കേരളത്തിന്‍റെ മൂല്യങ്ങൾക്കുമുള്ള അംഗീകാരമെന്ന് കർദിനാൾ ജോർജ് കൂവക്കാട്; മാർപാപ്പ വൈകാതെ ഇന്ത്യയിലെത്തും
text_fieldsവത്തിക്കാൻ സിറ്റി: ഭാരതത്തിനും ഭാരത കത്തോലിക്ക സഭക്കും കേരളത്തിന്‍റെ മൂല്യങ്ങൾക്കുമുള്ള അംഗീകാരമെന്ന് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. നാടിന്‍റെ ശൈലിയെയും രീതിയെയും മാർപാപ്പ വിലമതിക്കുന്നു. എല്ലാവരുടെ സ്നേഹവും പിന്തുണയും കൊണ്ടേ തന്‍റെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കൂവെന്നും മാർ കൂവക്കാട് വ്യക്തമാക്കി.
തന്‍റേത് കുറവുകളുള്ള വ്യക്തിത്വമാണ്. മാതാപിതാക്കൾ, ഗുരുക്കന്മാർ, പാവപ്പെട്ടവർ അടക്കമുള്ളവരുടെ അനുഗ്രഹമാണ് സ്ഥാനലബ്ദി. പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ സ്വാഭാവികമാണെ്. സമാധാനം നിലനിർത്തുകയും ശാന്തിയോടെ പെരുമാറുകയും വേണമെന്ന് മാർ കൂവക്കാട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് പ്രതിനിധി സംഘത്തെ അയച്ചതിന് രാജ്യത്തോട് നന്ദിയുണ്ട്. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നു. മാർപാപ്പ വൈകാതെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഡിസംബർ 17ന് താൻ കേരളത്തിലെത്തുമെന്നും മാർ ജോർജ് കൂവക്കാട് അറിയിച്ചു.
ഇന്നലെയാണ് കോട്ടയം ചങ്ങനാശ്ശേരി അതിരൂപതാംഗം ആർച്ബിഷപ് മാർ ജോർജ് കൂവക്കാടിനെ കർദിനാളായി ഉയർത്തിയത്. വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന തിരുക്കർമങ്ങൾക്കിടെയായിരുന്നു സ്ഥാനാരോഹണം.
വൈദികനായിരിക്കെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പുരോഹിതനാണ് മാർ ജോർജ് കൂവക്കാട്. കേരളത്തിലെ രണ്ട് കത്തോലിക്ക വിഭാഗങ്ങളായ സീറോ മലബാർ സഭയുടെ മാർ ആലഞ്ചേരിയും സീറോ മലങ്കര സഭയുടെ മാർ ക്ലിമീസ് കത്തോലിക്കബാവയും കർദിനാളുമാരാണ്. സീറോ മലബാർ സഭയിൽ നിന്നുള്ള മറ്റൊരു കർദിനാളാണ് മാർ ജോർജ് കൂവക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.