പ്രവാസകാലത്ത് ശീലിച്ച വ്രതം 21ാം വർഷവും മുടക്കാതെ ബാബുമോൻ
text_fieldsതിരൂരങ്ങാടി: പട്ടിണി അനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യമാണ് ബാബുമോന് റമദാൻ. 21 വർഷമായി റമദാൻ വ്രതത്തിന് ഒരു മുടക്കവും വരുത്തിയിട്ടില്ല ജനപ്രതിനിധികൂടിയായ ഇദ്ദേഹം. തെന്നല-കുറ്റിപ്പാല നന്നാർകോട്ട് ചെള്ളിക്കുട്ടി-ചക്കി ദമ്പതികളുടെ മകനായ ബാബു 22ാം വയസ്സിൽ ജോലിക്കായി ദുബൈയിലെത്തി.
ബർദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്ത് കൂടെ താമസിച്ചവരെല്ലാം മറ്റു ജില്ലകളിൽനിന്നുള്ള മുസ്ലിം സുഹൃത്തുകളായിരുന്നു. ഒരുദിവസം അവരുടെ കൂടെ രസത്തിനായി വ്രതം എടുത്തു. പിന്നെ അതങ്ങ് തുടർന്നു. 17 വർഷത്തെ പ്രവാസ ജീവിതത്തിൽ റമദാൻ മാസത്തിലെ വ്രതത്തിന് ഒരു ദിവസംപോലും മുടക്കം വരുത്തിയിട്ടില്ല. നാട്ടിലെത്തിയിട്ട് നാല് വർഷമായി. കഴിഞ്ഞ മൂന്ന് വർഷവും വ്രതമെടുത്തു. നാലാം വർഷവുമിത് തുടരുകയാണ്.
പുലർച്ച നാലിന് പ്രഭാത ഭക്ഷണം കഴിക്കും. നോമ്പ് തുറക്കുന്ന സമയം പഴങ്ങളും വെള്ളവുമാണ് ഭക്ഷണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെന്നല പഞ്ചായത്തിലേക്ക് കോൺഗ്രസ് സീറ്റിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇപ്പോൾ തെന്നല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാണ്. സാമൂഹികപ്രവർത്തനവുമായി രാവിലെ ഇറങ്ങിയാൽ നോമ്പ് തുറക്കുന്ന നേരത്താണ് വീട്ടിലെത്തുക.
റമദാൻ കഞ്ഞി തയാറാക്കാനും പ്രവാസ ജീവിതത്തിൽനിന്ന് ബാബു പഠിച്ചെടുത്തിട്ടുണ്ട്. കൊല്ലം, കണ്ണൂർ ജില്ലക്കാരിൽനിന്നാണ് ഇത് പഠിച്ചത്. ജീരകക്കഞ്ഞിയും ഉലുവക്കഞ്ഞിയും പ്രത്യേക കൂട്ടിലാണ് തയാറാക്കുന്നത്. റമദാൻ മാസത്തെ രാത്രിയിലെ ഭക്ഷണം ഈ സ്പെഷൽ കഞ്ഞിയാണ്. ലോകത്ത് ഒരുപാട് പേർ പട്ടിണി അനുഭവിക്കുന്നുണ്ട്. അവർക്കുള്ള ഐക്യദാർഢ്യവും ശരീര സംരക്ഷണത്തിന്‍റെ ഭാഗവും ആയാണ് റമദാൻ വ്രദം തുടരുന്നതെന്ന് 43കാരനായ ബാബു പറഞ്ഞു. 21 വർഷത്തെ ജീവിതത്തിന്‍റെ ഭാഗമാണ് വ്രതം. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ രമ്യയും മക്കളായ ആശിഷ്ബാബു, അനീഷ ബാബു എന്നിവരും പൂർണ പിന്തുണ നൽകി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.