ക്രിസ്മസ് ആഘോഷം കേമമാക്കാൻ കേക്കുകളുടെ നിര
text_fieldsആലപ്പുഴ: കേക്കില്ലാതെ എന്ത് ക്രിസ്മസ്. ആഘോഷം കേമമാകണമെങ്കിൽ കേക്കിന്റെ ഒരു കഷണമെങ്കിലും നുണയണം. മധുരമൊന്നും പ്രശ്നമാക്കാതെ പ്രമേഹ രോഗികൾ പോലും കേക്ക് രുചിക്കും. എങ്കിലെ ക്രിസ്മസ് ആഘോഷം ഭേഷാകൂ. ഇതറിഞ്ഞ് ഇത്തവണയും ബേക്കറി ഉടമകൾ വിവിധ തരം കേക്കുകൾ വിപണിയിൽ ഇറക്കിക്കഴിഞ്ഞു.
വിവിധ കമ്പനികളുടെ കേക്കുകളും എത്തിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും കേക്ക് കോർണറുകൾ സജ്ജീകരിച്ച് മനസ്സിനെയും നാവിനെയും ആകർഷിക്കുന്ന കേക്കുകൾ നിരത്തിവെച്ചിരിക്കുകയാണ്.
പ്ലം കേക്ക് തന്നെയാണ് ഇത്തവണയും താരം. എങ്കിലും മറ്റ് വെറൈറ്റി കേക്കുകളും എത്തിയിട്ടുണ്ട്. പ്ലം കേക്ക് അതിന്റെ സമൃദ്ധ രുചിയും മധുരവും കൊണ്ട് ക്രിസ്മസ് ആഘോഷങ്ങളുടെ പ്രതീകമായി മാറിയിട്ടുണ്ട്. ചോക്ലേറ്റ്, വാനില, ഫ്രൂട്ട് കേക്ക്, റെഡ് വെൽവറ്റ്, കാരറ്റ് കേക്ക് എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്കും മധുരം കുറച്ചു കഴിക്കുന്നവർക്കുമായി സ്റ്റീവിയ കൊണ്ട് ഉണ്ടാക്കുന്ന കേക്കുകളും വിപണിയിൽ ലഭ്യമാണ്. ഈ കേക്കുകൾ മധുരവും രുചിയും നഷ്ടപ്പെടാതെ ആരോഗ്യകരമായ മധുരം കേക്കിൽ നിലനിർത്തുന്നു.
താരമായി ക്രിസ്മസ് ബണ്ണി
ക്രിസ്മസ് സീസൺ ആകുമ്പോൾ എല്ലാ സാധനങ്ങൾക്കും ക്രിസ്മസ് വൈബ് വരും. ഈ സാഹചര്യത്തിൽ, മുയൽ ആകൃതിയിൽ നിർമിക്കുന്ന ‘ക്രിസ്മസ് ബണ്ണി’ എന്ന കേക്ക് വിപണിയിൽ ആകർഷണമായി മാറിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ഈ കേക്ക് ഇത്തവണ വിപണിയിലെ താരമാണ്.
30 രൂപയിൽ തുടങ്ങി 3000 രൂപ വരെ വിലയുള്ള കേക്കുകൾ ലഭ്യമാണ് 30 രൂപ മാത്രം വില വരുന്ന പ്ലം കേക്കും 2900 രൂപ വിലവരുന്ന സാന്റാ സർപ്രൈസ് കേക്കിനും ആവശ്യക്കാരുണ്ട്. ഈ ക്രിസ്മസ് സീസണിൽ ഏറ്റവും വിറ്റുപോകുന്നത് ബ്ലാക്ക് ലേബൽ പ്ലം കേക്കുകൾ ആണെന്ന് പ്രമുഖ ബേക്കറി ശൃംഖലയായ ഹിമാലയ ബേക്കറി ഉടമ സുധീഷ് കുമാർ പറയുന്നു.
മൈദയും പഞ്ചസാരയും വേണ്ടെന്നുള്ളവർക്കായി ശർക്കരയിലും ഗോതമ്പിലും കേക്കുകൾ ഒരുക്കുകയാണ് മറ്റു ചില ബേക്കറികൾ. മില്ലറ്റ് ധാന്യങ്ങളുടെ മാവ് ഉപയോഗിച്ച് തയാറാക്കുന്നവയുമുണ്ട്. എന്നാൽ ന്യൂജെനിന് മില്ലറ്റിനേക്കാൾ പ്രിയം ഐസിങ് കേക്കുകൾ തന്നെയാണ്. പുതുവത്സരത്തിനാണ് ഐസിങ് കേക്കുകൾ മുന്നിലെത്തുന്നത്.
ഐസിങ് കേക്കിന് പ്രിയം
മധുരം കിനിയുന്ന ഐസിങ് കേക്കിനോടാണ് സ്കൂൾ, കോളജ് കുട്ടികൾക്ക് പ്രിയം. വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്താണ് ഐസിങ് കേക്ക് വാങ്ങാൻ എത്തുന്നത്. അന്ന് ഉണ്ടാക്കുന്ന കേക്കുകൾ മണിക്കൂറുകൾക്കകം വിറ്റു തീരുകയാണ്. ഇതിനൊപ്പം കാരറ്റ് കേക്ക്, ഡേറ്റ്സ്, ജാക്ക്ഫ്രൂട്ട്, മാർബിൾ, ഡേറ്റ്സ് ആൻഡ് നട്സ് കേക്കുകളും ക്രിസ്മസിന്റെ വിപണി കാത്തിരിക്കുകയാണ്. മിഠായികളും പ്ലം കേക്കും ഡ്രൈ ഫ്രൂട്സും അടങ്ങിയ ഗിഫ്റ്റ് ഹാമ്പറുകൾക്കും ആവശ്യക്കാരേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.