പുതുമകളുമായി പുഷ്പഗിരിയിൽ സമൂഹ ബൊമ്മക്കൊലു
text_fieldsതൃശൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പുഷ്പഗിരി അഗ്രഹാര വീഥികളെ ഭക്തിനിർഭരമാക്കി സമൂഹ ബൊമ്മക്കൊലു ഒരുങ്ങി. യുവജന മനസ്സുകളിൽ പുരാണ ഇതിഹാസ സന്ദേശങ്ങൾ എത്തിക്കാനുദ്ദേശിച്ച് 25 വർഷം മുമ്പ് രൂപം നൽകിയതാണ് സമൂഹ ബൊമ്മക്കൊലു ആശയം.
നവരാത്രി കാലങ്ങളിൽ തമിഴ് ബ്രാഹ്മണഗൃഹങ്ങളിൽ ഇവ ഒരുക്കുന്നത് പതിവായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി അണുകുടുംബങ്ങളായതും മറ്റു ചില പ്രായോഗിക കാരണങ്ങളാലും വീടുകളിലെ ബൊമ്മക്കൊലു ഒരുക്കുന്നത് കുറഞ്ഞു. ഇത് ഗൃഹങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു സമൂഹ ബൊമ്മക്കൊലു ആശയത്തിന് കാരണമായത്.
25 വർഷത്തിനകം ബ്രാഹ്മണ സമുദായാംഗങ്ങളിൽ മാത്രമല്ല, മറ്റു പല സമുദായങ്ങളിലും ആരാധനകേന്ദ്രങ്ങളിലും ഇവ എത്തിക്കാൻ സാധിച്ചതായി ബ്രാഹ്മണസഭ ഭാരവാഹികൾ പറഞ്ഞു. നവരാത്രി ആഘോഷത്തിന് പുഷ്പഗിരിയിൽ സഭമന്ദിരങ്ങൾ ദീപവിതാനങ്ങളാൽ അലംകൃതമാണ്.
സമൂഹ ബൊമ്മക്കൊലു പ്രദർശനം ഞായറാഴ്ച തുടങ്ങി വിജയദശമി വരെ തുടരും. വൈകീട്ട് 5.30 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. ബഹുനില റാക്കിൽ പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും അനശ്വര മുഹൂർത്തങ്ങളും അവതാരങ്ങളും പുണ്യപുരുഷന്മാരുമാണ് ബൊമ്മകളിൽ പുനർജനിച്ചത്.
നവരാത്രി നാളുകളിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ബൊമ്മക്കൊലു ദർശിക്കാൻ പുഷ്പഗിരിയിൽ എത്തിച്ചേരാറ്. ബൊമ്മക്കൊലു ദർശിക്കാൻ എത്തുന്നവരെ സ്വീകരിക്കാൻ പുഷ്പഗിരിയിൽ ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ വിജയദശമി വരെ നീളുന്ന ആഘോഷ പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.