ആത്മീയതയുടെ ആയാഹ്
text_fieldsസമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ ഏറ്റവും നല്ല മാർഗം സിനിമകളാണ്. ഹ്രസ്വചിത്രങ്ങളിലൂടെയും മറ്റ് സംരംഭങ്ങളിലൂടെയും സാമൂഹിക അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ദുബൈയിലെ പ്രശസ്ത ആക്ടിവിസ്റ്റും ഫിലിം മേക്കറുമായ സെനോഫർ ഫാത്തിമ ആത്മീയ ചിന്തകൾ പകരുന്ന ഷോർട്ട് ഫിലിമുമായെത്തുകയാണ്. എ.ആർ. റഹ്മാന്‍റെ ഫിർദൗസ് സ്റ്റുഡിയോയുമായി ചേർന്ന് 'ആയാഹ്' എന്ന ആത്മീയത വിഷയമായ തന്‍റെ ഏറ്റവും പുതിയ ഷോർട്ട് ഫിലിമിലൂടെ കാഴ്ച്ചക്കാരെ ആത്മീയതയുടെ അനന്തമായ ലോകത്തെത്തിക്കാനൊരുങ്ങുകയാണ് സെനോഫർ. ബൊട്ടീക്ക് ഫിലിം പ്രൊഡക്ഷന്‍റെ സി.ഇ.ഒ കൂടിയാണ് സെനോഫർ.
2018ന്‍റെ തുടക്കത്തിൽ സെനോഫർ സ്വന്തം കമ്പനിയായ സെൻ ഫിലിം പ്രൊഡക്ഷൻസ് ആരംഭിച്ചു. സൗഹൃദത്തിലും വിശ്വാസത്തിലും ഊന്നൽ നൽകുന്ന ഷോർട്ട് ഫിലിമുകളുമായാണ് സെനോഫർ ഫാത്തിമ യു.എ.ഇ ചലച്ചിത്രമേഖലയിലേക്ക് ചുവടുവെക്കുന്നത്. ബോളിവുഡ് നടൻ മുകുൾ ദേവ് അഭിനയിച്ച സൗഹൃദത്തിന്‍റെയും അനുകമ്പയുടെയും കഥയായ 'സെൽഫി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ യാത്രയ്ക്ക് തുടക്കമിട്ടത്.
പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്‌നത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ക്യൂറേറ്റഡ് ഷോർട്ട് ഫിലിമുകളുടെ നിരയായ എനിഗ്മ സീരീസിനും തുടക്കം കുറിച്ചു. പത്തു മിനിറ്റിൽ താഴെയുള്ളതാണ് സെനോഫറിന്‍റെ മിക്ക ഷോർട്ട് ഫിലിമുകളും. രണ്ട് വർഷത്തിനുള്ളിൽ 12-15 ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് സെനോഫർ.
അടുത്തിടെ, സെനോഫർ പൊതു സേവന പ്രഖ്യാപനം എന്ന പേരിൽ ഹ്രസ്വചിത്രം പുറത്തിറക്കിയിരുന്നു. ഇത് കോവിഡ് കാലത്ത് വ്യക്തികളുടെ വിഷാദവും ആത്മഹത്യാ പ്രവണതയും കേന്ദ്രീകരിക്കുന്ന സിനിമയാണ്. ലോക്ക്ഡൗൺ സമയത്ത് ചിത്രീകരിച്ച സ്പെക്ടർ എന്ന സൈക്കോളജിക്കൽ ത്രില്ലർ സീരീസും സെനോഫർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇൻറർനെറ്റ് കുട്ടികളിലുണ്ടാക്കുന്ന അപകടങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയവയൊക്കെ സെനോഫറിന്‍റെ സിനിമകളിൽ വിഷയമായിരുന്നു.
സംഭാഷണങ്ങളില്ലാത്ത സിനിമയാണ് 'ആയാഹ്'. സെനോഫറിന്‍റെ മറ്റു സാമൂഹിക അവബോധം നൽകുന്ന ഷോർട്ട് ഫിലിമിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് ഈ ഷോർട്ട് ഫിലിം. അറബിയിൽ അത്ഭുതം, അടയാളം അല്ലെങ്കിൽ തെളിവ് എന്നൊക്കെ വിശേഷിപ്പുക്കുന്ന 'ആയാഹ്' എന്ന പേരിൽ പുറത്തിറക്കുന്ന ഷോർട്ട് ഫിലിം ഒരാളുടെ സാമൂഹിക നില, പ്രായം തുടങ്ങിയവയെ മറികടക്കുന്ന, നമ്മളും സർവ്വശക്തനും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്ന പ്രാർത്ഥനകളായ 'ദുആ'കളെകുറിച്ചാണ് പറയുന്നത്.
ദൈവത്തിന്‍റെ അത്ഭുതങ്ങൾ വിവേചനം കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് ഫിലിം നൽകുന്ന സന്ദേശം. നമ്മുടെ ജീവിതത്തിൽ അനുഗ്രഹങ്ങളും അപ്രതീക്ഷിത സംഭവങ്ങളും കൊണ്ടുവരുന്ന ദൈവത്തിന്‍റെ കഴിവിൽ വിശ്വസിക്കുക എന്നതാണ് 'ആയാഹ്' നൽകുന്ന സന്ദേശം.
സുഹൃത്തും സംരംഭകയും അതിലുപരി മനുഷ്യസ്‌നേഹിയുമായ ശൈഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിമിയുടെ നേതൃത്ത്വത്തിലാണ് 'ആയാഹ്' എന്ന പ്രൊജക്ട് മുന്നോട്ട് വെക്കുന്നത്. ബിസിനസിലെ തന്‍റെ യാത്രയിലുടനീളം പിന്തുണ നൽകിയ ശൈഖ ഹിന്ദിന്‍റെ പിന്തുണ 'ആയാഹ്'ക്ക് ലഭിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും സെനോഫർ പറഞ്ഞു. ഡാർക്ക് ടെയിലിനൊപ്പം അഫ്ര ഫർഹാനയാണ് ചിത്രത്തിന്‍റെ സഹസംവിധാനം നിർവ്വഹിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ എ.ആർ. റഹ്മാനുമായി കൈകോർക്കുന്നതിലുള്ള ആവേശത്തിലാണ് സെനോഫർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.