ആത്മീയതയുടെ പൊരുൾതേടി ഒരു കുടുംബം
text_fieldsറിയാദ്: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമായി ആരംഭിച്ച വ്രതാനുഷ്ഠാനം ആത്മീയതയുടെ പൊരുളുകൾ തേടിയുള്ള ഒരു പ്രയാണമാണ് സുനിൽ കൂളികാടിന്. മലപ്പുറം കോട്ടക്കൽ വലിയപറമ്പ് സ്വദേശിയും റിയാദിലെ ‘ഗൾഫ് പാം കമ്പനി’യിലെ ഫിനാൻസ് മാനേജറുമായ സുനിൽ കൂളികാട് നാട്ടിൽ സുഹൃത്തുക്കളോടൊപ്പം ‘നോമ്പ് തുറ’ക്കാൻ വേണ്ടിയാണ് ആദ്യമായി നോമ്പെടുത്തുതുടങ്ങിയത്. പിന്നീട് അതൊരു ശീലമാക്കുകയും ദുബൈയിലും റിയാദിലും നീണ്ട പ്രവാസത്തിൽ അത് തുടരുകയും ചെയ്തു.
അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മൂന്ന് സഹോദരന്മാരും ഇപ്പോൾ ഭാര്യയും മൂത്ത മകനും ഈ വഴിത്താരയിൽ കൂടെ ചേർന്നിരിക്കുന്നു. പരേതയായ അമ്മ മക്കളുടെ നോമ്പിനെ കുറിച്ചും ഇഫ്താറിന് പാകം ചെയ്തിരുന്ന ഭക്ഷണത്തെ കുറിച്ചെല്ലാം തിരക്കുമായിരുന്നുവെന്ന് സുനിൽ ആർദ്രതയോടെ ഓർക്കുന്നു. നാല് മാസം മുമ്പാണ് അമ്മ മരണമടഞ്ഞത്. 13 വർഷമായി റിയാദിലെ ജോലിക്കിടയിൽ നോമ്പനുഷ്ഠിക്കാൻ എല്ലാ സഹായവും വിഭവങ്ങളും ഒരുക്കി ഭാര്യ വിജിത കൂടെ തന്നെയുണ്ട്. മക്കൾ ആദിത്യ, അസ്മിത്, അയാൻ.
നോമ്പ് ഉയർത്തുന്ന സാമൂഹികചിന്തകളും കൂട്ടുകാരായ ഒട്ടേറെ വ്യക്തികളും സുനിൽ കൂളികാടിനെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാനപ്രശ്നമായ വിശപ്പും ഭക്ഷണമില്ലാത്തവരുടെ ദൈന്യതയും അവർക്ക് സഹാനുഭൂതി പകരേണ്ടതിന്റെ ആവശ്യകതയും ഈ വ്രതം മുന്നോട്ടുവെക്കുന്ന സന്ദേശമാണ്. ഒപ്പം, മനസ്സിന് ലഭിക്കുന്ന ആത്മീയനിർവൃതിയും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയാത്തതുമാണ്.
നാട്ടിലും റിയാദിലും സുഹൃത്തുക്കളോടൊപ്പമാണ് നോമ്പും തുറയുമൊക്കെ അധികവും. അവരുടെ സൽക്കാരങ്ങൾ നിരസിക്കാൻ കഴിയില്ല. പെരുന്നാളിന് നാട്ടിലാണെങ്കിൽ എനിക്കും അനുജന്മാർക്കും ആതിഥേയത്വം നൽകാനുള്ള മത്സരത്തിലായിരിക്കും കൂട്ടുകാരും അയൽവാസികളുമൊക്കെയും. മലപ്പുറത്തിന്റെ സ്നേഹവും കരുതലും അനുഭവിച്ചവർക്ക് അതറിയുമെന്ന് സുനിൽ. അസഹിഷ്ണുതയുടെയും ശത്രുതയുടെയും പോരുമുറുകുന്ന ഈ കാലത്ത് പാരസ്പര്യത്തിന്റെ പുതിയ ആത്മീയമുറകൾ അന്വേഷിക്കുകയാണ് സുനിൽ കൂളികാടും കുടുംബവും. എഴുത്തിനോടും വായനയോടും ആഭിമുഖ്യമുള്ള സുനിൽ ഫേസ്ബുക്കിലൂടെ മനസ്സിന്റെ വാതായനങ്ങൾ തുറന്നുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.