സ്നേഹവും ലാളിത്യവും പകരാം
text_fieldsക്രിസ്തുവിന്റെ ജനന ദിവസം രാത്രിയിൽ ആട്ടിടയന്മാർക്കു പ്രകാശം കാണപ്പെടുകയും കർത്താവിന്റെ ദൂതൻ പ്രത്യക്ഷനാവുകയും ചെയ്തു. രക്ഷിതാവിന്റെ ജനന വാർത്ത അവരെയറിയിക്കുകയും സ്വർഗീയ സൈന്യത്തിൽ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം. ലോകത്തിന്റെ രക്ഷകനായ ദൈവത്തിന്റെ രക്ഷണ്യ പ്രവർത്തനത്തിന്റെ പൂർണരൂപമാണ് ക്രിസ്തുവിൽ നാം ദർശിക്കുന്നത്. മനുഷ്യന്റെ സങ്കൽപങ്ങളെ കീഴ്മേൽ മറിക്കുന്നതായിരുന്നു ദൈവത്തിന്റെ രക്ഷാ പദ്ധതി.
നമ്മുടെ നീതി പ്രവർത്തികളോ യോഗ്യതകളോ ഒന്നും കണക്കാക്കിയല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിനായി ദൈവം തിരഞ്ഞെടുത്തത് സാധാരണക്കാരിയായ മറിയം എന്ന സ്ത്രീയെയാണ്. അവൾ ഒരു രാജകുമാരിയോ സമൂഹത്തിൽ പൊതു അംഗീകാരമുള്ളവളോ സ്ഥാനമാനമുള്ളവളോ ആയിരുന്നില്ല. ഈ തെരഞ്ഞെടുപ്പാണ് ദൈവകൃപയെന്നു പറയുന്നത്. അതുകൊണ്ടാണ് ‘കൃപ നിറഞ്ഞവളെ’ യെന്നു ഗബ്രിയേൽ മാലാഖ മറിയത്തെ സംബോധനം ചെയ്യുന്നത്.
യേശു ലോകത്തിലേക്കുവന്നത് കൃപയും സത്യവും നിറഞ്ഞവനായിട്ടാണ്. യേശുവിനെ ലോകത്തിനു നൽകിയത് ദൈവത്തിന്റെ സ്നേഹവും കൃപയുമാണ്. ദൈവം പാപത്തെ വെറുക്കുന്നെങ്കിലും പാപിയെ സ്നേഹിക്കുന്നു. യേശു ലോകത്തിലേക്കുവന്നത് തന്റെ ജനത്തെ പാപത്തിൽ നിന്നു വിടുവിക്കാനാണ്.
അതുകൊണ്ടാണ് കർത്താവിന് ‘യേശു’എന്ന പേരു ലഭിച്ചത്. മത്സ്യത്തിനു വെള്ളത്തിൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്നതുപോലെ മനുഷ്യനു ദൈവകൃപയുടെ തണലിൽ മാത്രമേ ജീവിക്കാൻ കഴിയു. ദൈവം മനുഷ്യരുടെ മുന്നിൽ പ്രകടിപ്പിക്കാൻ ആഗ്രഹിച്ചത് സ്നേഹവും ലാളിത്യവുമാണ്. ആഗോളവത്കരണത്തിന്റെ ഫലമായി സ്വാർഥതയും ആർത്തിയും വർധിച്ച മനുഷ്യന് ദൈവം നൽകുന്ന അടയാളമാണിത്. ദൈവം ആഗ്രഹിച്ചതുപോലെ സ്നേഹവും ലാളിത്യവും ഉള്ളവരായി ജീവിക്കാൻ നമുക്ക് ഓരോരുത്തർക്കും ഇടയാകട്ടെ.
ഫാ ജേക്കബ് ടി.ഐ തുരുത്തിക്കോണത്ത്
(സെൻറ് എഫ്രേം ക്നാനായ ചർച്ച് ഗാല, മസ്കത്ത് )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.