അതിർവരമ്പുകളില്ലാത്ത ചൈതന്യം
text_fieldsറമദാനിന്റെ യഥാർഥ മാധുര്യം അനുഭവിച്ചറിഞ്ഞത് പ്രവാസ ലോകത്തേക്ക് ചേക്കേറിയ ശേഷമാണ്. യു.എ.ഇയുടെ ചുടുകാറ്റാണ് വിശുദ്ധ മാസത്തിന്റെ ചൈതന്യം ഹൃദയത്തിലേക്ക് കോരിയിട്ടത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർക്ക് നോമ്പുണ്ടെന്നറിയുമ്പോൾ അവർക്ക് മുന്നിൽ ഭക്ഷണം കഴിക്കരുതെന്ന് ആരും പഠിപ്പിച്ചു തന്നതായിരുന്നില്ല. കേരളീയ സമൂഹത്തിന്റെ സഹിഷ്ണുതയുടെ മുഖമായിരുന്നു അത്. പക്ഷെ, അതിനപ്പുറത്തേക്ക് പൊരുൾ തേടി പോയിരുന്നില്ല.
പ്രവാസലോകത്ത് റമദാൻ മുസ്ലിം ജനവിഭാഗത്തിന് മാത്രമായുള്ള ആചാരമായി തോന്നിയിട്ടില്ല. യു.എ.ഇ, പ്രത്യേകിച്ച് ദുബൈ നഗരം മുന്നോട്ടുവെച്ച സഹിഷ്ണുതയുടെ നല്ല പാഠങ്ങളാണ് ആ വേർതിരിവ് ഇല്ലാതാക്കിയത്. മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരും റമദാനെ വരവേൽക്കുന്നതായി തോന്നാറുണ്ട്. ആ മാസത്തിൽ എല്ലാവരിലും സ്വമേധയാ ഒരു അച്ചടക്കം കടന്നുവരാറുണ്ട്.
ഇഫ്താർ വിരുന്നുകൾ പോലും ജാതിമത ഭേദമെന്യേ എല്ലാവരും ഒരുമിച്ചിരുന്നാണ് ആഘോഷിക്കാറ്. റമദാൻ മാസത്തിൽ നടക്കുന്ന സകാത്ത് വിതരണം എന്നെ ഏറെ ആകർഷിച്ച ഒന്നാണ്. ഏറ്റവും മഹത്തരമായ കർമത്തിൽ ഞാനും പങ്കാളിയാകണമെന്ന് ചിന്തിക്കാറുണ്ട്. ലേബർ ക്യാമ്പുകളിൽ പലപ്പോഴും നോമ്പുതുറക്ക് അവസരം ലഭിക്കാറുണ്ട്.
അത് മനസ്സിന് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ മലയാളികൾ ഏറെ ജോലി ചെയ്യുന്ന ഒരു സ്ഥാപനം സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് അടച്ചുപൂട്ടിയപ്പോൾ 80ഓളം പേർക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. അതൊരു റമദാൻ കാലമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർക്ക് വേണ്ട ഭക്ഷണമൊരുക്കി ഇഫ്താർ വിരുന്നൊരുക്കാൻ അവസരം ലഭിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.