പ്രകാശം പരത്തുന്ന അൽനൂർ മസ്ജിദ്
text_fieldsഷാർജയിലെ ബുഹൈറ കോർണിഷിനോട് ചേർന്ന് പരമ്പരാഗത ഇസ്ലാമിക ശൈലിയിൽ ഉയരത്തിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളുമൊക്കെയായി മനോഹരമായൊരു പള്ളി കാണാം. ഷാർജയിൽ വെളിച്ചം വിതറുന്ന അൽനൂർ മസ്ജിദാണിത്. അൽനൂർ എന്നാൽ വെളിച്ചം എന്നർഥം. ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ വർണവെളിച്ചം കൊണ്ട് മനോഹരമായൊരുങ്ങിയ അൽനൂർ മസ്ജിദ് തന്നെയാണ് പ്രധാന ആകർഷണമാകാറുള്ളത്. ബ്ലൂ മോസ്ക് എന്നും പള്ളി അറിയപ്പെടുന്നു.
ഓട്ടോമൻ ശൈലിയിലുള്ള ഉയർന്ന മിനാരങ്ങളും താഴികക്കുടവും വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ കൊത്തിവെച്ചിരിക്കുന്ന പള്ളിക്കുള്ളിലെ ചുമരുകളും സന്ദർശകരെ ആകർഷിക്കുന്നു. പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന അൽനൂർ മസ്ജിദിൽ ഇതരമതസ്ഥർക്കും പ്രവേശിക്കാനാകും. ഇസ്ലാമിക സംസ്കാരവും ഇമാറാത്തി ചരിത്രവും പൈതൃകവും പള്ളിയുടെ മനോഹരമായ വാസ്തുവിദ്യയെക്കുറിച്ചുമൊക്കെ അറിയാനുള്ള അവസരവും അൽനൂർ മസ്ജിദിൽ ഒരുക്കിയിട്ടുണ്ട്. പള്ളിയെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ പ്രത്യേകം ഗൈഡുകളും ഇവിടെയുണ്ട്.
ഷാർജയിൽ ഏകദേശം 600ലധികം മസ്ജിദുകളുണ്ട്. എന്നാൽ, അവയിൽനിന്നെല്ലാം അൽ നൂർ മസ്ജിദ് വേറിട്ടുനിൽക്കുന്നത് രാത്രിയിൽ മനോഹരമായി പ്രകാശിക്കുന്ന പള്ളിയായിട്ടാണ്. രാത്രികാലങ്ങളിൽ ഷാർജ കോർണിഷിലാകെ പ്രകാശം പരത്തിനിൽക്കുന്ന അൽനൂർ മസ്ജിദ് കാണാൻ റമദാനിലും സന്ദർശകർ എത്താറുണ്ട്.
ഷാർജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് അൽ നൂർ മസ്ജിദ് പണികഴിപ്പിച്ചത്. 2005ൽ പൂർത്തിയാക്കിയ മസ്ജിദ് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ്. 2,200 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം ഒരുക്കിയ അൽനൂർ മസ്ജിദിൽ സ്ത്രീകൾക്കായി പ്രത്യേക സൗകര്യവുമുണ്ട്.
ക്ലാസിക്കൽ ടർക്കിഷ് ഓട്ടോമൻ വാസ്തുവിദ്യയിലാണ് അൽ നൂർ മസ്ജിദിന്റെ നിർമാണം. ഇസ്തംബൂളിലെ സുൽത്താൻ അഹ്മദ് മസ്ജിദിന് സമാനമായ ഘടകങ്ങളും മസ്ജിദിന്റെ രൂപകൽപനയിൽ അടങ്ങിയിട്ടുണ്ട്. പ്രധാന കവാടത്തിന് ഇരുവശത്തും 52 മീറ്റർ ഉയരത്തിൽ മനോഹരമായ രണ്ട് മിനാരങ്ങളുമുണ്ട്.
34 താഴികക്കുടങ്ങളാണ് പള്ളിക്കുള്ളത്. ഇവക്ക് ചുറ്റും നിരവധി ചെറിയ താഴികക്കുടങ്ങളും ഓരോ കോണിലും നാലു ചെറിയ താഴികക്കുടങ്ങളുമുണ്ട്. മേൽക്കൂരയുടെ അരികിലും കമാനാകൃതിയിലുള്ള വാതിലുകളിലും ജനലുകളിലും കൊത്തുപണികൾ ചെയ്ത അലങ്കാരങ്ങളും കാണാം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.