ഇന്ന് അറഫ സംഗമം; ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ പഴുതടച്ച ക്രമീകരണങ്ങൾ
text_fieldsജിദ്ദ: ഹജ്ജ് തീർഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം തിങ്കളാഴ്ച. തീർഥാടകർ തങ്ങുന്ന മിനയിൽനിന്ന് രാവിലെ മുതൽ അറഫയിലേക്ക് ഹാജിമാർ എത്തിത്തുടങ്ങും. തൂവെള്ളവസ്ത്രം ധരിച്ച തീർഥാടകലക്ഷങ്ങൾ സംഗമിച്ച് അറഫ മൈതാനം പാൽക്കടലാകുകയാണ് മുൻകാലങ്ങളിൽ പതിവ്.
25 ലക്ഷത്തോളം തീർഥാടകരാണ് സാധരണഗതിയിൽ ഹജ്ജിനുണ്ടാവുക. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ 60,000 തീർഥാടകരെ മാത്രമാണ് ഇൗ വർഷത്തെ ഹജ്ജിൽ പെങ്കടുപ്പിക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പൗരന്മാരും പ്രവാസികളുമായി ആഭ്യന്തര തീർഥാടകർ മാത്രം. ഇത് രണ്ടാം വർഷമാണ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നത്.
തീർഥാടകരെ ബസുകളിലാണ് അറഫയിലെത്തിക്കുക. ഇതിനായി 2500ലധികം ബസുകളാണ് ഒരുക്കിയത്. അറഫയിലെത്തുന്ന തീർഥാടകർ സുര്യാസ്തമയം വരെ മനമുരുകി പ്രാർഥനകളിലും ഖുർആൻ പാരായണത്തിലും മുഴുകും. മസ്ജിദുന്നമിറയിലെ അറഫ പ്രസംഗത്തിനും നമസ്കാരത്തിനും സൗദി പണ്ഡിത കൗൺസിൽ അംഗവും മസ്ജിദുൽ ഹറാം ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല നേതൃത്വം നൽകും.
സൂര്യാസ്തമയത്തിനുശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ രാപാർത്ത ശേഷം ചൊവ്വാഴ്ച രാവിലെ വീണ്ടും മിനയിലെത്തും. ജംറയിൽ കല്ലേറ് കർമം നടത്തും. ശേഷം തമ്പുകളിലെത്തുന്ന തീർഥാടകർ മറ്റ് കർമങ്ങൾ പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.