വിട്ടുവീഴ്ചയുടെ പാഠം
text_fieldsജീവിതവ്യവഹാരങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും കർമത്താളുകള്‍ മറിച്ചുനോക്കാന്‍ നമുക്ക് സമയം കിട്ടാതെ പോകുന്നു. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ മാപ്പുനല്‍കുന്നൊരു നാഥനുണ്ടെന്നതാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍, ജീവിതവഴിയില്‍ സഹജീവികളുമായി സംഭവിക്കുന്ന തെറ്റുകള്‍ക്ക് നാം വിട്ടുവീഴ്ച ആരായുകയും അവര്‍ക്ക് പൊറുത്തുനല്‍കുകയും ചെയ്യുകയെന്നത് പ്രാർഥന സ്വീകരിക്കാനുള്ള നിബന്ധനയാണ്.
തിരക്കുപിടിച്ച ജീവിതവഴിയില്‍ പുനര്‍വിചിന്തനത്തിനുള്ള സമയം കൂടിയാണ് റമദാന്‍. ഇന്നലെകളെ സമഗ്രമായി വിലയിരുത്താന്‍ നമുക്കാകണം. ന്യായീകരണങ്ങള്‍ക്കോ പഴിചാരലുകള്‍ക്കോ തെല്ലും ഇടംനല്‍കാതെ നമ്മുടെ പാഥേയങ്ങളെ പരിശോധനക്ക് വിധേയമാക്കണം. സംഭവിച്ചുപോയ തിന്മകള്‍ നാഥന്‍ പൊറുത്തു തരണമെന്നാഗ്രഹിക്കുന്നവര്‍ ബന്ധങ്ങളില്‍ സംഭവിച്ച അരുതായ്മകള്‍ക്ക് വിട്ടുവീഴ്ച നല്‍കാന്‍ തയാറാകണം. 'ഞങ്ങളാരുംതന്നെ ഞങ്ങളുടെ സഹോദരന്റെ മേല്‍ ദേഷ്യമോ വിദ്വേഷമോ വെച്ചുപുലര്‍ത്തി റമദാനിലേക്ക് പ്രവേശിക്കാറില്ലെന്ന' സഹാബാക്കളുടെ സാക്ഷ്യം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്.
കുടുംബബന്ധങ്ങളെ ചേര്‍ക്കുന്നവന് സ്വര്‍ഗം വാഗ്ദാനം ചെയ്ത പ്രവാചകന്‍, ബന്ധങ്ങള്‍ വിച്ഛേദിക്കുന്നവന്റെയും പരസ്പരം വിദ്വേഷം പുലര്‍ത്തുന്നവന്റെയും പ്രാർഥനകൾ ആകാശ ലോകത്തേക്ക് ഉയര്‍ത്തപ്പെടുകയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.നമ്മെ ഉപദ്രവിച്ചവര്‍ക്ക്, വിഷമിപ്പിച്ചവര്‍ക്ക്, നമ്മുടെ വഴിയില്‍ തടസ്സമായവര്‍ക്ക്, വഞ്ചിച്ചവര്‍ക്ക്, വിട്ടുവീഴ്ച നല്‍കാന്‍ സാധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ റബ്ബില്‍നിന്ന് വിട്ടുവീഴ്ച നമുക്കും പ്രതീക്ഷിക്കാനാകൂ.
നിരന്തര മര്‍ദനങ്ങൾക്കൊടുവിൽ സ്വദേശം വിട്ട് പലായനം ചെയ്യേണ്ടിവന്ന ജനത തിരികെ സര്‍വശക്തിയാല്‍ മക്കയിൽ ഭരണം നേടിയ ഫത്ഹിന്റെ ദിനത്തിലും ശത്രുക്കള്‍ക്ക് മാപ്പ് നല്‍കിയ കാരുണ്യത്തിന്റെ തിരുദൂതര്‍ കാണിച്ചുതന്ന ഉത്തമ മാതൃക നമുക്ക് പിന്‍പറ്റാനുള്ളതാണ്. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട സഹാബിവര്യനോട് അതിന് കാരണമായ സവിശേഷത ആരാഞ്ഞപ്പോള്‍ 'ഞാന്‍ രാത്രി കിടക്കയിലേക്ക് പോകുമ്പോള്‍ ഒരാളുമായും ദേഷ്യമോ വിദ്വേഷമോ വെച്ചുപുലര്‍ത്തി കിടന്നുറങ്ങാറില്ലെന്ന' മറുപടി നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.
ആശയാദര്‍ശങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നമ്മെ അനീതിയിലേക്കോ കലഹത്തിലേക്കോ നയിക്കരുത്. നന്മകള്‍ കൈമാറാനും തിന്മകള്‍ക്ക് രാജി പറയാനും എല്ലാവരെയും ചേര്‍ത്തുനിര്‍ത്താനുമുള്ളതാണ് വിശ്വാസം. റമദാന്‍ നമുക്ക് അതിനുള്ള ഊര്‍ജം നല്‍കേണ്ടതുണ്ട്. പിണങ്ങിയോ തെറ്റിയോ നാം മാറ്റിനിര്‍ത്തിയ സഹജീവികള്‍ക്ക് വിട്ടുവീഴ്ച നല്‍കാനും ചേർത്തുനിർത്താനും ഇനിയും നാം വൈകിക്കൂടാ. സമയമുണ്ടെന്ന് ധരിച്ചവര്‍ക്കും തിരുത്തില്ലെന്ന് വാശിപിടിച്ചവര്‍ക്കും റബ്ബിന്റെ വിളിയാളം വന്നാല്‍ പിന്നീടവസരമുണ്ടാകില്ല.
ടി.കെ. അഷറഫ്, ജന. സെക്രട്ടറി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.