ഒരാഴ്ചക്കുള്ളിൽ മസ്ജിദുന്നബവി സന്ദർശിച്ചത് 42.5 ലക്ഷം പേർ
text_fieldsറിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മദീനയിൽ പ്രവാചകന്റെ പള്ളി സന്ദർശിച്ചത് 42.5 ലക്ഷം പേർ. ജൂൺ 25 മുതൽ ജൂലൈ രണ്ട് വരെയുള്ള കണക്കാണിത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീനയിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകരും എത്തിച്ചേർന്നതോടെയാണ് സന്ദർശകരുടെ എണ്ണം ഉയർന്നത്.
സുരക്ഷ, സേവനം, ആരോഗ്യം, അത്യാഹിതം, സന്നദ്ധ ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ച് തീർഥാടകർക്കും സന്ദർശകർക്കും എളുപ്പത്തിലും സൗകര്യപ്രദമായും മികച്ച സേവനങ്ങൾ നൽകാൻ സാധിച്ചതായി ഹറം കാര്യാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാലയളവിൽ റൗദ ശരീഫ് സന്ദർശിക്കാൻ അനുവാദം ലഭിച്ച 75,529 പേർക്ക് പുറമെ രണ്ടേമുക്കാൽ ലക്ഷം സന്ദർശകർക്ക് പ്രവാചകന്റെ ഖബറിടം സന്ദർശിച്ച് അഭിവാദ്യം അർപ്പിക്കുന്നതിന് അവസരമൊരുക്കി.
വയോജനങ്ങൾക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ഇരിപ്പിട ഗതാഗത സൗകര്യങ്ങളുടെ പ്രയോജനം 6,782 പേർക്ക് ലഭിച്ചു. പ്രവാചകന്റെ പള്ളിയിൽ നടത്തിയ വിജ്ഞാന പ്രഭാഷണങ്ങൾ പ്രയോജനപ്പെടുത്തിയത് 14,766 പേരാണ്. തത്സമയ ബോധവത്കരണ പരിപാടികളിൽ 4,703 ലധികം പേർ പങ്കെടുത്തു. 11,534 പേരാണ് മതപരമായ മാർഗനിർദേശ സേവനങ്ങളുടെ ഗുണഭോക്താക്കൾ. തീർഥാടകർക്കും സന്ദർശകർക്കുമായി 46,138 സമ്മാനങ്ങൾ വിതരണം ചെയ്തതായും ഹറം കാര്യാലയം വെളിപ്പെടുത്തി.
4,279 സന്ദർശകർ മസ്ജിദിന്റെ ആശയവിനിമയ ചാനലുകൾ ഉപയോഗിച്ചു. 17,650 പേർ വിവിധ പ്രദർശനങ്ങൾ പ്രയോജനപ്പെടുത്തി. ഭാഷാ ആശയവിനിമയ സേവനത്തിന് 3,001 ഗുണഭോക്താക്കളും ലൈബ്രറി സേവനത്തിന് 10,158 ഗുണഭോക്താക്കളുമുണ്ടായി. 1,15,090 പേർ മദീനയിലെ വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ചു. 2,03,294 കുപ്പി സംസം വെള്ളവും അറഫ നോമ്പുമായി ബന്ധപ്പെട്ട് 4,26,457 ഭക്ഷണപ്പാക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.