ഹജ്ജ് അവസാനിച്ചതോടെ മദീനയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് വർധിച്ചു
text_fieldsജിദ്ദ: ഹജ്ജ് അവസാനിച്ചതോടെ മദീനയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് വർധിച്ചു. ഇതോട മദീനയിലെ താമസനിരക്ക് 40 ശതമാനമായി ഉയർന്നു. മദീന സന്ദർശനം പൂർത്തിയാക്കുന്ന മലയാളി ഹാജിമാരുടെ മടക്കയാത്ര ഈ മാസം 13ന് ആരംഭിക്കും. ഹജ്ജ് കർമങ്ങൾ ആരംഭിക്കാനായതോടെ മദീനയിലെത്തിയ ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടിരുന്നു.
ഇതോടെ മദീനയിലെ ഹോട്ടലുകളും താമസസ്ഥലങ്ങളും പൂർണമായും വിജനമായി. എന്നാൽ ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി ഹാജിമാർ എത്തിത്തുടങ്ങിയതോടെ താമസസ്ഥലങ്ങളിൽ വീണ്ടും തിരക്ക് വർധിച്ചു തുടങ്ങി.
വെള്ളിയാഴ്ച വരെ 1,95,282 തീർഥാടകർ മദീനയിലെത്തി. ഇതോടെ മദീനയിലെ താമസനിരക്ക് 40 ശതമാനമായി ഉയർന്നതായി മദീന ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. റോഡ് വഴിയും വിമാനം വഴിയും ഹറമൈൻ ട്രെയിനുകളിലുമായാണ് ഹാജിമാർ മദീനയിലെത്തുന്നത്.
പ്രവാചക നഗരിയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സേവനങ്ങൾ നൽകുന്നതിനും നിരവധി സ്വദേശികളും താൽപര്യം കാണിക്കുന്നുണ്ട്. 75,787 പേർ ഇതുവരെ മദീനയിൽനിന്നും തങ്ങളുടെ നാടുകളിലേക്ക് മടങ്ങി. ശേഷിക്കുന്നവരിൽ വിവിധ രാജ്യക്കാരായ 1,19,480 ഹാജിമാരാണ് ഇപ്പോൾ മദീനയിലുള്ളത്.
63,047 തീർഥാടകർക്ക് ഇതുവരെ മെഡിക്കൽ സേവനങ്ങൾ നൽകിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാളി ഹാജിമാരും മദീനയിലെത്തി തുടങ്ങി. ഈ മാസം 13 മുതലാണ് മദീനയിലെത്തുന്ന മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുക. ഇവർ മദീന വഴിയാകും നാട്ടിലേക്ക് തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.