മുഅദ്ദിൻ അലി അഹ്മദ് മുല്ല ബാങ്കൊലിയുടെ ശ്രുതിമാധുര്യം
text_fieldsജിദ്ദ: ശ്രുതിമധുരമായ ശബ്ദം കൊണ്ട് മുസ്ലിം ലോകത്തെ ജനങ്ങളെ വിസ്മയിപ്പിച്ച മുഅദ്ദീനാണ് അലി അഹ്മദ് മുല്ല. 45 വർഷമായി മസ്ജിദുൽ ഹറമിൽ ബാങ്ക് വിളിച്ചുകൊണ്ടിരിക്കുന്നു. വ്യതിരിക്തമായ ശബ്ദത്തിലൂടെ, മക്ക ഹറമിലെത്തുന്നവർക്ക് വേറിട്ട അനുഭൂതിയാണ് അലി മുല്ല സമ്മാനിക്കുന്നത്. ബാങ്കൊലിയുടെ ശബ്ദ മാധുര്യം ‘ബിലാൽ അൽഹറം’ എന്ന വിശേഷണം അദ്ദേഹത്തിന് നേടി ക്കൊടുത്തിട്ടുണ്ട്. എട്ട് വർഷത്തോളമായി ഹറമിലെ മുഅദ്ദിനുകളുടെ മേധാവിയാണ് അദ്ദേഹം.
1945ൽ മക്കയുടെ സമീപ പ്രദേശമായ സൂഖ് അൽലൈലിലാണ് അലി മുല്ല ജനിച്ചത്. ബാങ്ക് വിളിയുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കുടുംബത്തിലെ പൂർവികർ ഹറമിൽ ബാങ്ക് വിളിക്കുകയും മുഅദ്ദീന്മാരായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 1975 മുതൽ അലി മുല്ല ഹറമിൽ മുഅദ്ദീനായി പ്രവർത്തിച്ചുവരുന്നു. ബന്ധുവായ ശൈഖ് അബ്ദുൽ മാലിക് അൽമുല്ലയുടെ മരണശേഷം ഹറമിലെ മുഅദ്ദിനുകളുടെ തലവനായി. ഇന്ന് മക്ക ഹറമിലെ ഏറ്റവും പ്രശസ്തമായ മുഅദ്ദിന്മാരിൽ ഒരാളായാണ് അലി മുല്ല അറിയപ്പെടുന്നത്. ഹറമിലെ ബാങ്ക് വിളിയുടെയും ഉച്ചഭാഷിണിയുടെയും ചരിത്രത്തെക്കുറിച്ച് നന്നായി അറിയാവുന്ന വ്യക്തി കൂടിയാണ്.
നാലര പതിറ്റാണ്ടിലേറെയായി ശ്രുതിമധുരമായ ശബ്ദം കൊണ്ട് ഇസ്ലാമിക ലോകത്തെ ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് അലി മുല്ല. വേറിട്ട ശബ്ദമാണ് അദ്ദേഹത്തിന്റേത്. ഇസ്ലാമിക ലോകത്തിന്റെ ചെവികളിൽ എന്നും ഓർത്തുകൊണ്ടിരിക്കുന്ന ശബ്ദമായി ഇന്നത് മാറിക്കഴിഞ്ഞു. ഹറമിലെ ശൈഖ് ആശൂറിന്റെ ഖുർആൻ പഠനക്ലാസിലാണ് ശൈഖ് മുല്ല ആദ്യം പഠനം ആരംഭിച്ചത്. തുടർന്ന് ഹറമിനുള്ളിലെ മസ്അയയിലെ അൽറഹ്മാനിയ പ്രാഥമിക സ്കൂളിൽനിന്ന് വിദ്യാഭ്യാസം നേടി. ജിദ്ദയിലെ അൽ താഗർ മോഡൽ സ്കൂളിൽ നാലും അഞ്ചും ക്ലാസുകൾ പഠിച്ചു. ശേഷം ആർട്ട് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മൂന്നു വർഷം അവിടെ കഴിഞ്ഞു. ആർട്ട് വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും തുടർന്ന് അതിൽ ബിരുദാനന്തര ബിരുദവും നേടി.
മക്ക ഹറമിൽ മുഅദ്ദീനായി ജോലിയിൽ ചേർന്ന കഥ അലി മുല്ല പറയുന്നതിങ്ങനെയാണ്: ‘ഞാൻ മക്ക ഹറമിൽ ബാങ്ക് വിളിക്കുന്ന ആളാകുമെന്ന് പിതാവ് എന്നെ അറിയിച്ചതാണ് എന്റെ ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും വലിയ വാർത്ത. അത് 1974ലായിരുന്നു. ‘അൽസിയാദ’ കവാടത്തിലെ മിനാരത്തിൽനിന്ന് സുബ്ഹി നമസ്കാരത്തിനാണ് ഞാൻ ആദ്യമായി ബാങ്ക് വിളിക്കുന്നത്. അന്ന് മൈക്ക് ഇല്ലായിരുന്നു. അത് താഴെ ഇരിക്കുന്നവർ മാത്രം കേട്ടു. പിന്നീട് ബാങ്ക് വിളി അൽ മഹ്കമ കവാടത്തിലെ മിനാരത്തിലേക്ക് മാറി. വർഷങ്ങളോളം അവിടെ വെച്ചായിരുന്നു ബാങ്ക് വിളിച്ചിരുന്നത്’.
‘ബിലാൽ അൽഹറം’ എന്ന വിശേഷണം ലഭിച്ചതിലും അലി മുല്ല സന്തോഷവാനാണ്. ആ സന്തോഷം അദ്ദേഹം മറച്ചുവെക്കുന്നില്ല. അതെനിക്ക് പ്രിയപ്പെട്ട പേരാണെന്നും ബ്രിട്ടനിലെ മുസ്ലിംകൾ സൗദി അറേബ്യ നിർമിച്ച നിരവധി പള്ളികളുടെ ഉദ്ഘാടന വേളയിലാണ് ‘ബിലാൽ അൽഹറം’ എന്ന വിളിപ്പേര് നൽകിയതെന്നും അവിടെയുള്ള ദിനപത്രങ്ങളിൽ അത് റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്ഷരങ്ങളുടെ പ്രകടനത്തിന്റെയും അവയുടെ പുറപ്പാടിന്റെയും കാര്യത്തിൽ മക്ക ഹറമിലെയും മറ്റ് പള്ളികളിലെയും ബാങ്കുകൾ തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന് ശൈഖ് മുല്ല പറഞ്ഞു. ഹറമിലെ മുഅദ്ദിനുകൾക്ക് ഓരോന്നിനും തനതായ പ്രകടന ശൈലി ഉണ്ട്. അത് മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവരുടെ ശബ്ദത്തിന്റെ ശക്തിയും സ്വരത്തിന്റെ ഗാംഭീര്യവും അവരെയെല്ലാം വേർതിരിക്കുന്നു. മസ്ജിദുന്നബവിയിലെ മുഅദ്ദിനുകൾ അവരുടെ ശബ്ദ മൃദുലതയാൽ വേറിട്ടുനിൽക്കുന്നു. അവരുടെ എല്ലാ ശബ്ദങ്ങളും പരസ്പരം അടുത്താണ്. അവ തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.