സൗഹാർദ്ദത്തിന്റെ ഇളവറാംകുഴി മാതൃക; അമ്പലത്തിനും പള്ളിക്കും ഒറ്റ കമാനവും നേർച്ച വഞ്ചിയും
text_fieldsഅഞ്ചൽ: ക്ഷേത്രത്തിന്റെയും പള്ളിയുടെയും കാണിക്ക വഞ്ചികൾ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ നിർമിതിയിൽ. ഇരു ആരാധനാലയങ്ങളുടെയും പേര് എഴുതിയിരിക്കുന്നതും ഒരു കമാനത്തിൽ. ഇതു മതസൗഹാർദത്തിന്റെ ഇളവറാംകുഴി മാതൃക. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വ്യാജനിർമിതികളും നുണക്കഥകളും അരങ്ങുവാഴുന്ന കാലത്താണ് അതിനെയെല്ലാം നിഷ്പ്രഭമാക്കി ഒരു ഗ്രാമം മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നത്.
അഞ്ചലിനടുത്ത് ഏരൂർ പഞ്ചായത്തിലെ വിളക്കുപാറക്ക് സമീപം ഇളവറാംകുഴിയെന്ന മലയോര ഗ്രാമവും അവിടത്തെ ജനങ്ങളുമാണ് രാജ്യത്തിനുതന്നെ മാതൃകപകരേണ്ട സ്വഭാവത്തിൽ ഹിന്ദു - മുസ്ലിം മൈത്രിയുടെ സർഗാത്മക സൗരഭ്യം കാലങ്ങളായി പകർന്നുവരുന്നത്.
ഇവിടത്തെ പ്രസിദ്ധമായ ശിവപുരം മഹാദേവ ക്ഷേത്രവും മുഹ്യിദ്ദീൻ മുസ്ലിം ജമാഅത്ത് പള്ളിയും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. പരസ്പര ബഹുമാനത്തോടും സൗഹൃദത്തോടും സ്നേഹത്തോടുമാണ് ഇരു ആരാധനാലയങ്ങളിലും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്നത്. കുംഭത്തിരുവാതിര ഉത്സവം, ശിവരാത്രി, റമദാൻ, പെരുന്നാൾ എന്നിവയെല്ലാം ഇരു മത വിഭാഗങ്ങളിലുമുള്ളവർ ചേർന്ന് ഒത്തൊരുമയോടെ ആചരിച്ചു പോരുന്നു. ഒരേ പാതക്ക് സമീപത്ത് സ്ഥിതിചെയ്യുന്നതിനാൽ ഒരു കമാനത്തിൽതന്നെയാണ് അമ്പലത്തിന്റെയും പള്ളിയുടേയും പേരുകൾ എഴുതിയിട്ടുള്ളത്. സ്ഥലവാസിയായ വ്യക്തി ഇരു ആരാധനാലയങ്ങൾക്കും വേണ്ടി സൗജന്യമായി നൽകിയ വസ്തുവിലാണ് ഒറ്റ ഫൗണ്ടേഷനിൽ തീർത്ത അമ്പലത്തിന്റെയും പള്ളിയുടെയും നേർച്ചവഞ്ചികളുള്ളത് .
വർഷങ്ങളായ പുലർത്തിവരുന്ന ഈ പാരമ്പര്യം തലമുറകളിലൂടെ പുലർന്ന് പോകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് അമ്പലം കമ്മിറ്റി ഭാരവാഹികളും ജമാഅത്ത് ഭാരവാഹികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.