അരവണ കണ്ടെയ്നറുകൾ ഉടൻ എത്തിക്കാൻ കരാർ കമ്പനിക്ക് നോട്ടീസ്
text_fieldsശബരിമല: കരാര്‍ പ്രകാരമുള്ള അരവണ കണ്ടെയ്നറുകൾ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായ കരാർ കമ്പനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ്. കമ്പനി പുതിയ കണ്ടെയ്നറുകള്‍ എത്തിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു.
രണ്ടു തവണത്തെ പരിശോധനയില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ കമ്പനിക്ക് വീണ്ടും പരിശോധന നടത്തി കരാര്‍ നല്‍കിയത് വിവാദമായിരുന്നു. ആദ്യ പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയ കമ്പനിക്ക് അപാകത പരിഹരിക്കാന്‍ വീണ്ടും അവസരം നല്കിയ സംഭവം ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഡല്‍ഹി ആസ്ഥാനമായ കമ്പനി കൊണ്ടുവന്ന കണ്ടെയ്നര്‍ അരവണ നിറച്ച് യന്ത്രത്തില്‍ അടിച്ചപ്പോള്‍ ബലക്കുറവ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നിലക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ അരവണ നിറച്ച് ഫ്ലിപ് ലീഡ് ഘടിപ്പിച്ചപ്പോള്‍ കണ്ടെയ്നറിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 40 പെട്ടി തിരികെ നല്‍കിയിരുന്നു. അരവണ നിറച്ച് ഫ്ലിപ് ലീഡ് ഘടിപ്പിച്ച ശേഷമാണ് ഇവിടെ കണ്ടെയ്നറുകള്‍ക്ക് തകരാര്‍ സംഭവിച്ചത്. എരുമേലി ക്ഷേത്രത്തില്‍ ഉപയോഗിച്ചവക്കും നേരിയ തകരാറ് കണ്ടെത്തിയിരുന്നു. വര്‍ഷം ഒന്നരക്കോടി കണ്ടെയ്നറുകളാണ് കരാര്‍ പ്രകാരം കമ്പനി എത്തിക്കേണ്ടത്.
50 ലക്ഷം കണ്ടെയ്നറുകള്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം 13.42 ലക്ഷം എത്തിക്കുകയും അതില്‍ 5,35,700 ടിന്നുകളില്‍ അരവണ നിറക്കുകയും ചെയ്തു. ശേഷിക്കുന്ന 8,52,000 നിലവില്‍ സ്റ്റോക് ഉണ്ടെങ്കിലും തകരാറുകള്‍ സംഭവിക്കുന്നതുമൂലം ഇവ മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ കഴിഞ്ഞ വര്‍ഷത്തെ കണ്ടെയ്നറുകളിലാണ് അരവണ നിറച്ച് വിതരണം ചെയ്യുന്നത്. ദിനംപ്രതി രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം കണ്ടെയ്നര്‍ അരവണ വിറ്റ് പോകുന്നുണ്ട്. ഇതുപ്രകാരം ഇനി 25 ദിവസം കൂടി അരവണ നിറക്കാനുള്ള കണ്ടെയ്നറുകള്‍ മാത്രമാണ് സന്നിധാനത്ത് സ്റ്റോക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ തിരക്ക് വർധിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 15 ദിവസത്തേക്കുള്ള കണ്ടെയ്നറുകള്‍ മാത്രമാണ് ബാക്കിയുണ്ടാകുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ഭക്തര്‍ക്ക് പാത്രങ്ങളില്‍ അരവണ അളന്ന് നല്കിയ ചരിത്രവും സന്നിധാനത്ത് ഉണ്ടായിട്ടുണ്ട്.
ശബരിമലയിലെ ഭസ്മക്കുളം മലിനം
ശബരിമല: ശബരിമല തീർഥാടകർ പുണ്യസ്നാനത്തിനായി ഉപയോഗിക്കുന്ന ഭസ്മക്കുളം യഥാസ്ഥാനത്ത് പുനർനിർമിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് ദേവസ്വം ബോർഡ്. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്ന ഭസ്മക്കുളം 1980 കാലഘട്ടത്തിലാണ് മൂടിയത്. പകരം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുതിയ കുളം നിർമിക്കുകയായിരുന്നു.
ഭസ്മക്കുളത്തിൽ കുളിച്ചാൽ സർവ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം. ശയനപ്രദക്ഷിണം നടത്തുന്ന ഭക്തർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനായാണ് സോപാനത്തിൽ എത്തുന്നത്. നിലവിൽ ഭസ്മക്കുളത്തിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകാൻ ആവശ്യത്തിന് സംവിധാനങ്ങളില്ല. മലിനജലം പമ്പ് ചെയ്ത് മാറ്റുന്നതിന് സ്ഥാപിച്ച മോട്ടോറുകളുടെ പ്രവർത്തനവും കാര്യക്ഷമമല്ല. വെള്ളം സ്പ്രേ ചെയ്യുന്നിന് സ്ഥാപിച്ചിരിക്കുന്ന വാട്ടർ ഫൗണ്ടൻ മോട്ടോർ പമ്പിന്റെ മിക്ക വാൽവുകളും അടഞ്ഞ നിലയിലാണ്. ഇതിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭക്തരാണ് മരച്ചില്ലകളും മറ്റും ഉപയോഗിച്ച് പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയത്. ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും എത്താൻ തയാറായില്ലെന്നും തീർഥാടകർ പറഞ്ഞു.
സന്നിധാനത്ത് തിരക്കേറി; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതുവരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി 8,79,905 പേരാണ് ബുക്കിങ് നടത്തിയിരിക്കുന്നത്. ഈ മാസം 26, 28 തീയതികളിലാണ് ഏറ്റവുമധികം പേര് ബുക്ക് ചെയ്തിരിക്കുന്നത്. ശനിയാഴ്ച 83,769, തിങ്കള്‍ 81,622 എന്നിങ്ങനെയാണ് ബുക്കിങ്. 30 വരെയുള്ള ബുക്കിങ്ങുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21നാണ് ഇതുവരെ ഏറ്റവുമധികം പേര് ദര്‍ശനം നടത്തിയത്-57,663. നിലവില്‍ പരമാവധി 1,20,000 ബുക്കിങ്ങാണ് ഒരു ദിവസം സ്വീകരിക്കുക. വരുംദിവസങ്ങളില്‍ സന്നിധാനത്ത് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മതിയായ ക്രമീകരണങ്ങളുമായി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സജ്ജമാണ്. പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്പെഷല്‍ ഓഫിസര്‍ ബി. കൃഷ്ണകുമാര്‍ അറിയിച്ചു. ദര്‍ശന സമയം രാവിലെയും വൈകീട്ടും വര്‍ധിപ്പിച്ചത് ദര്‍ശനം സുഗമമാക്കാൻ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.