കത്തുന്ന വയറിന്റെ കാഠിന്യം മനസ്സിലാക്കാനുള്ള പുണ്യമാസം
text_fieldsസഹജീവിയുടെ കത്തുന്ന വയറിന്റെ കാഠിന്യം മനസ്സിലാക്കാനുള്ള പുണ്യമാസമാണ് റമദാൻ. ഇസ്ലാം മതത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകി ജീവിക്കുന്ന കണ്ണൂർ ജില്ലയിലെ, മുസ്ലീംഭൂരിപക്ഷ പഞ്ചായത്തായ വളപട്ടണത്ത് സ്വന്തം തറവാടിന്റെ പേരുള്ള പള്ളിയുടെ പുഴയരികത്താണ് എന്റെ ജനനം.
ചെറുപ്പം മുതലെ മദ്റസ വിദ്യാഭ്യാസത്തിനും ദർസ് വിദ്യാഭ്യാസത്തിനും ഏറ്റവും ഊന്നൽ കൊടുത്തിരുന്ന കുടുംബമായിരുന്നു എന്റേത്. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുന്ന കാലമായിരുന്നു നോമ്പുകാലം. നോമ്പുകാലത്ത് ഉമ്മയൊക്കെ പറയുന്നതു കേൾക്കാം, ഈ കൊല്ലത്തെ ഇക്കാക്കാന്റെ(കാരണവർ) സക്കാത്ത് കിട്ടിയാൽ ഇന്നത് ചെയ്യാം എന്ന്. 45 വർഷം മുമ്പാണ്. പ്രദേശത്ത് ഏറെയും പാവങ്ങൾ. മഹിമയും മറ്റും പറഞ്ഞു ജീവിക്കുന്ന, കുറെ പണക്കാരും അവരുടെ കുടുംബങ്ങളും.
നോമ്പ് 17 നും 27 നും വളപട്ടണം പ്രദേശത്ത് ആ കാലത്തൊക്കെ സക്കാത്ത് വാങ്ങാൻ ചില പ്രത്യേക കുടുംബക്കാരുടെ വീട്ടിൽ നീണ്ട ക്യു കാണാം. നാട്ടിലെ കബർസ്ഥാനിന് പ്രത്യേക പേരാണ്-പെരുന്നാപറമ്പ്. നോമ്പ് 15 മുതൽ പെരുന്നാപറമ്പ് സജീവമാകും. മരണപ്പെട്ട കുടുബാംഗങ്ങളുടെ ഖബറിടം സന്ദർശിച്ച്, യാസീൻ ഓതി ദുഇരന്ന്, സകാത്ത് വാങ്ങാൻ വന്ന കുട്ടികളുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ടാകും.
ആ കൂട്ടത്തിലുള്ള ഒരു കുട്ടിയായി, വർഷങ്ങളോളം സ്ഥിരമായി സക്കാത്ത് വാങ്ങാൻ പോയ അനുഭവം ജീവിതത്തിന്റെ ഓർമകളിലെ പ്രധാ ന ഏടാണ്. സക്കാത്ത് വാങ്ങാൻപോയ ആ പെരുന്നാപറമ്പ്, ജി.സി.സി കൾച്ചറൽ ഫോറം എന്ന വിശാലമായ കൂട്ടായ്മയിലൂടെ പിന്നീട് നവീകരിച്ചു. വളപട്ടണംകാർ ചേർന്ന് നടത്തിയ വിപ്ലവകരമായ മന്ന ഖബർസ്ഥാൻ നവീകരണത്തിന്റെ കണ്ണിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ആ പഴയ കാലത്തോടുള്ള കടപ്പാടായിരുന്നു.
പിന്നീട് പ്രവാസം സ്വീകരിച്ച് ബഹ്റൈനിലെത്തിയപ്പോഴും ഇക്കാര്യങ്ങൾ മനസ്സിൽനിന്ന് മാഞ്ഞില്ല. ചുരുങ്ങിയ ശമ്പളത്തിൽ ജോലിയെടുക്കുന്ന നിരവധിപേരെ ഇവിടെയും കണ്ടു. ജീവിതകാലം മുഴുവൻ കഷ്ടപ്പെടേണ്ടിവരുന്ന നിരവധി സാധാരണക്കാർ. പണ്ട് വളപട്ടണത്ത് ചെറുതും വലുതുമായ എല്ലാ കച്ചവടക്കാരും നോമ്പിന് രണ്ടു മാസം മുമ്പേ സകാത്ത് കൊടുക്കേണ്ടവരുടെ ലിസ്റ്റും തുകയുമൊക്കെ കണക്കാക്കിവെക്കുന്ന പതിവുണ്ടായിരുന്നു. ഉള്ളവന്റെ ഔദാര്യമല്ല, ഇല്ലാത്തവന്റെ അവകാശമാണ് സകാത്ത്.
അത് ഇന്ന സമുദായത്തിൽപെട്ടവർക്കേ കൊടുക്കാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. പ്രയാസപ്പെടുന്ന ഏതു സഹജീവിക്കും കൊടുക്കേണ്ടതാണ്. അത്തരം മഹത്തായ സന്ദേശം ഉയർത്തിപിടിക്കാനുള്ള ഹൃദയവിശാലത ഉണ്ടാക്കാനുള്ള കഠിനമായ പരിശീലനമാണ് പരിശുദ്ധ റമദാൻ മാസത്തിൽ നമുക്ക് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.