ക്രിസ്മസ് യാഥാർഥ്യമാകണമെങ്കിൽ ക്രിസ്തുദർശനങ്ങളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരണം
text_fieldsപരമകാരുണ്യവാനായ ദൈവത്തിന് സ്തുതി. മാനവജാതിയെ പാപാന്ധകാരത്തിൽനിന്ന് വിമോചിപ്പിക്കാൻ ദൈവം ഭൂമിയിലിറങ്ങി ശരീരധാരണം ചെയ്തതിന്റെ വലിയദിനം. ഡിസംബറിലെ തണുത്ത രാവുകളിൽ ആകാശത്തിലും ഭൂമിയിലും ഒരുപോലെ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു.
ദൈവം സൃഷ്ടിച്ച പ്രപഞ്ചം സ്രഷ്ടാവിനെ വിസ്മരിച്ച് അന്യമായികൊണ്ടിരുന്ന പശ്ചാത്തലത്തിൽ സർവ സൃഷ്ടിയേയും ദൈവവുമായുള്ള അഭേദ്യമായ ബന്ധത്തിൽ കൊണ്ടുവരുന്ന അനുഞ്ജനശുശ്രൂഷ നിർവഹിക്കാനായി ദൈവം ഭൂമിയിലേക്കിറങ്ങി ശരീരധാരണം ചെയ്തു. ദൈവം അത്രമാത്രം ഈ ലോകത്തെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് തിരുജനനം.
യേശുക്രിസ്തുവിന്റെ തിരുപ്പിറവിയിലൂടെ ദൈവസ്നേഹം സർവജനത്തിനും അനുഭവവേദ്യമായി തീരണം എന്നത് വളരെ ശ്രദ്ധേയമാണ്. സർവജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.
എന്ന ദൂതവാക്യം ക്രിസ്തുജനനത്തിന്റെ സാർവത്രിക ഭാവത്തെ വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങളെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാതെ എങ്ങനെ ക്രിസ്മസ് അനുഭവം ഉണ്ടാകും?
ഏറ്റവും ആർഭാടമായി എല്ലാവർഷവും ക്രിസ്മസ് ആഘോഷിക്കണം എന്നത് ഏവരുടെയും മനസ്സിലെ സ്വപ്നമാണ്. വർണാഭമായ ബൾബുകളുടെയും വിരിച്ചൊരുക്കിയ പുൽക്കൂടിന്റെയും അണിയിച്ചൊരുക്കിയ ക്രിസ്മസ് പാപ്പായുടെയും അകമ്പടിയോടുകൂടിയൊക്കെ, ക്രിസ്മസ് ആഘോഷിക്കാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും വെറും ആഘോഷമായി മാത്രം ചുരുക്കപ്പെടുകയാണ്. യേശുക്രിസ്തുവിന്റെ ജനനം തിരസ്കരണത്തിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്.
അന്വേഷിച്ച വഴിയമ്പലങ്ങളിൽ സ്ഥലം ഇല്ലാത്തതിനാൽ പശുത്തൊട്ടിലിൽ കിടത്തി എന്ന് സുവിശേഷകനായ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. ലോകരക്ഷിതാവിന്റെ പുൽക്കുടിലിലെ ജനനം സാധാരണക്കാരന്റെ ജീവിതയാഥാർഥ്യങ്ങളിലേക്കുള്ള ദൈവത്തിന്റെ പ്രവേശനം ആയിരുന്നു. യേശുക്രിസ്തുവിന്റെ പുൽക്കുടിലിലെ ജനനത്തിലൂടെ വെളിവാക്കപ്പെട്ട എളിമയും ലാളിത്യവും ക്രിസ്മസിന്റെ പ്രതീകമായി നമ്മൾ തിരിച്ചറിയണം.
ഇന്നിന്റെ ക്രിസ്മസ് യാഥാർഥ്യമായി മാറണമെങ്കിൽ ക്രിസ്തുദർശനങ്ങളെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതുണ്ട്. അധ്വാനിക്കുന്നവർ, ഭാരം വഹിക്കുന്നവർ, അവശത അനുഭവിക്കുന്നവർ, തള്ളപ്പെട്ടവർ, രോഗികൾ, അശരണർ അങ്ങനെ ഏവരോടും കരുണയുണ്ടാകാനും അവരെ സഹായിക്കാനും നമുക്ക് കഴിയണം.
ഏവർക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.