കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കി അബൂദബി മാർത്തോമ ചർച്ച്
text_fieldsഅബൂദബി: ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കുകയാണ് യു.എ.ഇയിലെ ക്രൈസ്തവ വിശ്വാസികൾ. പള്ളികളിലും വീടുകളിലുമെല്ലാം ക്രിസ്മസ് ട്രീകളും പുൽക്കൂടുമെല്ലാം പ്രകാശിതമായിരിക്കുന്നു. അബൂദബി മാർത്തോമ ചർച്ചിലുമുണ്ട് ഏറെ പ്രത്യേകതകളുള്ള കൂറ്റൻ ക്രിസ്മസ് ട്രീ. നയനമനോഹരമായ കൂറ്റൻ ട്രീക്ക് 30 അടിയോളമാണ് ഉയരവും പത്ത് അടിയോളം വിസ്തൃതിയുമുണ്ട്.
പള്ളിയുടെ അക്കൗണ്ട് ട്രസ്റ്റി ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് കൂറ്റൻ ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കിയിരിക്കുന്നത്. പണ്ടുകാലത്ത് ആട്ടിടയന്മാർ ആടുകൾക്കൊപ്പം രാത്രികാലങ്ങളിൽ കഴിഞ്ഞ ഗുഹയുടെ രൂപത്തിലുള്ളതാണ് പുൽക്കൂട്. രണ്ടുമീറ്റർ വിസ്തൃതിയും രണ്ടുമീറ്റർ ഉയരവുമുണ്ടിതിന്. പ്ലൈവുഡിൽ സ്ട്രക്ചർ നിർമിച്ച് ചണച്ചാക്ക് മൂടി വൈറ്റ് സിമന്റ് ഉപയോഗിച്ച് ബലപ്പെടുത്തിയിരിക്കുന്നു. കൂടാതെ തെർമോക്കോൾ സ്പ്രെ ചെയ്ത് പാറയുടെ രൂപവും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസ് ട്രീയുടെ നിർമാണം കഴിഞ്ഞ വർഷംതന്നെ ആരംഭിച്ചിരുന്നു. സ്റ്റീൽ സ്ട്രക്ചറിൽ മൂന്ന് ഭാഗങ്ങളായിട്ടാണ് ട്രീ നിർമിച്ചത്. ആർട്ടിഫിഷ്യൽ പുല്ലുകൊണ്ട് ഇതിനെ പുതപ്പിച്ച് വ്യത്യസ്ത വർണങ്ങളാൽ ബൾബുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അബൂദബി മാർത്തോമ ചർച്ച് ഇക്കഴിഞ്ഞയിടെ നടത്തിയ കൊയ്ത്തുത്സവത്തിലും ബിജുവിന്റെ നേതൃത്വത്തിൽ ചുണ്ടൻ വള്ളവും മംഗൾയാൻ ഉപഗ്രഹവുമൊക്കെ പ്രദർശിപ്പിച്ചിരുന്നു. വേറിട്ട തീമുകളിലായി ഒരുക്കിയ മൂന്നാമത്തെ ക്രിസ്മസ് ട്രീയാണ് ഈ വർഷത്തേത്.
കാഴ്ചക്കാർക്ക് ഏറെ കൗതുകമുണ്ടാക്കുന്ന പ്രത്യേകതകളോടെയാവും പള്ളിയുടെ ആഘോഷങ്ങളിലെ നിർമിതികൾ. പള്ളിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം സമ്മാനിക്കാനായി സംഘാടകർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിനായി പ്രത്യേക ടീംതന്നെ രാപകൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വികാരി ഫാ. ജിജു ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദർ അജിത്ത് ഈപ്പൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി പരിപാലന കമ്മിറ്റി മുന്നിൽനിന്ന് നയിക്കുകയും വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് രീതി.
പള്ളിയുടെ കീഴിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത് സഹജീവികളുടെ ജീവിതത്തിൽ പ്രതീക്ഷയും പ്രകാശവും പകരുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ നടത്തുന്ന ഹയാത്ത് അവയവദാന ബോധവത്കരണ പരിപാടിയിൽ അബൂദബി മാർത്തോമ ഇടവകയും പങ്കുചേർന്നിരുന്നു. നൂറിലേറെ പേർ ഓൺലൈനിലൂടെ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇടവക എല്ലാവർഷവും നടത്തിവരുന്ന കൊയ്ത്തുത്സവവും എമിറേറ്റിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വേറിട്ട ആസ്വാദനമാണ് സമ്മാനിക്കുന്നത്. നാട്ടുതനിമയോടെ ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുക്കുന്ന കൊയ്ത്തുത്സവം എല്ലാക്കൊല്ലവും മലയാളികൾക്ക് ഏറെ നിറമാർന്ന ഗൃഹാതുരത്വ സ്മരണകളാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.