സ്വർണമിനാരങ്ങളുമായി ഷാർജയിലെ അൽ മഗ്ഫിറ പള്ളി
text_fieldsആയിരത്തിലധികം പള്ളികളുള്ള ഷാർജയിൽ ശ്രദ്ധേയമായ പള്ളികൾ മിക്കതും വാസ്തുശൈലികൊണ്ടും നിർമാണ രീതികൊണ്ടും വ്യത്യസ്തമായവയാണ്. എത്ര പുതിയ പള്ളികൾ നിർമിച്ചാലും മാറ്റ് നഷ്ടപ്പെടാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും ഷാർജയിലുണ്ട്. ഷാർജയിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു പള്ളിയാണ് ഷാർജ കോർണിഷിൽ സ്ഥിതിചെയ്യുന്ന അൽ മഗ്ഫിറ പള്ളി. സ്വർണനിറത്തിലുള്ള മിനാരങ്ങളുമായി കടൽക്കരയിൽ ഉദിച്ചുനിൽക്കുന്ന ഈ പള്ളി ഷാർജയിലെ റാഡിസൺ ബ്ലൂ ഹോട്ടലിന് സമീപത്തെ അൽ സീഫ് ഏരിയയിലാണ് നിലകൊള്ളുന്നത്.
3,000 പേരെ ഉൾക്കൊള്ളാവുന്ന പള്ളിയിൽ 2000 പേർക്കുള്ള പ്രാർഥന സൗകര്യം ഒരുക്കിയിട്ടുണ്ട്. 1999ൽ നിർമിച്ച പള്ളി 2002ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. സ്വർഗത്തിലെ നക്ഷത്രങ്ങൾക്കിടയിൽ സൂര്യനെപ്പോലെയാണ് ആളുകൾ ഈ പള്ളിയെ വിശേഷിപ്പിക്കാറുള്ളത്.
ശാന്തസുന്ദരമായ കടൽക്കരയിലെ ഈ പള്ളി പ്രാർഥനക്കായി ആളുകൾ തിരഞ്ഞെടുക്കുന്ന പ്രദേശത്തെ പ്രധാന പള്ളിയാണ്. സ്വർണമിനാരങ്ങൾ കൊണ്ട് മനോഹരമായ പുറംഭാഗം പോലെ തന്നെ മനോഹരമാണ് ഉൾവശവും. പരമ്പരാഗത ഇമാറാത്തി രീതിയിൽ നിർമിച്ച പള്ളിയുടെ പ്രധാന ഹാളിൽ കാലിഗ്രഫികൊണ്ട് മനോഹരമായ കൊത്തുപണികളും ഒരുക്കിയിട്ടുണ്ട്.
റമദാനിലും ഷാർജയിലെ ഈ 20 വർഷത്തോളം പഴക്കമുള്ള പള്ളി അന്വേഷിച്ച് ആളുകളെത്തുന്നത് ഇതിന്റെ മനോഹാരിതയും സ്ഥലസൗകര്യവും കൊണ്ടാണ്. രാത്രികാലങ്ങളിൽ പള്ളിയിലെ സ്വർണമിനാരങ്ങളിൽ പതിക്കുന്ന വെളിച്ചം തൊട്ടടുത്ത കടലിലേക്കലയായടിക്കുന്ന കാഴ്ചയൊന്ന് കാണേണ്ടതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.