തിരുപ്പിറവിയുടെ സ്നേഹതാരള്യം
text_fieldsഒരു ക്രിസ്മസ് ദിനം കൂടി കടന്നുവന്നിരിക്കുന്നു. പ്രത്യാശയുടെയും സമാധാനത്തിന്റെയും ഒരു നേർക്കാഴ്ച നമ്മുടെ ആത്മാവിലേക്ക് ആ ദിനം പകർന്നുതരുന്നു. യുദ്ധങ്ങളുടെയും യുദ്ധശ്രുതികളുടെയും ഈ ദശാസന്ധിയിൽ നമുക്കെവിടെയാണ് സമാധാനം. പശ്ചിമേഷ്യയിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റെല്ലാ സങ്കര ഭൂമികളിലും മനുഷ്യത്വം വിറങ്ങലിക്കുന്നു.
കവിഭാഷയിൽ
‘കണ്ണു കണ്ണീർ കുടിക്കുന്നു വീണ്ടും
ചെന്നിണം കുടിക്കുന്നു സിരകൾ’ എന്നു കണ്ടെത്താൻ കഴിയുന്നു.
ഇരുപത്തൊന്നിൽ പരം നൂറ്റാണ്ടുകൾക്കു മുമ്പ് ‘കത്തിയെരിഞ്ഞ മെഴുകുതിരികളെ നിങ്ങൾ തന്നാത്മാവ് ഉരുകി പ്രകാശിച്ച മങ്ങിയ നീല വെളിച്ചത്തിലൂടതാ’ ബത്ലഹേമിലെ കാലിത്തൊഴുത്തിലവതീർണനായി പിള്ളക്കച്ചയിൽ പുതച്ചുകിടക്കുന്ന പൊന്നോമനക്കുഞ്ഞിനെ ആട്ടിടയന്മാർ നക്ഷത്ര സംഗീതം ശ്രവിച്ചുവന്ന് വണങ്ങുന്നു.
പൗരസ്ത്യ ദേശത്തെ ജ്ഞാനികൾ തങ്ങൾക്കു മുമ്പേ സഞ്ചരിക്കുന്ന നക്ഷത്ര പഥങ്ങൾ നോക്കി ശിശുവിനെ കണ്ടെത്തുകയും പൊന്നും മീറയും കുന്തിരിക്കവും നേദിച്ച് ചാരിതാർഥ്യമടയുകയും ചെയ്തു.
യുഗങ്ങളുടെ ഏതോ മഹാപ്രവാഹത്തിൽ വല്ലപ്പോഴും അവതീർണമാകുന്ന തിരുപ്പി റവിയുടെ മഹോത്സവം ചരിത്രത്തിലെ ചില നാഴികക്കുറ്റികളാണ്. വിൽസൻഷീൻ എന്ന പത്ര പ്രവർത്തകൻ എഴുതുന്നത്. ‘കപില വസ്തുവിലും പോർബന്തറിലും ഈ ചരിത്രം തന്നെയാണ്’ സംഭവിച്ചതെന്നാണ്. പ്രഫസർ കെ.പി. അപ്പനെഴുതുന്നത്. ‘മറിയത്തിന്റെ മഹിമയെ ഉഷസ്സിന്റെ ചിറകുകൾ ധരിച്ച വാക്കുകൾകൊണ്ട് പുകഴ്ത്തുന്നത് വിശുദ്ധ ഖുർആൻ ആണ്. സൃഷ്ടികൾക്കു മാതൃകയായി മറിയത്തെ ഖുർആൻ സ്തുതിക്കുന്നു. ഖുർആനിലെ പത്താമധ്യായത്തിൽ യേശുവിന്റെ ജനനം മനോഹരമായി വർണിച്ചിരിക്കുന്നു. ഇമ്രാമിന്റെ മകളായ മറിയാമിനെ സത്യ വിശ്വാസികൾക്കു മാതൃകയായി ഖുർആൻ എടുത്തുകാണിക്കുന്നു. അവൾക്ക് ഒരു പുത്രനുണ്ടാകുമെന്ന് മലക്ക് പറയുന്നതും പുരുഷ സ്പർശമില്ലാതെ അവൾ ഗർഭിണിയാകുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതുമെല്ലാം ഖുർആനിൽ വിവരിക്കുന്നുണ്ട്. ഭൂമിയുടെയും ഉന്നതമായ ആകാശങ്ങളുടെയും വിശാലത തേടുന്ന മതസൗഹാർദത്തിന്റെ നിലപാട് വിശുദ്ധ ഖുർആനിലുണ്ടെന്ന്’ ഈ നിരീക്ഷണം വ്യക്തമാക്കുന്നു.
പല ചക്രവർത്തിമാരുടെയും അടിമത്തത്തിലമർന്ന യഹൂദ ജനതക്ക് ഒരു രക്ഷകൻ വരുമെന്ന് പ്രവാചകന്മാരിലൂടെ കർത്താവ് വാഗ്ദാനം ചെയ്തിരുന്നു. ആ രക്ഷകൻ റോമാധിപത്യത്തിന്റെ ചങ്ങലകൾക്കുള്ളിൽ കിടന്നു വീർപ്പുമുട്ടിയിരുന്ന ആ ജനതക്കൊരു പ്രതീക്ഷയായിരുന്നു. ആ രക്ഷകന്റെ പിറവിയാണ് യേശുവിന്റെ ജനനത്തോടെ സമാരംഭിച്ചതെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
കൃഷ്ണനെ കംസന്റെ പിടിയിൽനിന്ന് രക്ഷനേടാൻ അമ്പാടിയിൽ വളർത്തിയതുപോലെ ഉണ്ണി യേശുവിനെ കണ്ണിൽ ചോരയില്ലാത്ത ഹേറോദേസിന്റെ ശിശു വധങ്ങളിൽ നിന്ന് രക്ഷനേടാൻ മറിയവും യൗസേപ്പും കുട്ടിയോടൊത്ത് ഈജിപ്തിലേക്ക് പലായനം ചെയ്യുന്നു.
‘വണ്ടി വലിപ്പവർ ഒന്നുമില്ലാത്തവർ
തെണ്ടികൾ ചന്തയിൽ വിൽക്കപ്പെടുന്നവർ
കൊച്ചു കുരുത്തോലയാൽ കൊടിതൂക്കിയും
പച്ചിലകൊമ്പിനാൽ ചാമരം വീശിയും എല്ലാരും ഒന്നിച്ചെതിരേൽക്കുകയാണാ നല്ലവനായ നസ്രേത്തുകാരനെ’.
(വയലാർ)
ഓശാന നാളിൽ എഴുന്നള്ളിക്കുന്നതും എല്ലാ വിപ്ലവകാരികളെയും പോലെ ജനം ഒറ്റപ്പെടുത്തുന്നതും അധികാര മോഹികൾ ഉറഞ്ഞുതുള്ളി കൊന്നുതള്ളുന്നതും ചരിത്രത്തിന്റെ രക്തരൂക്ഷിതമായ വികൃതിയാണ്. അടിമകൾക്കു മോചനത്തിനു യത്നിച്ച റോമിലെ സ്പാർട്ടക്കസിനോടും അവിരിതുതന്നെ ചെയ്തു.
ക്രിസ്മസിനു അവതീർണനായ ആ രാജകുമാരന്റെ പിൻകാല ചരിത്രം നമ്മെ ഭയചകിതരാക്കുന്നു. എങ്കിലും പ്രത്യാശ കൈവെടിയുന്നില്ല. മാലാഖമാർ പാടിയതുപോലെ ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സുമനസ്സുകൾക്കു സമാധാനം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.