മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് സുഖപ്രസവം
text_fieldsമദീന: മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീക്ക് സുഖപ്രസവം. സൗദി റെഡ് ക്രസൻറ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് ബിൻ അലി അൽ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദുന്നബവി ആംബുലൻസ് കേന്ദ്രത്തിലെ ആളുകളും വളന്റിയർമാരും വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തിയിരുന്നു. ആ സമയത്ത് ഹറം മുറ്റത്ത് സ്ത്രീ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു.
പരിശോധിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വന്നതായും പ്രസവം ആരംഭിച്ചതായും വ്യക്തമായി. ഉടൻതന്നെ ഇത്തരം കേസുകളിൽ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കി. സ്ഥലത്തുണ്ടായിരുന്ന ഒരു നഴ്സിന്റെ സഹായത്തോടെ സ്ത്രീയുടെ പ്രസവം നടന്നു. പിന്നീട് ശാരീരികസ്ഥിതി പരിശോധിച്ചശേഷം സ്ത്രീയെയും നവജാതശിശുവിനെയും ഉടൻതന്നെ ബാബ് ജിബ്രീൽ ഹെൽത്ത് സെൻററിലേക്ക് മാറ്റി.
അടിയന്തര ഘട്ടങ്ങളിലെ വൈദ്യപരിചരണം സംബന്ധിച്ച് ഇടക്കിടെ വളന്റിയർമാർക്ക് നൽകുന്ന പരിശീലനവും പ്രഥമ ശുശ്രൂഷയിലുള്ള വൈദഗ്ധ്യവുമാണ് ഇത്തരം കേസുകളിൽ ഉടൻ ഇടപെടാനും വിജയിപ്പിക്കാനും സഹായിക്കുന്നതെന്ന് അൽ സഹ്റാനി പറഞ്ഞു.
അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ 997 എന്ന നമ്പറിൽ വിളിച്ചോ 'ഹെൽപ് മീ' ആപ് വഴിയോ 'തവക്കൽന' ആപ്ലിക്കേഷനിലൂടെയോ അടിയന്തര സേവനം ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ധാരാളം സമയവും പരിശ്രമവും ലാഭിക്കാനാകും. വിളിക്കുന്നയാളുടെ സ്ഥാനം വേഗം നിർണയിക്കാനുമാകും.ആംബുലൻസ് ടീമിന് വേഗം സ്ഥലത്തെത്താനും നടപടികൾ എളുപ്പമാക്കാനും സഹായിക്കുമെന്നും അൽ സഹ്റാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.