Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകരുണയുടെ കരംനീട്ടി...

കരുണയുടെ കരംനീട്ടി ശൈഖ് സായിദ് പള്ളി

text_fields
bookmark_border
കരുണയുടെ കരംനീട്ടി ശൈഖ് സായിദ് പള്ളി
cancel

മസ്ജിദുകള്‍ കരുണയുടെ വാതില്‍ തുറക്കുകയും അഗതികളെയും ആലംബഹീനരെയും ദരിദ്രരെയുമൊക്കെ തേടിയെത്തി ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന അനുഭവം കൂടിയാണ് ഇമാറാത്തി‍െൻറ റമദാന്‍ പകലിരവുകള്‍ക്ക്. കോവിഡിനു മുന്നേ സജീവമായിരുന്ന റമദാന്‍ ടെന്‍റുകള്‍ മസ്ജിദുകള്‍ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ലെങ്കിലും അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് അധികൃതര്‍ തങ്ങളുടെ ദൗത്യത്തില്‍നിന്ന് പിന്നോട്ട് പോയിട്ടില്ല ഇപ്പോഴും. അബൂദബിയിലെ വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളിലായി പ്രതിദിനം മൂന്നുലക്ഷത്തോളം ഇഫ്താര്‍ പൊതികളാണ് വിതരണം ചെയ്യുന്നത്. അബൂദബി എര്‍ത് ഹോട്ടലുമായി സഹകരിച്ച് വര്‍ഷംതോറും നടത്തിവരുന്ന ഭക്ഷണവിതരണം തുടരുകയാണ്. ഇഫ്താര്‍ സമയത്തെ പീരങ്കി മുഴക്കലും വേറിട്ട അനുഭവമാണ്.

റമദാനിലും ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദിലെ സന്ദര്‍ശക സൗകര്യം തടസ്സപ്പെടുത്തിയിട്ടില്ല. ശനി മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ സന്ധ്യക്ക് ആറുവരെയും രാത്രി 9.30 മുതല്‍ പുലര്‍ച്ച ഒന്നുവരെയുമാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമുതല്‍ രാത്രി 11.30 വരെയാണ് സന്ദര്‍ശന സമയം. റമദാ‍െൻറ അവസാന പത്തുദിനങ്ങളില്‍ തഹജ്ജൂദ് നമസ്‌കാരം ഉള്ളതിനാല്‍ സന്ദര്‍ശനം രാത്രി 11.30 വരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് ഇമാമുമാരായ ഇദ്രിസ് അക്ബര്‍, യഹ്‌യ ഈഷആന്‍ എന്നിവരാണ് ഗ്രാന്‍ഡ് മസ്ജിദിലെ തറാവീഹ്, തഹജ്ജൂദ് നമസ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കുക.

ഇതിനു പുറമേ റഅദ് അല്‍ കുര്‍ദി, അഹമ്മദ് ബിന്‍ ഘാനിം അല്‍ റിയാമി, മുഹമ്മദ് അല്‍ മിഷാനി, റാഷിദ് അഹമ്മദ് അല്‍ അര്‍നാനി, ഹംസ മുആസ് അല്‍ അബ്ദുല്‍ റസാഖ്, ഖലീല്‍ ഇബ്രാഹിം, അബ്ദുല്ല ബിന്‍ സാലിം അല്‍ സഅദി തുടങ്ങിയ പ്രമുഖ പണ്ഡിതരും ഗ്രാന്‍ഡ് മസ്ജിദി‍െൻറ റമദാന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. ഓരോ മസ്ജിദുകളിലും തറാവീഹ്, തഹജ്ജൂദ് നമസ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരുടെ പട്ടിക ഗ്രാന്‍റ് മോസ്‌ക് അധികൃതര്‍ യഥാസമയം അറിയിക്കുന്നുമുണ്ട്.

അഴകി‍െൻറ മസ്ജിദ്

കോണ്‍ക്രീറ്റിലൊരുക്കിയ മസ്ജിദി‍െൻറ മുന്‍ഭാഗം വടക്കന്‍ മാസിഡോണിയയില്‍നിന്നുള്ള മാര്‍ബിള്‍ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മൊത്തം 1.2 ദശലക്ഷം ചതുരശ്ര മീറ്ററിലധികം. ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്‍, ഇറാന്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഇസ്ലാമിക വാസ്തുവിദ്യയുടെ ഘടകങ്ങള്‍ ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണ ഇലകള്‍, അമൂല്യമായ കല്ലുകള്‍, സെറാമിക് ടൈലുകള്‍ എന്നിവ ഉപയോഗിച്ച് പൂക്കളുടെ രൂപകൽപനകള്‍ ഉള്‍ക്കൊള്ളുന്ന കലാപരമായ അഭിവൃദ്ധി. അകത്ത് പ്രധാന പ്രാർഥന ഹാളിലെ 5,600 ചതുരശ്ര മീറ്റര്‍ പരവതാനി ലോകത്തിലെ ഏറ്റവും വലുതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഇത് ഇറാന്‍ കാര്‍പെറ്റ് കമ്പനിയാണ് നിർമിച്ചത്. 1,200 നെയ്ത്തുകാര്‍, 35 ടണ്ണിലധികം കമ്പിളിയും പരുത്തിയും ഉപയോഗിച്ചാണ് തയാറാക്കിയത്. ദശലക്ഷക്കണക്കിന് പളുങ്ക് പരലുകള്‍ അടങ്ങിയ ജർമനിയില്‍ നിർമിച്ച ഏഴ് ചാന്‍ഡിലിയറുകള്‍ സീലിങ്ങില്‍നിന്ന് തൂങ്ങിക്കിടക്കുന്നു. മൊത്തം 7,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കുളങ്ങള്‍ നീല നിറത്തിലുള്ള ആയിരക്കണക്കിന് മൊസൈക്ക് കഷണങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അല്ലാഹുവി‍െൻറ 99 നാമങ്ങളില്‍ ഓരോന്നും ഖിബ്ല ഭിത്തിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

രാജകീയ പ്രൗഢി

രാജകീയ പ്രൗഢിയോടെ, നിര്‍മാണ ചാതുരിയാല്‍ അതി മനോഹാരിതയോടെ ഉയര്‍ന്നുനില്‍ക്കുന്ന അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ലോകത്തിന് എന്നും വിസ്മയമാണ്. ക്രിയാത്മക ഇസ്ലാമി‍െൻറ നിര്‍മിതികളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിലും വിവിധ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള പാലമായും ആഗോള സംവാദത്തിനുള്ള വേദിയായും സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചാലക ശക്തിയായും മതങ്ങള്‍ തമ്മിലുള്ള സമാധാന സഹവര്‍ത്തിത്വത്തിെൻറ കണ്ണിയായും... അങ്ങനെ ശൈഖ് സായിദ് മസ്ജിദി‍െൻറ ദൗത്യം വിശാലവും വിപുലവുമാണ്. രാജ്യത്തി‍െൻറ സ്ഥാപക പിതാവായ ശൈഖ് സായിദ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. യു.എ.ഇയിലെ ഏറ്റവും വലിയ മസ്ജിദ്. ട്രിപ് അഡ് വൈസറില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന, അബൂദബി നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം. 1990കളുടെ മധ്യത്തില്‍ ശൈഖ് സായിദാണ് പദ്ധതി ആരംഭിച്ചത്. 2007ല്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. 2004 ശൈഖ് സായിദി‍െൻറ മരണത്തെ തുടര്‍ന്ന്, മോസ്‌കി‍െൻറ ഉള്ളില്‍ തന്നെ അദ്ദേഹത്തിന് ഖബറിടം ഒരുക്കി.

ആനന്ദം പകരാന്‍ ഫണ്‍ ബ്ലോക്ക്

ശൈഖ് സായിദ് ഗ്രാന്‍റ് മോസ്‌ക് സെന്‍ററിലെ ഭൂഗര്‍ഭ സന്ദര്‍ശകകേന്ദ്രവും കമ്പോളവുമായ സൂഖ് അല്‍ ജാമിയില്‍ കുടുംബങ്ങളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ ചില്ലറ വിൽപന ശൃംഖലയായ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പി‍െൻറ വിനോദ വകുപ്പായ ലാന്‍ഡ് ലെയ്ഷര്‍ ആണ് ഫണ്‍ ബ്ലോക്ക് എന്ന പേരില്‍ ഇന്‍ഡോര്‍ കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. ഒന്നു മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇരുപതിലേറെ വിനോദ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ സകുടുംബം പങ്കെടുക്കാവുന്ന അനേക കളികളും സജ്ജമാക്കിയിട്ടുണ്ട്. റൈഡുകളും വിഡിയോ ഗെയിമുകളുമൊക്കെ കുട്ടികളുടെ സന്തോഷനിമിഷങ്ങള്‍ക്ക് മധുരം പകരും. ഗ്രാന്‍ഡ് മോസ്‌കി‍െൻറ ശില്‍പചാതുരിയും മനോഹാരിതയും ആസ്വദിക്കാന്‍ ലോകത്തി‍െൻറ നാനാഭാഗങ്ങളില്‍നിന്ന് ലക്ഷങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. അതുകൊണ്ടാണ് യു.എ.ഇയുടെ കാഴ്ചകളില്‍ ഒഴിച്ചുകൂടാനാവാത്തതും വിനോദ-ആത്മീയ കേന്ദ്രങ്ങളുടെ പട്ടികയില്‍ മസ്ജിദ് അബൂദബിയുടെ ഐക്കണായി നിലകൊള്ളുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiRamadanSheikh Zayed Grand Mosque
News Summary - Abu Dhabi Sheikh Zayed Grand Mosque
Next Story