സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉത്സവമാണ് ക്രിസ്മസ്
text_fieldsപ്രിയപ്പെട്ടവരേ നിങ്ങൾക്ക് എല്ലാവർക്കും എന്റെ സ്നേഹവന്ദനം. ക്രിസ്മസ് എപ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമാണ്. ക്രിസ്മസ് ആഘോഷിക്കുവാനായിട്ട് ഈ ലോകത്തിൽ ആർക്കാണ് അവകാശമുള്ളത്?. ഹൃദയവിശാലതയുള്ള ആർക്കും ആഘോഷിക്കാവുന്ന ഒരു ഉത്സവത്തിന്റെ പേരാണ് ക്രിസ്മസ്.
കാരണം തന്റെ ഏകജാതനെപോലും ഈ ലോകത്തിനുവേണ്ടി നൽകിയ പിതാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ പേരാണ് ക്രിസ്മസ്. യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം 16ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു "തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു". തന്റെ ഏകജാതനെ മാനവരക്ഷക്കുവേണ്ടി ഈ ലോകത്തിലേക്ക് നൽകിയ ഓർമയുടെ പേരാണ് ക്രിസ്മസ്. ജാതിഭേദമെന്യേ എല്ലാവർക്കും ആഘോഷിക്കാവുന്ന ക്രിസ്മസ് ഹൃദയവിശാലതയുടെ, നൽകുന്നതിന്റെ, നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്നതിന്റെ തിരുനാളാണ്.
ഇന്ന് ഈ ലോകത്തിൽ എല്ലാം പൂട്ടിസൂക്ഷിക്കാനും പിടിച്ചടക്കാനുമുള്ള വ്യഗ്രതയിൽ ഓടുമ്പോൾ ഈ ക്രിസ്മസ് നമുക്ക് നൽകുന്ന സന്ദേശം വിട്ടുകൊടുക്കാനും ഹൃദയവിശാലതയോടെ എല്ലാവരെയും ഉൾക്കൊള്ളാനുമുള്ള സന്ദേശമാണ്. നമുക്ക് ഈ ക്രിസ്മസ് അതിന്റെ എല്ലാ ചൈതന്യത്തോടും കൂടി ആഘോഷിക്കാനും നമ്മുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും അതിനായി ഒരുക്കാം. ക്രിസ്മസിന്റെ എല്ലാവിധ ആശംസകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നേരുന്നു. അതോടൊപ്പം പുതുവർഷപ്പിറവി ആശംസകളും നേരുന്നു. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.