ഗ്രാമപാതയിലെ അൽ ശാരിഅ പള്ളി
text_fieldsമഞ്ഞണിഞ്ഞ വെയിലത്ത് ദുബൈയുടെ ഹത്ത മലയോര മേഖലക്ക് കൊന്നപ്പൂവിന്‍റെ ചേലാണ്. ഹജ്ജര്‍ മലകള്‍ താണ്ടിയെത്തുന്ന വടക്കന്‍ കാറ്റിനോടൊപ്പം മഞ്ഞിന്‍ കണങ്ങള്‍ താഴ്വരയിലേക്ക് പൊഴിക്കുന്ന കുളിരിന്‍റെ സുഖം ഹത്തയിലെ മരങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. മലമടക്കുകള്‍ക്കിടയില്‍ നിന്ന് കിനിയുന്ന കന്‍മദം ഹത്തയുടെ സൗഭാഗ്യമാണ്.
പാറമടക്കുകള്‍ക്കിടയിലൂടെ അവ ജലധാരയായി ഒഴുകുന്നു. ചരിത്രങ്ങളുടെ പ്രൗഡിയുമായി നില്‍ക്കുന്ന ഹത്തയിലെ അല്‍ ശാരിഅ പള്ളി പരമ്പരാഗത ഗ്രാമത്തിന് തൊട്ടടുത്താണ്. പരമ്പരാഗത ഗ്രാമത്തിലാകട്ടെ സന്ദർശകർക്കായി നിരവധി കാഴ്ച്ചകൾ കാത്തിരിപ്പുണ്ട്. പൗരാണിക കോട്ടകളും കാവൽമാടങ്ങളും കൃഷിയിടങ്ങളും മസറകളും പരമ്പരാഗത ഗ്രാമത്തിലും തൊട്ടടുത്തും കാണാം. ഒറ്റ നോട്ടത്തിൽ കേരളീയ മാതൃകയിലാണ് ഈ പള്ളിയെന്ന് തോന്നിപോകും.
പടിപ്പുരയും കമാനങ്ങളും വാതിലുകളുമെല്ലാം കേരളീയ തനിമ വിളിച്ചോതുന്നു. വഴിയോരങ്ങളിൽ കിണറുകളും തോട്ടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഓവുച്ചാലുകളും കാണാം. ചാലുകൾക്ക് ചുറ്റും ചിക്കിപരത്തി നടക്കുന്ന നാടൻ കോഴികൾ. ഹത്ത സന്ദര്‍ശിക്കുന്നവര്‍ ഈ പള്ളി മാത്രം കണ്ടാല്‍ പോര. പള്ളിയുടെ പിറക് വശത്തായി വലിയൊരു കാര്‍ഷിക മേഖലയുണ്ട്. കാട് പോലെ ഇരുണ്ട് കിടക്കുന്ന അല്‍ ശാരിഅ വിശ്രമ മേഖല. ഈന്തപ്പന, ബെറി, ബദാം, മാവ്, പുല്ല്, നാരങ്ങ തുടങ്ങിയവ ഇവിടെ കൃഷിചെയ്യുന്നു. കാര്‍ഷിക മേഖലയെ വേലി കെട്ടി സംരക്ഷിക്കുന്നത് പ്രകൃതി വളര്‍ത്തുന്ന വൃക്ഷങ്ങളാണ്. മരുഭൂമിയില്‍ അപൂര്‍വ്വമായി കാണുന്ന വൃക്ഷങ്ങള്‍ ഈക്കൂട്ടത്തിലുണ്ട്. ഈ കാര്‍ഷിക മേട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന കാറ്റിന് നല്ല ഒന്നാന്തരം മൂത്ത് പഴുത്ത നാരങ്ങയുടെയും മറ്റ് ഫലവർഗങ്ങളുടെയും സുഗന്ധമാണ്.
കരിയിലകളില്‍ വീണ് കിടക്കുന്ന മൂത്ത് പഴുത്ത നാരങ്ങയുടെ മഞ്ഞ ചന്തം കാണേണ്ടത് തന്നെ. മലമടക്കുകളെ തട്ട് തട്ടായി വേര്‍തിരിച്ചാണ് ഇവിടുത്തെ കൃഷി. വിളവെടുപ്പ് കഴിഞ്ഞ പാടത്ത് അടുത്ത വിളക്കായി മണ്ണ് പാകപ്പെടുത്തിയിട്ടിരിക്കുന്നു. തോട്ടത്തിലൂടെ കുറെദൂരം നടക്കുമ്പോള്‍ ബദാം മരങ്ങളുടെ നിര. ബദാമുകള്‍ക്ക് പിറകിലായി പുരാതന അറബി വീടുകള്‍. അവക്കുചുറ്റും വിവിധ തരം പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്. തക്കാളിയും പച്ചമുളകും വെണ്ടയും ധാരാളമുണ്ട്. ഇടയന്‍മാരില്ലാതെ മലയില്‍ മേഞ്ഞ് നടക്കുന്ന ആടുകള്‍ ഇരുട്ടുന്നതിന് മുമ്പ് തന്നെ മലയിറങ്ങുന്നു.
അല്‍ ശാരിഅ മേഖലയുടെ ഒരു വിളിപ്പാടകലെയാണ് ഹത്ത അണക്കെട്ട്. ഇടക്ക് കിട്ടിയ മഴ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തിയിട്ടുണ്ട്. തോടുകളിലും വെള്ളമുണ്ട്. അണക്കെട്ടിലെ ജലപ്പരപ്പില്‍ കയാക്കിങ് ബോട്ടുകളുടെ ചന്തം. കയാക്കന്‍മാരുടെ പ്രകടനം വീക്ഷിച്ച് സഞ്ചാരികള്‍. അണക്കെട്ടിറങ്ങി താഴത്ത് എത്തുമ്പോള്‍ തോട്ടങ്ങളിലേക്ക് ജലവുമായി പോകുന്ന വലിയ തോടുകള്‍. കൂറ്റന്‍ കോണ്‍ക്രീറ്റ് ടാങ്കില്‍ വെള്ളം കെട്ടിനിറുത്തിയാണ് തോട്ടിലൂടെ വെള്ളം കാര്‍ഷിക ഭൂമിയിലേക്ക് എത്തിക്കുന്നത്. തോടിന്‍റെ വക്കത്ത് പുല്ലുകളും വളരുന്നു. ഒമാനുമായി അതിര്‍ത്തി പങ്കിടുന്ന ഹത്തക്കുള്ളില്‍ അജ്മാനുമുണ്ടൊരു ഗ്രാമം, പേര് മസ്ഫൂത്ത്.
ദുബൈയിലെ സബ്ക്ക ബസ് സ്റ്റേഷനില്‍ നിന്ന് 16ാം നമ്പര്‍ ബസാണ് ഹത്തയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. 10 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. മുമ്പ് ഷാര്‍ജയുടെ മദാമില്‍ നിന്ന് ഒമാന്‍റെ ഭാഗമായ റൗദയിലുടെയായിരുന്നു ബസ് ഹത്തയിലേക്ക് പോയിരുന്നത്. എന്നാല്‍, ഈ വഴി ജി.സി.സി രാജ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനെ തുടര്‍ന്ന് ഷാര്‍ജ-മലീഹ റോഡിലൂടെ വേണം ഹത്തയിലേക്ക് പോകാന്‍. വഴിയോരകാഴ്ച്ചകളാല്‍ സമ്പന്നമാണ് ഈ വഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.