നാനാത്വത്തിെൻറ രുചി
text_fieldsപശ്ചിമേഷ്യ, ബംഗ്ലാദേശ്, ആഫ്രിക്ക, സ്കാൻഡിനേവിയാ എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര വിദ്യാർഥികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും തോളോടുതോൾ ചേർന്ന് പെരുന്നാൾ നമസ്കരിക്കുകയും ആലിംഗനം ചെയ്യുകയും മധുരം പങ്കിടുകയുമെല്ലാം ചെയ്യുന്ന വല്ലാത്തൊരു അനുഭൂതിയാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പെരുന്നാൾ കാഴ്ചകൾ. വർഗ, ഭാഷ, വംശ, ദേശീയതകൾക്കപ്പുറത്ത് മനുഷ്യനെ ഒരുമിപ്പിക്കുന്ന ഭാവുകങ്ങളുടെ ആഴികളാണ് ഇവിടത്തെ ഓരോ പെരുന്നാളും. ചന്ദ്രക്കല ദൃശ്യമാകുന്നതിലെ വ്യത്യാസം മൂലം മിക്ക തവണയും കേരളത്തിൽനിന്ന് ഒരു ദിവസം വൈകിയാണ് പെരുന്നാളെത്തുക. ഫസ്റ്റ് ഇയർ വിദ്യാർഥികൾക്കിടയിൽ ഹൈദരാബാദി കുർത്തകളും കന്തൂറകളുൾപ്പെടെ മറ്റു മധ്യപൂർവദേശ ഭാഗത്തെ വസ്ത്രങ്ങളുമടങ്ങിയ പെരുന്നാൾ പുടവ വിപണിയിലെ താരമാണ്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ കഫിയകളും ഇതിനോടൊപ്പംതന്നെ പൊതു കാഴ്ചകളാണ്. സർവകലാശാലയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്റ്റുഡന്റ്സ് അമെനിറ്റീസ് സെന്ററിന് മുമ്പിലായുള്ള തുറന്ന സ്ഥലത്താണ് കാമ്പസിലെ ഈദ് ഗാഹ്. ഇതിനുപുറമെ കാമ്പസിന് പുറത്തായും പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യങ്ങളുണ്ട്. പെരുന്നാൾ നമസ്കാരത്തിനും ഖുത്ബക്കും ശേഷം വിദ്യാർഥികൾ ഈദ് ആശംസ നേരുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുന്നു. ശേഷം ബി ഹോസ്റ്റലിലെ ഹാളിലാണ് പെരുന്നാൾ ഭക്ഷണം. ഇത് സാധാരണയായി ഭഗരറൈസും ചിക്കൻ കറിയുമാണ്. സഹോദര മതസ്ഥരായ സുഹൃത്തുക്കളും ഇതിൽ പങ്കുചേരുന്നു. നാടും വീടും വിട്ട് ആയിരത്തിലധികം കിലോ മീറ്ററുകൾക്കിപ്പുറം പെരുന്നാൾ ആഘോഷിക്കുമ്പോഴുണ്ടാകുന്ന ഗൃഹാതുര ചിന്തകളെ അകറ്റി നിർത്തുന്നതിലുപരി കാമ്പസിൽ നന്മയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അത് നിലനിർത്തിക്കൊണ്ടു പോകുന്നതിലും വിദ്യാർഥി കൂട്ടായ്മ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കാമ്പസിലെ ഒരു പുളിമരച്ചുവട്ടിലെ തണലോടുകൂടി ചേർന്നാണ് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ പലയിടങ്ങളിലായി നമസ്കാര സൗകര്യമൊരുക്കിയിട്ടുണ്ട്. 2007-08 കാലഘട്ടത്തിലാണ് ആദ്യമായി റമദാൻ മെസ്സിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.