ക്രിസ്മസ്: അനുപമ സ്നേഹത്തിന്റെ മർത്ത്യഗാഥ
text_fieldsസന്തോഷവും സമാധാനവും രക്ഷയുടെ സന്ദേശവുമായി ഒരു ക്രിസ്മസ് കൂടി വരവായി. അനുപമമായ ദൈവ സ്നേഹത്തിന്റെ മൂര്‍ത്തീകരണമാണ് ക്രിസ്മസ്. പ്രശ്നങ്കീര്ണമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ തിരുപ്പിറവി പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ്. സര്‍വ ജനതക്കുമുള്ള മഹാ സന്തോഷം ആയിരുന്നു ക്രിസ്തുവിന്റെ ജനനം. ദൈവ പ്രസാദമുള്ളവര്‍ക്ക് തിരുജനനത്തിന്റെ മഹാ സന്തോഷം പങ്കിടുവാന്‍ ഇന്നും സാധിക്കും.
രാത്രിയുടെ നിശ്ശബ്ദതയില്‍ ജാഗ്രതയോടെ ഇരുന്ന ആട്ടിടയന്മാരാണ് യേശുവിന്റെ തിരുപ്പിറവിയെക്കുറിച്ച് ആദ്യം അറിഞ്ഞവര്‍. ബത്ലഹേമിലെ പുല്‍തൊട്ടിലില്‍ കിടന്ന ഉണ്ണിയേശുവിനെ ദര്‍ശിക്കുവാനുള്ള സൗഭാഗ്യവും അവര്‍ക്കുതന്നെ ലഭിച്ചു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും അധ്വാനത്തിന്റെ സമര്‍പ്പണവും കൈമുതലാക്കിയ ആട്ടിടയന്മാര് ഒരു പുതു സംസ്കാരത്തിന്റെ സന്ദേശവാഹകരായി ബത്ലഹേമില്നിന്നും മടങ്ങി.
തിരക്കിട്ട നമ്മുടെ ജീവിതചര്യകളില്‍ നിന്നും ഉയരത്തിലേക്ക് ഒന്ന് നോക്കുവാന്‍ ശ്രമിച്ചാല്‍ ദൈവ സ്നേഹത്തിന്റെ നവ ഭാവഗീതി കേള്‍ക്കുവാന്‍ നമുക്കും സാധിക്കും. മർത്ത്യനായി തീര്‍ന്ന ദൈവ പുത്രന് ലാളിത്യത്തിന്റെ സുന്ദരരൂപമായിരുന്നു. സ്വയം ചെറുതാകുന്ന ദൈവ കരുതലിന്റെ ഉദാത്തമായ വിനയഭാവം കീറ്റുശീലകളാല് പൊതിയപ്പെട്ട് പുല്ത്തൊട്ടിയില് കിടക്കുന്ന ശിശുവില്‍ നമുക്ക് കാണാം.
ഇക്കാലമത്രയും ദൈവത്തെക്കുറിച്ച് നാം രചിച്ച സര്‍വ ചരിത്രവും മാറ്റിയെഴുതുന്ന ഒരു നവ ചരിത്രം തന്നെയാണിത്. നിര്‍മല സ്നേഹത്തിന്റെ സുഗന്ധക്കാറ്റ് വിണ്ണിനേയും മണ്ണിനേയും തമ്മില്‍ ബന്ധിപ്പിച്ചു. ആ ദിവ്യ സുഗന്ധത്തിന്റെ സൗരഭ്യം നിലക്കാതെ ഒഴുകുവാന്‍ വിദ്വാന്മാര് യേശുവിന് കുന്തിരിക്കും കാഴ്ചയായി സമര്‍പ്പിച്ചു.
സാധാരണ മനുഷ്യന്റെ ജീവിതത്തിലൂടെ മനുഷ്യാവതാരം ചെയ്ത ദൈവപുത്രന് മനുഷ്യ വർഗത്തിന്റെ അനന്ത സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുകയായിരുന്നു. യൗസേഫും മേരിയും തങ്ങളുടെ കൊച്ചു സ്വപ്നങ്ങളുടെ ലോകം സൃഷ്ടിച്ചവരായിരുന്നു.
എന്നാല്‍, ദൈവം അവരിലൂടെ തന്റെ പുത്രനെ ലോകത്തിനു നല്കി.
സാധാരണമായ മനുഷ്യജന്മങ്ങളിലൂടെ ദൈവത്തിന് രക്ഷയുടെ നവഗീതികള് രചിക്കാനാവുമെന്ന് യേശുവിന്റെ ജനനത്തിലൂടെ വ്യക്തമായി. ക്രിസ്മസ് വീണ്ടെടുപ്പിന്റെ ചരിത്രമാണ്. ദൈവ സാദൃശ്യത്തിലും സ്വരൂപത്തിലും സ്യഷ്ടിക്കപ്പെട്ട മനുഷ്യന്റെ രൂപവും ഭാവവും വൈകൃതമാകുന്ന സന്ദര്‍ഭത്തില്‍ സ്രഷ്ടാവ് സൃഷ്ടിയായി മാറുന്നു.
സൃഷ്ടിയുടെ അതുല്യസ്ഥാനവും വിലയും തിരിച്ചറിയേണ്ട സന്ദര്‍ഭമാണ് ക്രിസ്മസ്. നമ്മേതേടി എത്തിയ ദൈവസ്നേഹത്തിനു കാഴ്ചയായി നമ്മുടെ ജീവിതത്തെത്തന്നെ സമര്‍പ്പിക്കാം. ഏവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു. ഒപ്പം പ്രത്യാശ നിര്‍ഭരമായ പുതുവത്സരവും.
-ഡോ. ഗീവർഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത (സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം -മലങ്കര
ഓര്‍ത്തഡോക്സ് സഭ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.