മഞ്ഞിൻ തേരിറങ്ങിയ സുകൃതം
text_fieldsവർണാഭവും വൈവിധ്യവുമാർന്ന ഓർമകളുടെ മേളപ്പെരുക്കമാണ് ക്രിസ്മസ്-നവവത്സരം. തനിയെ പുലമ്പുകയും ചിരിക്കുകയും ചെയ്തിരുന്ന ഒരുവളും ഒരു ക്രിസ്മസ് ദിനവും വർഷങ്ങൾ ഓടിമറഞ്ഞിട്ടും ബോധമണ്ഡലം മറവി കാണാതെ തെരുപ്പിടിച്ചിട്ടുണ്ട്. പാറിപ്പറന്ന് അലങ്കോലമായ മുടി, ഇരുകൈകളിലും ഭംഗി തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്ലാസ്റ്റിക് വളകൾ, പഴകിയ ബ്ലൗസ്, നിറം മങ്ങിയ മുണ്ട്, അസ്ഥികൾ പെറുക്കിയെടുക്കാവുന്ന കൃശഗാത്രം ഒറ്റനോട്ടത്തിൽ അവർ അതായിരുന്നു. ഈച്ചകൾ വട്ടമിട്ട് പറന്നിരുന്ന ഇഴയകന്ന കൈലിമുണ്ടിന്റെ തുണിസഞ്ചി തോളിലേറ്റി നടന്നിരുന്ന അവരെ ആളുകൾ ‘അന്നപ്രാന്തി’ എന്നു വിളിച്ചു.
പലരും വാങ്ങിക്കൊടുത്തിരുന്ന ആഹാരം ആർത്തിയോടെ കഴിച്ച് വിശപ്പടക്കിയും ആറ്റിറമ്പിലിരുന്ന് ഓളപ്പരപ്പിൽ ചെറുവടികൊണ്ട് അടിച്ച് അവ്യക്തമായ ശകാരവർഷങ്ങൾ ചൊരിഞ്ഞും കറപിടിച്ചുന്തിയ ദന്തനിരകളിൽ വിരലുകൾകൊണ്ട് താളംപിടിച്ചും അവർ നാട്ടിൻപുറത്ത് അലഞ്ഞുതിരിഞ്ഞു. അധികമാരും ഗൗനിക്കാതിരുന്ന അവരെ കാണാതായാൽ നിരത്ത് വിജനമായതുപോലെ തോന്നും. കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോൾ ‘അന്നപ്രാന്തി’ പിടിച്ചുകൊണ്ട് പോകുമെന്ന് മുതിർന്നവർ ഭീഷണി മുഴക്കുമായിരുന്നു. എങ്കിലും അവരെക്കൊണ്ട് നാളതുവരെ ഒരാൾക്കും ശല്യം ഉണ്ടായതായി കേട്ടറിവില്ല. മഴയും മഞ്ഞും വെയിലുമേറ്റ് ബസ് കാത്തുനിൽപ്പുകേന്ദ്രത്തിലെ ആസ്ബസ്റ്റോസ് കൂരക്കു താഴെ സ്വയം മിണ്ടിപ്പറഞ്ഞ് അവരുടെ ഓരോ ദിനരാത്രവും കൊഴിഞ്ഞുവീണു. ഇങ്ങനെ ഒരാൾ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് ഒരാളെയും ബോധ്യപ്പെടുത്താതെ.
ഒരിക്കൽ നഗരത്തിലേക്കുള്ള നടപ്പിനിടെ പുറകിൽനിന്ന് വിഭ്രാന്തമായ ജൽപനം ഉയർന്നു. പൈജാമയുടെ ദുപ്പട്ട പുറകിലേക്ക് വലിയാൻ തുടങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ അന്നേവരെ കാണാത്ത ഭയാങ്കുരമായ സ്ത്രീരൂപം! അരിച്ചിറങ്ങിയ ഭീതിയാവണം അങ്ങനെ തോന്നിപ്പിച്ചത്. ഒരുവിധം പിടിവിടുവിച്ച് എങ്ങനെയോ ഓടിക്കിതച്ച് വീട്ടുപടിക്കലെത്തി. തിരിഞ്ഞുനോക്കിയപ്പോൾ പിറുപിറുപ്പോടെ തലചൊറിഞ്ഞ് അലക്ഷ്യമായ ചുവടുകളോടെ അവർ എന്നെ മറികടന്ന് പോയിരുന്നു. അത്തരമൊരു അനുഭവത്തിന്റെ പ്രേരണയാൽ കാണുമ്പോളൊക്കെ അവരിൽനിന്ന് അകലം പാലിക്കാൻ ശ്രദ്ധിച്ചു.
അതേ ആണ്ടിലെ ക്രിസ്മസ് ദിനത്തിൽ, കുർബാന കഴിഞ്ഞുവന്ന വേദ പാഠക്ലാസിലെ കുട്ടികൾ ഒരുമിച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിമാത്രം അപ്പുറത്തായി. ഒറ്റപ്പെട്ടുപോയ അവൾ വെപ്രാളത്തോടെ കൂട്ടുകാർക്കൊപ്പം ഇപ്പുറം എത്താൻ ശ്രമിക്കവേ, അതിവേഗം പാഞ്ഞെത്തിയ വാഹനം ശ്രദ്ധയിൽപ്പെട്ടില്ല. വരാൻപോകുന്ന അപകടത്തിന്റെ വ്യാപ്തിയും തീവ്രതയും അറിയാമെന്നിരിക്കെ കണ്ടുനിന്നവർ എന്തുചെയ്യണമെന്നറിയാതെ സ്തബ്ധരായി. അതേ പൂജ്യം മണിക്കൂറിൽ ഉടുപ്പിൽ പിടുത്തമിട്ട് പുറകിലേക്ക് ആഞ്ഞുവലിച്ചത് ആരെന്ന് കാണുകയും ചെയ്തു. നന്ദിസൂചകങ്ങളുടെയും അഭിനന്ദനപ്രവാഹങ്ങളുടെയും അഭാവത്തിൽ ഭാവവ്യത്യാസങ്ങൾ പ്രകടമാക്കാതെ, സ്ഥായിയായ ചലനങ്ങളോടെ ആൾക്കൂട്ടാരവങ്ങൾക്ക് നടുവിലൂടെ അവർ നടന്നുനീങ്ങി.
സമനിലതെറ്റിയവളെന്ന് സമൂഹം മുദ്രകുത്തിയവൾ. നേരിൽ കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പ്രതിരൂപമായി ജീവൻ രക്ഷിക്കുന്ന കാഴ്ച എങ്ങനെ മറക്കാൻ? ചുറ്റും നിന്നവർക്ക് ആലോചിക്കാൻപോലും സമയം ലഭിക്കാത്ത അവസ്ഥയിൽ അവർക്ക് അത്തരമൊരു നല്ല പ്രവൃത്തി ചെയ്യാൻ ഉൾപ്രേരണ നല്കിയത് എന്തായിരിക്കും?
വാസ്തവത്തിൽ അവർക്കു മാനസിക വിഭ്രാന്തി ഉണ്ടായിരുന്നോ? അതോ മനോവീര്യമുള്ളവരെന്ന് അവകാശപ്പെടുന്നവർക്കു മുന്നിലെ അഭിനയമായിരുന്നോ? ഇന്നും ഉത്തരം തേടുകയാണ്.
വിണ്ണിൽ മാലാഖവൃന്ദങ്ങൾ തിരുപ്പിറവിയുടെ ആനന്ദഗാനങ്ങൾ പാടിയ ദിനത്തിൽ, ഊരും പേരും ഒരുപക്ഷേ, സ്വന്തം സ്വത്വമോ തിരിച്ചറിയാതിരുന്ന ഉപേക്ഷിക്കപ്പെട്ടവൾ മണ്ണിൽ ഒരപ്പനും അമ്മക്കും പ്രതീക്ഷകൾ ഉടയാതെ തിരികെ നൽകി. അന്നത്തെ മഞ്ഞിൻ തേരിറങ്ങിയ ധനുമാസ സുകൃതത്തോളം പോന്ന തിളക്കം പിന്നീടുള്ള ആഗമനകാലങ്ങളിലും നക്ഷത്രങ്ങളിലും അലങ്കാരങ്ങളിലും കാണാനായിട്ടില്ല.
അവർ നടന്ന വഴികളും അഭയംതേടിയിരുന്ന കാത്തുനിൽപ്പ് കേന്ദ്രവുമെല്ലാം ഇന്ന് അടപടലേ മാറിയിരിക്കുന്നു. പക്ഷേ, അടയാളപ്പെടുത്തലുകൾ ഒന്നുമില്ലാതെ അവർമാത്രം എവിടെയോ മറഞ്ഞു. എന്നാലും, ഓരോ അവധിക്കും ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്മസ്ദിനത്തിൽ ഹൃദയംതൊട്ട മാനുഷിക മുഖം ആകാംക്ഷയോടെ തിരയാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.