളവങ്കോട് താലൂക്കിലാണ്. തിരുവിതാംകൂറിന്‍െറ പഴയ തലസ്ഥാനമായ പത്മനാഭപുരം കല്‍ക്കുളം താലൂക്കിലും. രാജകുടുംബം പതിവായി ദര്‍ശനം നടത്തിയിരുന്ന ശുചീന്ദ്രം ക്ഷേത്രം നാഞ്ചിനാട്ടിലാണ്. പാര്‍ഥിപശേഖരപുരം കാന്തളൂര്‍ശാലയും കേരളത്തിന് നഷ്ടപ്പെട്ടു. വിഭജനം നടന്നിരുന്നില്ളെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ചരിത്രവും മറ്റൊന്നാകുമായിരുന്നു. കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രങ്ങളാണ് തമിഴ്നാടിനൊപ്പം പോയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ആറ് എം.എല്‍.എമാര്‍ ഈ പ്രദേശത്തു നിന്ന് കോണ്‍ഗ്രസിന് കിട്ടി. ആ മണ്ഡലങ്ങള്‍ കേരളത്തിലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ബാലറ്റ് പേപ്പറിലൂടെ ആദ്യമായി അധികാരത്തിലേറിയ ചരിത്രം മറ്റൊന്നാകുമായിരുന്നു.

അ. മാധവന്‍, നീല പത്മനാഭന്‍, സുന്ദര രാമസ്വാമി, ജയമോഹന്‍ തുടങ്ങിയ പല എഴുത്തുകാരും വിഭജനത്തോടെ തമിഴ്നാട്ടുകാരായി. ‘‘എന്നെപ്പോലെയുള്ള എഴുത്തുകാര്‍ക്കും വിഭജനംമൂലം നഷ്ടങ്ങളായിരുന്നു. തമിഴ് പഠിക്കാത്തവര്‍ എന്നുപറഞ്ഞ് തമിഴ് സാഹിത്യലോകം അകറ്റിനിര്‍ത്തി. 12ാം വയസ്സ് മുതല്‍ എഴുതിത്തുടങ്ങിയിട്ടും മലയാളവും പരിഗണിച്ചിരുന്നില്ല. മലയാളത്തിലെഴുതിയ 100ലധികം കഥകള്‍ പല പ്രസിദ്ധീകരണങ്ങളില്‍നിന്നും തിരികെ വന്നിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡൊക്കെ ലഭിച്ച ശേഷമാണ് ആ അവഗണന മാറിക്കിട്ടിയത്. ഇപ്പോള്‍ മലയാളത്തില്‍ ഏറെ പരിഗണന ലഭിക്കുന്നുണ്ട്. തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ എഴുതുന്നൂവെന്ന് വിമര്‍ശിക്കുന്നവര്‍ ഇന്നും തമിഴ്നാട്ടിലുണ്ട്. അവരോടുള്ള മറുപടി എന്‍െറ എഴുത്ത് തന്നെയാണ്.  എന്നിലെ എഴുത്തുകാരന്‍െറ തമിഴ് അക്കാദമിക് തമിഴല്ല. അത് എന്‍െറ ഭാഷയാണ്. ഭാഷയെക്കാളുപരി എഴുത്തിലെ ആത്മത്തുടിപ്പാണ്. എഴുതിയയാള്‍ ജനിച്ചത് എവിടെയെന്ന് നോക്കിയല്ല ഒരു സാഹിത്യസൃഷ്ടിയെ വിലയിരുത്തേണ്ടത്’’ -മീരാന്‍ പറയുന്നു.

കൂനന്‍ തോപ്പ്, ഒരു കടലോര ഗ്രാമത്തിന്‍ കഥൈ, തുറൈമുഖം, ചായ്വു നാല്‍ക്കാലി എന്നിവയാണ് തോപ്പില്‍ മീരാന്‍െറ പ്രമുഖ നോവലുകള്‍. അന്‍പുക്ക് മുതുമൈയില്ലൈ, അനന്തശയനം, തങ്കരശു, കോളനി തുടങ്ങിയ കഥാസമാഹാരങ്ങളുമുണ്ട്. ഇവ വിവിധ ഇന്ത്യന്‍-വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് കലൈ ഇലക്കിയ പെരുമണ്‍റം അവാര്‍ഡ്, ഇലക്കിയ ചിന്തനൈ അവാര്‍ഡ്, തമിഴ്നാട് സംസ്ഥാന അവാര്‍ഡ് തുടങ്ങിയവക്ക് അര്‍ഹനായി. ഭാര്യ ജലീലക്കും മക്കളായ ഷമീം അഹമ്മദ് (അബൂദബി), മിര്‍സാദ് അഹമ്മദ് (അജ്മാന്‍) എന്നിവര്‍ക്കുമൊപ്പം തിരുനെല്‍വേലിയിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thoppil Mohammed Meerankerala@60
News Summary - writter Thoppil Mohammed Meeran
Next Story