പ്ലാസ്റ്റിക് കുപ്പികൾ ചേർത്തുവെച്ച് കൂറ്റൻ ക്രിസ്മസ് ട്രീ
text_fieldsഅഞ്ചാലുംമൂട്: നൂതന ആശയമുള്‍ക്കൊണ്ട് ക്രിസ്മസ് ട്രീ നിർമിക്കണമെന്ന കടവൂര്‍ സെന്റ് കസ്മീര്‍ പള്ളി കമ്മിറ്റിയുടെ ആഗ്രഹം ജോൺ ജോസഫിനെ അറിയിച്ചപ്പോള്‍ രൂപപ്പെട്ടത് വ്യത്യസ്ത മാതൃക. ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് 22 അടി ഉയരത്തില്‍ ക്രിസ്മസ് ട്രീ നിർമിച്ചാണ് മതിലില്‍ സ്വദേശി ജോണ്‍ ജോസഫ് അത്ഭുതക്കാഴ്ചയൊരുക്കിയത്.
പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരായ ആശയപ്രചാരണം എന്ന നിലയിലാണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച ഭീമന് ക്രിസ്മസ് ട്രീ ഒരുക്കിയത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും 12,000 പ്ലാസ്റ്റിക് കുപ്പികളാണ് ഉപയോഗിച്ചത്. റോഡിന്റെ വശങ്ങള്, ഹോട്ടലുകള്‍ ഓഡിറ്റോറിയങ്ങള്‍, റിസോര്‍ട്ടുകള്‍, ആക്രി ശാലകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവ ശേഖരിച്ചത്.
കുപ്പികളില്‍ ലൈറ്റുകള്‍ കടത്തിയശേഷം പ്ലാസ്റ്റിക് നൂലില്‍ കോര്ത്തെടുത്തുക്കുകയായിരുന്നു. ജോണ്‍ ജോസഫിനൊപ്പം ആറ് പേര് ചേര്‍ന്നാണ് 16 ദിവസം കൊണ്ട് ലക്ഷം രൂപ ചെലവില്‍ ക്രിസ്മസ് ട്രീ ഒരുക്കിയത്. ഇതിനോട് ചേര്‍ന്ന് ആറടി പൊക്കത്തിലുള്ള പുല്‍ക്കൂടും 22 അടി പൊക്കമുള്ള ക്രിസ്മസ് പപ്പയുടെ രൂപവും ഒരുക്കിയിട്ടുണ്ട്.
വര്‍ഷങ്ങളായി ജോണ്‍ ജോസഫിന്റെ നേതൃത്വത്തിലാണ് കടവൂര്‍ സെന്റ് കസ്മീര്‍ പള്ളിയില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട അലങ്കാരങ്ങള്‍ തയാറാക്കുന്നത്. അധ്യാപകനായിരുന്ന ഇദ്ദേഹം വിരമിച്ചശേഷം ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ്. ഈസ്റ്ററിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഭീമന് ശില്പമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.