Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightജുദ് ജുദ് ജുഹ്ദക്ക...

ജുദ് ജുദ് ജുഹ്ദക്ക ഫിന്നമ ഹബ്ബാ...

text_fields
bookmark_border
ജുദ് ജുദ് ജുഹ്ദക്ക ഫിന്നമ ഹബ്ബാ...
cancel
Listen to this Article

ഹിജാബ് ധരിക്കാത്ത, നെറ്റിയിൽ തിലകക്കുറി ചാർത്തിയ നിഖിത മോൾ സങ്കീർണമായ അറബി പദവിന്യാസങ്ങളുള്ള വരികളാൽ സ്വരമാധുരി തീർക്കുന്നത് ആരിലും വിസ്മയമുണർത്തും. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് പുളിങ്കടവിലെ തോരക്കാടൻ ഗോപാലന്റെ മകൾ നിഖിത അങ്ങനെയാണ് സ്കൂൾ കലോത്സവവേദികളിലെ അറബിക് താരമായത്.

''പ്രീ പ്രൈമറി കാലംതൊട്ടേ അറബിയോട് ഞാൻ കൂട്ടാണ്. അന്നത്തെ അധ്യാപികയായിരുന്ന സാറ ടീച്ചർ മറ്റു വിഷയങ്ങളോടൊപ്പം അറബിയും പഠിപ്പിക്കും. അതും ഞാൻ പഠിക്കേണ്ടതാണ് എന്നായിരുന്നു എന്റെ ധാരണ. പിന്നെപ്പിന്നെ അറബിയോട് ഇഷ്ടം കൂടി. ആവേശത്തോടെ പഠിക്കാനും തുടങ്ങി'' - നിഖിത മോൾ പറയുന്നു.

കേരള പഴയകടക്കൽ ഗവ. യു.പി സ്കൂളിലായിരുന്നു പഠനം. പ്രീ പ്രൈമറിയിൽ അറബി അക്ഷരങ്ങൾ പരിചയിച്ചതിനാൽ ഒന്നാം ക്ലാസിലും തുടർന്നു. അറബി പീരിയഡിൽ മുസ്‌ലിംകളല്ലാത്ത കുട്ടികൾ പുറത്ത് കളിക്കാൻ പോകാറാണ്. എന്നാൽ, നിഖിത ക്ലാസിലിരുന്നു. അമ്മ ശോഭനയും അറബി പഠനത്തിന് അനുവാദം നൽകി. അധ്യാപികമാരുടെ പ്രോത്സാഹനവും പ്രത്യേക ശ്രദ്ധയും കൂടിയായപ്പോൾ അറബി നാവിനും കൈക്കും വഴങ്ങിത്തുടങ്ങി. പാഠപുസ്തകത്തിലെ ചെറിയ പദ്യങ്ങൾ പാടിപ്പഠിച്ച് ചൊല്ലി. സ്വരഭംഗി തിരിച്ചറിഞ്ഞപ്പോൾ അറബി അധ്യാപകർ അതിലും പരിശീലനം നൽകി. അങ്ങനെയാണ് അറബിഗാനം, സംഘഗാനം എന്നിവയിൽ സ്കൂൾതലത്തിലും ഉപജില്ലതലത്തിലും മത്സരിച്ചു തുടങ്ങിയത്. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. ആദ്യ വർഷം തന്നെ അറബി സംഘഗാനത്തിൽ ജില്ല കലോത്സവം വരെയെത്തി.

പേക്ഷ, പിന്നീട് രണ്ടു വർഷം കോവിഡ് കാരണം കലോത്സവം നടക്കാതെ പോയത് നിഖിതക്ക് നഷ്ടമായി. എന്നാൽ, നിഖിത ശരിക്കും അത്ഭുതം കാട്ടിയത് തൊട്ടടുത്ത വർഷമാണ്.

എസ്.എസ്.എൽ.സിയിൽ അറബി ഉൾപ്പെടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ ജേതാവായ നിഖിത നാടിന്റെ അഭിമാനമായി.

വാർത്തമാധ്യമങ്ങളിൽ നിറഞ്ഞ നിഖിതയെ തേടി നാടിന്റെ അഭിനന്ദനപ്രവാഹമെത്തി. ദൈവത്തിനും പിന്നെ അധ്യാപകർക്കും നന്ദിചൊല്ലി നിഖിത മോൾ. ഡോക്ടറോ അറബി അധ്യാപികയോ ആവണമെന്ന അഭിലാഷത്തിൽ ഇതേ സ്കൂളിൽതന്നെ സയൻസ് ഗ്രൂപ്പിൽ അറബി രണ്ടാംഭാഷയായെടുത്ത് പ്ലസ് വണിനും ചേർന്നു.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നിഖിത ആദ്യമായി നോമ്പെടുക്കുന്നത്. അയൽവാസികളും സ്കൂളിലെ കൂട്ടുകാർ മിക്കവരും മുസ്‍ലിം കുട്ടികളാണ്. അവരിൽ പലരും നോമ്പുകാരാവും. എടുത്ത നോമ്പുകളുടെ കണക്കു പറഞ്ഞ് അവർ മേനിനടിക്കും.തർക്കിക്കും. അത് കേൾക്കാൻ രസമാണ്.

നോമ്പെടുക്കണമെന്ന ആഗ്രഹമുണ്ടാകുന്നതും അങ്ങനെയാണ്. എടുത്തുതുടങ്ങിയതോടെ താൽപര്യം കൂടിവന്നു.

ചിലപ്പോൾ പൂർത്തിയാക്കും. വല്ലാതെ ദാഹിക്കുമ്പോൾ അരയിൽ മുറിക്കും.

കളിചിരികൾക്കും പഠനത്തിനുമിടയിൽ വിശപ്പും ദാഹവും അറിഞ്ഞിരുന്നില്ല. നോമ്പുതുറ പലപ്പോഴും അയൽപക്കത്തെ വീടുകളിലെ കൂട്ടുകാരോടൊപ്പമാവും. ഈത്തപ്പഴവും സമൂസയും പത്തിരിയും ബിരിയാണിയും നിറഞ്ഞ തീൻമേശ ആദ്യമായി കാണുന്നത് അങ്ങനെയാണ്. മഗ് രിബ് ബാങ്കൊലിയും കാത്ത് വിഭവങ്ങളുടെ മുന്നിലെ ആ ഇരിപ്പ് ഇപ്പോഴും മറക്കാതെ സൂക്ഷിക്കുന്നു. ഈത്തപ്പഴത്തിന്റെ മധുരവും സമൂസയുടെ സ്വാദും നാവിലൂറി നിൽക്കുന്നു. ഇപ്പോഴും നിഖിത നോമ്പെടുക്കാറുണ്ട്. അമ്മ ശോഭനയും നോമ്പെടുക്കും. ജോലിഭാരം കാരണം പേക്ഷ, അച്ഛന് നോമ്പെടുക്കാൻ കഴിയാറില്ല.

നോമ്പുണ്ടെങ്കിലും ആർക്കും നോമ്പില്ലെങ്കിലും വൈകുന്നേരമാകുമ്പോഴേക്ക് വിഭവങ്ങൾ പല ദിവസങ്ങളിലും അയൽപക്കത്തെ ഏതെങ്കിലും വീടുകളിൽനിന്നായി കൃത്യമായി വീട്ടിലെത്താറുണ്ട്. അതുകൊണ്ടുതന്നെ നോമ്പുകാലത്തെ ഏറെ സന്തോഷത്തോടെയാണ് വരവേൽക്കാറുള്ളതെന്ന് നിഖിത ചിരിയോടെ പറയുന്നു.

പെരുന്നാളാണ് ശരിക്കും ആഘോഷം. മൈലാഞ്ചിച്ചോപ്പും പുത്തനുടുപ്പുകളുടെ മണവും ബിരിയാണിയുടെ സ്വാദുമൊക്കെ പെരുന്നാളുകളെ മറക്കാനാവാത്ത ഓർമദിനങ്ങളാക്കാറുണ്ട് നിഖിതക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2022
News Summary - Arabic song singing girl in Ramdan month
Next Story