ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്ക് ഊഷ്മള സ്വീകരണം
text_fieldsകോലഞ്ചേരി: കേരള സന്ദർശനത്തിനെത്തിയ ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവക്ക് ഊഷ്മള സ്വീകരണം. ശനിയാഴ്ച രാവിലെ എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും സഭ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിലെത്തി. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തി. ഉച്ചക്കുശേഷം മലേക്കുരിശ് ദയറായിലെത്തി. ഞായറാഴ്ച രാവിലെ എട്ടിന് മലേക്കുരിശിൽ കുർബാനയർപ്പിക്കുന്ന അദ്ദേഹം വൈകീട്ട് മൂന്നിന് സഭ ആസ്ഥാനത്ത് മെത്രാപ്പോലീത്തമാരെ അഭിസംബോധന ചെയ്യും.
തിങ്കളാഴ്ച ശ്രേഷ്ഠ ബാവയുടെ നാൽപതാം ഓർമദിനത്തോടനുബന്ധിച്ചുള്ള പ്രാർഥനകൾക്കും അനുസ്മരണ സമ്മേളനത്തിനും നേതൃത്വം നൽകും. തുടർന്ന് മഞ്ഞനിക്കര ദയറായിലേക്ക് പോകുന്ന അദ്ദേഹം 17ന് ഇന്ത്യയിൽ നിന്ന് മടങ്ങും.
സഭയുടെ പ്രാദേശിക തലവനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നാൽപതാം ഓർമദിനത്തിന്റെ ഭാഗമായാണ് ബാവ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.