ഇടം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ സന്ദേശമാണ് ക്രിസ്മസ്
text_fieldsസർവജനത്തിനും ഉണ്ടാകാനുള്ളൊരു മഹാസന്തോഷം എന്നാണ് യേശുവിന്റെ ജനനത്തെക്കുറിച്ച് ദൂതൻ അരുളിച്ചെയ്തത്. പ്രവാസജീവിത പശ്ചാത്തലത്തിൽ ക്രിസ്മസിന്റെ സാംഗത്യം ശ്രദ്ധേയമാണ്. ജീവിതം അൽപം കൂടി മെച്ചപ്പെടുത്തുന്നതിനായി, സ്വന്തം ദേശവും സ്വന്തംജനത്തെയും വിട്ട് മറ്റൊരുദേശത്തുപോയി ജോലി ചെയ്യുന്ന ഒരു സമൂഹത്തിന്റെ അനുഭവങ്ങൾ വ്യത്യസ്തമാണ്. സ്വന്തം നഗരമായ ബത്ലഹേം വിട്ട് നസ്റേത്തിൽ പ്രവാസികളായി പാർത്തവരായിരുന്നു ജോസഫും മറിയവും. സീസറുടെ ആജ്ഞ പ്രകാരം പേരു ചാർത്തുന്നതിനായി അവർക്ക് ബത്ലഹേമിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നു.
ബത്ലഹേമിൽ തന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ഥലം ലഭിക്കാതെ വിഷമിക്കുന്ന ഇരുവരും ഇന്നിന്റെ പ്രവാസ അനുഭവത്തിന്റെ നേർ ചിത്രമാണ്. ജോലി നഷ്ടപ്പെട്ടും കടബാധ്യത വർധിച്ചും ശമ്പളം ലഭിക്കാതെയും ജീവിതത്തിൽ ഒന്നും നേടാനാകാതെ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന നിരവധി പേർ നമ്മുടെയിടയിലുണ്ട്. പലരുടെയും ജീവിതത്തിന്റെ വിഷമാവസ്ഥ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. സങ്കടക്കടലിൽ മുങ്ങിത്താഴുന്ന ഈ പ്രിയ സഹോദരങ്ങളുടെ വരണ്ട കണ്ണുകൾ വികാരവിചാരങ്ങൾ വറ്റിപ്പോയതിന്റെ അടയാളങ്ങളാണ്.പിറന്നുവീഴാൻ ഇടം ലഭിക്കാതെ പോയ യേശുക്കുഞ്ഞിനെ ഇത്തരം പരുക്കൻ യാഥാർഥ്യങ്ങളുടെ ഇടയിൽ മനസ്സിലാക്കാൻ കഴിയണം. തിരസ്കരണത്തിന്റെ ആഘാതത്തിൽ പരാജയപ്പെട്ട് പിന്മാറാതെ അതിജീവനത്തിന്റെ വഴികൾ കണ്ടെത്തിയവരെയാണ് ജോസഫിലും മറിയത്തിലും നാം ദർശിക്കുന്നത്. ജീവിതത്തിൽ ഇടം നഷ്ടപ്പെട്ടവർക്ക് പ്രത്യാശയുടെ സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്.
പ്രവാസലോകത്തിൽ ഇടം നഷ്ടപ്പെട്ട് നിൽക്കുന്നവർ അതിജീവനത്തിനുള്ള കരുത്തും പ്രേരണയും ക്രിസ്മസിൽനിന്ന് ഉൾക്കൊള്ളണം. യേശുക്കുഞ്ഞിന് ലോകത്തിൽ പിറന്നുവീണേ മതിയാകൂ. അതിന് കാലിക്കൂട് തിരഞ്ഞെടുക്കേണ്ടിവന്നതിൽ ഖേദിക്കേണ്ടതില്ല. ജീവിതത്തിന്റെ ഏത് പ്രതിസന്ധിയിലും കൂടെയിരിക്കുന്ന യേശുക്കർത്താവിന്റെ സാന്നിധ്യം അനുഭവിച്ച് നമുക്കും മുന്നേറാം. ഇടം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ അവനും ഇടം ലഭിക്കാത്തവനായി ഭൂമിയിൽ വന്നു. ഈ ക്രിസ്മസിൽ നമുക്കും സന്തോഷിക്കാം. അതിജീവിക്കാം. ജീവിതം തുടരാം.
-റവ. മാത്യു ചാക്കോ (വികാർ -സെന്റ് പോൾസ് മാർത്തോമ പാരീഷ്, ബഹ്റൈൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.