സുഖമുള്ള ഓർമയിലേക്ക് മടങ്ങുന്ന ദിനം
text_fieldsക്രിസ്മസ് എന്നത് ഓർക്കുമ്പോൾ തന്നെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ മനോഹരമായ ഓർമകളാണ്. കുട്ടിക്കാലത്തെ ക്രിസ്മസ് കാലത്തെപ്പറ്റി ഓർക്കുമ്പോൾ വളരെ നല്ല ഓർമകൾ മനസ്സിൽ ഓടിയെത്തുന്നു.
ഡിസംബർ മാസം ആകുമ്പോഴേക്കും ജാതിമതഭേദമന്യേ ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളാൽ വീടിന്റെ മുൻവശത്ത് അലങ്കരിച്ചിട്ടുണ്ടാകും.
വർണപേപ്പറുകൾ ഒട്ടിച്ചാകും നക്ഷത്രങ്ങൾ ഉണ്ടാക്കുന്നത്. എല്ലാവരും ഒരുമിച്ചാകും ഇതെല്ലാം നിർമിക്കുന്നത്. സ്കൂളിലെ ക്രിസ്മസ് ട്രീ മത്സരവും പുൽക്കൂട് മത്സരവും ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീകമായിരുന്നു.
ക്രിസ്മസ് വരുമ്പോൾ പുൽക്കൂടിന്റെ അടുത്തു വെക്കാനുള്ള ചെടികൾ വളർത്തുന്നതിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.
അമ്മയുടെ അടുക്കള ഭരണിയിൽനിന്നും എടുക്കുന്ന കടുകും പയറുകളും ചിരട്ടകളിൽ വെച്ച് മുളപ്പിക്കും.
ഇതാണ് പുൽക്കൂടിനെ അലങ്കരിക്കാനായി വെക്കുക. ഓരോ വീട്ടിലും പുൽകൂട് വെക്കുമ്പോൾ അയൽപക്കത്തുനിന്ന് കൂട്ടുകാരെത്തി ബലൂണുകളും വർണക്കടലാസുകളും വെച്ച് പുൽക്കൂട് അലങ്കരിക്കുകയും ചെയ്യും.
ഡിസംബർ പകുതിയോടെ ക്രിസ്മസ് കരോളിനും തുടക്കമിടും.
ചെണ്ടയടിയും പാട്ടുകളുമായി ക്രിസ്മസ് പാപ്പയും കൂട്ടുകാരുമൊത്ത് വീടുകൾ കയറിയിറങ്ങിയുള്ള കരോൾ ഇപ്പോഴും ഓർമയിൽ സന്തോഷത്തോടെ താളം പിടിക്കുന്നുണ്ട്.
ക്രിസ്മസ് പാതിരാ കുർബാന കഴിഞ്ഞ് അകൽപക്കക്കാരുമായി മത്സരിച്ചുള്ള പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലുമാണ് ഏറ്റവും സന്തോഷം നൽകുന്ന മറ്റൊരു പ്രവൃത്തി. ക്രിസ്മസ് ദിനത്തിൽ വന്നെത്തുന്ന വിരുന്നുകാരും കൂട്ടുകാരും ഒരുമിച്ചുള്ള ഭക്ഷണവും വർത്തമാനം പറയലും കളികളുമെല്ലാം മറ്റൊരു മധുരമുള്ള ഓർമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.