ആനുമ്മയുടെ നോമ്പനുഭവത്തിന് അതിജീവനത്തിന്റെ കരുത്ത്
text_fieldsവടുതല: ‘ഞങ്ങളുടെ ചെറുപ്പകാലത്ത് നോമ്പുകാലവും അല്ലാത്തപ്പോഴുമെന്ന വ്യത്യാസം ഭക്ഷണകാര്യത്തിൽ ഇല്ലായിരുന്നു’ -അരൂക്കുറ്റി പഞ്ചായത്ത് 11ാം വാർഡ് വടക്കേ കളത്തേഴത്ത് ആനുമ്മ തന്റെ പഴയകാല നോമ്പനുഭവങ്ങൾ പറഞ്ഞു തുടങ്ങിയതിങ്ങനെ.
ചെറുപ്രായത്തിൽ തുടങ്ങിയ നോമ്പനുഷ്ഠാനവും ഖുർആൻ പാരായണവും 84-ാം വയസ്സിലും മുടക്കമില്ലാതെ തുടരുന്നു. മലയാളം എഴുതാനോ വായിക്കാനോ അറിയില്ലെങ്കിലും ഖുർആൻ ഒഴുക്കോടെ ഓതും. അറബിമലയാളവും വായിക്കും. പ്രായത്തിന്റേതായ ശരീരവേദന ഒഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. ഇപ്പോഴത്തെ നോമ്പുകാലം സമൃദ്ധവും സമ്പന്നവും പലപ്പോഴും ആർഭാടവുമാണെന്ന് ആനുമ്മ തുറന്ന് പറഞ്ഞു.
അന്നൊക്കെ നോമ്പ് ശരിക്കും പട്ടിണി തന്നെയായിരുന്നു. കഞ്ഞിവെള്ളം മാത്രം കുടിച്ച് നോമ്പ് എടുത്ത ദിനങ്ങൾ നിരവധിയാണ്. തുറക്കുന്ന സമയത്ത് മധുരമിടാത്ത കട്ടൻ ചായയും അണ്ടിപ്പിണ്ണാക്കും ആയിരിക്കും മിക്കപ്പോഴും വിഭവം. ഇന്നത്തെ പോലെ നോമ്പുതുറകളോ സക്കാത്ത് വിതരണമോ ഒന്നും ഉണ്ടായിരുന്നില്ല. റമദാൻ പിറ കണ്ടാലും പെരുന്നാൾ പിറ കണ്ടാലും നാട്ടിലെ ആണുങ്ങൾ ‘നിലാവു കണ്ടേ പൂയ്...’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു നടക്കുമായിരുന്നു. പെരുന്നാൾ തലേന്ന് രാത്രി അടുത്തുള്ള വീടുകളിലെ പെണ്ണുങ്ങൾ ഒന്നിച്ചിരുന്ന് മുറ്റത്ത് അടുപ്പുകൂട്ടി പത്തിരി പരത്താനും ചുടാനും ഒക്കെയായി വർത്തമാനമൊക്കെ പറഞ്ഞ് പാതിരാത്രിയോളം ഇരിക്കും.
40 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. കേരള മുസ്ലിം നവോത്ഥാന നായകരിൽ ഉൾപ്പെട്ട ശൈഖ് മാഹിൻ ഹമദാനി തങ്ങളുടെ നാലു മക്കളിൽ ഇളയ പുത്രൻ അഹമ്മദുല്ലയാണ് ഭർത്താവ്. ഭർത്താവ് മരിക്കുമ്പോൾ മൂത്ത പുത്രിക്ക് 16 വയസ്സും ഇളയ മകന് ഒന്നര വയസ്സും പ്രായം. വറുതിയുടെ കനലെരിയുന്ന പകലും രാവും. ജീവിതയാത്രക്ക് കരുത്തേകുന്നതിൽ നോമ്പുകാലം വളരെയധികം സഹായിച്ചു. എട്ട് മക്കൾ, എട്ട് മരുമക്കൾ, 26 പേരക്കുട്ടികൾ, 32 പാട്ടക്കുട്ടികൾ ഉള്ള ആനുമ്മ, അഞ്ചാം തലമുറയുടെ നോമ്പനുഷ്ഠാനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അഞ്ചുവർഷത്തോളമായി റമദാനിൽ ആറ് പ്രാവശ്യമെങ്കിലും ഖുർആൻ പൂർണമായും ഓതി തീർക്കുന്നു. ആനുമ്മക്ക് പുതുതലമുറയോടുള്ള ഉപദേശം ഖുർആൻ മുറുകെ പിടിക്കുക എന്ന് തന്നെയാണ്.
ഇളയ മകൻ വി.എ. അബൂബക്കറിന്റെ (അധ്യാപകൻ വി.ജെ.എച്ച്.എസ്) കൂടെയാണ് താമസം. ഖദീജ, നബീസ, മറിയം ബീവി, മുഹമ്മദ്, ശംസുദ്ദീൻ, നസീമ, ലൈല എന്നിവരാണ് മറ്റു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.