കേക്കാണ് താരം
text_fieldsകോട്ടയം: ക്രിസ്മസ് അടുത്തതോടെ വിപണിയിലെ താരം പ്ലം കേക്ക് തന്നെ. വ്യാപാരസ്ഥാപനങ്ങളുടെ മുന്നിൽ കേക്കുകൾക്ക് പ്രത്യേകം ഇടം ഒരുക്കിയിട്ടുണ്ട്. ചോക്ലേറ്റ്, പൈനാപ്പിൾ, ബട്ടർസ്കോച്ച്, കാരറ്റ് തുടങ്ങിയ വിവിധ ഫ്ലേവറുകളിലെ കേക്കുകൾ ലഭ്യമാണ്. 200 മുതൽ 4000 രൂപവരെയുള്ള കേക്കുകൾ വിപണിയിൽ ഉണ്ട്. ഈ ദിവസങ്ങളിൽ 3000 കിലോ വരെയുള്ള കേക്കുകളുടെ വിൽപന നടക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഹോംമെയ്ഡ് പ്ലം കേക്കുകൾക്കാണ് ഡിമാൻഡ് ഏറെയും. 850 മുതൽ 3000 രൂപ വരെയാണ് ഈ കേക്കുകളുടെ വില. നാട്ടിലെ സ്വാദേറിയ ഹോംമെയ്ഡ് കേക്കുകൾക്ക് വിദേശത്തും വൻ ഡിമാൻഡാണ്. കടകളിലെ പ്രീമിയം ഗുണമേന്മയിലുള്ള ഹോം മെയ്ഡ് കേക്കുകൾ വിദേശത്തെ പ്രിയപ്പെട്ടവർക്കായി കരുതുന്നതിനുള്ള തിരക്കിലാണ് കോട്ടയത്തുകാർ.
അമേരിക്കയിലും ആസ്ട്രേലിയയിലും ഗൾഫ് നാടുകളിലുമുള്ള മലയാളികൾക്ക് നാട്ടിലെ ഹോംമെയ്ഡ് കേക്കുകളോടാണ് പ്രിയം. അതുകൊണ്ടുതന്നെ ക്രിസ്മസ് സീസണിന്റെ തുടക്കത്തിൽ തന്നെ മലയാളികളുള്ള നാടുകളിലേക്ക് കേക്കുകൾ കപ്പൽ കയറി. വരുംദിവസങ്ങളിൽ മുൻവർഷങ്ങളേക്കാൾ മികച്ച കച്ചവടത്തിന് സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
‘ടമാർ... പഠാർ...’ പടക്കം റെഡി
ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലെ ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ ജില്ലയിൽ പടക്കവിപണിയും സജീവം. കമ്പിത്തിരിയും മത്താപ്പും റോക്കറ്റും ചക്രവും മാലപ്പടക്കവും അടങ്ങിയ ശിവകാശി പടക്കങ്ങളുടെ വിൽപന തകൃതിയാണ്. ഇത്തവണ ചൈനീസ് പടക്കങ്ങൾക്കൊപ്പം വെറൈറ്റിയായി ഹെലികോപ്ടറും ചിത്രശലഭവും മയിലും അടങ്ങിയ പടക്കശേഖരവുമുണ്ട്.
പത്തെണ്ണം അടങ്ങിയ ചെറിയ പാക്കറ്റ് കമ്പിത്തിരിക്ക് 20 രൂപയാണ് വില. നിലചക്രം അഞ്ചുരൂപ മുതൽ ലഭിക്കും. പൂക്കുറ്റിയുടെ തുടക്കവില 10 രൂപ മുതലാണ്. വലുപ്പവും എണ്ണവും അനുസരിച്ച് വിലയിൽ മാറ്റം വരും. അധികം ബഹളമില്ലാതെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾ അന്വേഷിച്ചാണ് കൂടുതൽ ആളുകൾ എത്തുന്നത്. 100 രൂപ മതൽ 400 രൂപ വരെ ഒന്ന് മുതൽ 240 വരെ ഷോട്ടുകളുള്ള റോക്കറ്റ് ചൈനീസ് പടക്കശേഖരങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.