ദാനം സമ്പത്തിനെ ഇരട്ടിപ്പിക്കും
text_fieldsവിജയികൾക്കുണ്ടാവേണ്ട പ്രധാനപ്പെട്ട ഗുണമാണ് സമ്പന്നനാവുക എന്നത്. അതിനു വേണ്ടിയുള്ള അധ്വാനം പോലും വിജയത്തിനുള്ള നിദാനമാണ്. സമ്പത്തും വിജയവും തമ്മിലുള്ള ബന്ധത്തെ അല്ലാഹു കണക്ട് ചെയ്യുന്നത് ധനം വികേന്ദ്രീകരിക്കാനുള്ള കഴിവിലൂടെയാണ്.
എങ്ങനെയൊക്കെയാണ് ഈ വികേന്ദ്രീകരണം സാധ്യമാവുക? ആരിൽനിന്ന് ആരിലേക്ക് പണം കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് ക്ഷേമം പുലരുക? ഇങ്ങനെ തുടങ്ങിയുള്ള ഒരുപാട് ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്‌ലാമിൽ ദാനധർമങ്ങൾ വിജയത്തിനുള്ള ടൂൾ ആയി അവതരിപ്പിച്ചിട്ടുള്ളത്.
നാം ചെലവ് കൊടുക്കേണ്ട ആശ്രിതർ ആരൊക്കെയാണെന്ന് ഇസ്‌ലാം കൃത്യമായി നിർവചിച്ചിട്ടുണ്ട്. അവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷമാണ് സാമൂഹിക ക്ഷേമ കാര്യങ്ങളെക്കുറിച്ച് നാം ആലോചിക്കേണ്ടത്. അപ്പോഴും ധനത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തെയാണ് മതം പ്രോത്സാഹിപ്പിക്കുന്നത്. മാർക്കറ്റിൽ പ്രൊഡക്റ്റീവ് ആയ ഇടങ്ങളിലേക്ക് നിക്ഷേപിക്കാതെ ഒരു വർഷം ധനം കൈയിൽ വെക്കുമ്പോൾ അതിൽനിന്ന് 2.5 ശതമാനം സകാത് സമൂഹത്തിലെ ആവശ്യക്കാർക്ക് നൽകണം.
കച്ചവടം ചെയ്യുന്ന ആളുകൾ വർഷാവസാനം സ്റ്റോക്കുകൾ ബാക്കിയുണ്ടെങ്കിൽ അതിനും 2.5 ശതമാനം ദാനം നൽകണം. പെരുന്നാൾ ദിനത്തിൽ നാമും നമ്മുടെ കുടുംബവും ആഘോഷിക്കുമ്പോൾ ചുറ്റുമുള്ള സഹോദരങ്ങൾക്ക് കൂടെ ഭക്ഷ്യധാന്യം നൽകണമെന്നും ഇസ്‌ലാം പറയുന്നു. നമ്മുടെ സന്തോഷവേളകൾ എല്ലാവരുടെയും സന്തോഷമാകണമെന്ന സാമൂഹിക ബോധമാണത്.
സമ്പന്നരിൽനിന്ന് സമ്പന്നരിലേക്കുള്ള ആധുനിക ധനവികേന്ദ്രീകരണ നിയമങ്ങൾ കൂടുതൽ ദരിദ്രരെയാണ് സൃഷ്ടിക്കുന്നത്. സമ്പന്നരിൽനിന്ന് ദരിദ്രരിലേക്കുള്ള കൈമാറ്റത്തെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്.അതിലൂടെ മാത്രമേ മൊത്തം വികസനം സാധ്യമാവുകയുള്ളൂ.
ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും ദാനം നിങ്ങളുടെ ധനം ഇരട്ടിപ്പിക്കുമെന്നാണ് ഖുർആനിക അധ്യാപനം. നമ്മൾ ദാനം ചെയ്യുമ്പോൾ, സമൂഹത്തിലെ മൊത്തം ഉപഭോഗം വർധിക്കുമെന്നതാണ് കാരണം. നമ്മുടെ ഉപഭോഗക്ഷമതയും പാവങ്ങളുടെ ഉപഭോഗക്ഷമതയും തമ്മിൽ വലിയ അന്തരമുണ്ട്. ആ അന്തരമാണ് ദാനത്തെ സാമൂഹിക വികസനത്തിലേക്ക് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.