നക്ഷത്രമാകാൻ ഉണ്ണിയേശു വിളിക്കുന്നു
text_fieldsബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്
(സീറോ മലബാർസഭ മാണ്ഡ്യ രൂപത ബിഷപ്)
ഉണ്ണിേയശുവിെൻറ പിറവിയുടെ സുന്ദരമായ ഓർമ ദീപങ്ങളുടെയും നക്ഷത്രങ്ങളുടെയും നടുവിൽ ആഘോഷിക്കുകയാണ്. ഭൂമിയിലുള്ള എല്ലാവരെയും ആ ഓർമ പുതുക്കലിലേക്ക് സ്വാഗതം ചെയ്യുകയാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ത്രസിപ്പിക്കുവാനായിട്ട് ഒരു ചെറിയ സന്ദേശം നൽകട്ടെ. നമ്മളെ എല്ലാവരെയും ഉണ്ണിയേശു വിളിക്കുന്നത് നക്ഷത്രമാകാനാണ്. നമ്മൾ യേശുവല്ല. ആ യേശുവിനെ കണ്ടെത്താനായി ആളുകൾ നടത്തുന്ന പരിശ്രമങ്ങൾ വഴി നക്ഷത്രമായി മാറുക. എവിടെയാണ് രക്ഷകൻ പിറക്കുക എന്ന് അന്വേഷിച്ച മൂന്ന് രാജാക്കന്മാരെ കുറിച്ച് കേട്ടിട്ടില്ലേ...ആർക്കും ആ രക്ഷകെൻറ പിറവിയെ കുറിച്ച് അറിയുമായിരുന്നില്ല. അവസാനം അവരെ നയിച്ചത് ആ നക്ഷത്രമായിരുന്നു.
ആ നക്ഷത്രം നമ്മുടെ എല്ലാ കലാരൂപങ്ങളിലും എല്ലാ വീടുകളിലും പ്രാർഥനാലയങ്ങളിലും തൂക്കിയിടുന്നു. അത് നമുക്ക് ഒരോർമപ്പെടുത്തലാണ്. മനുഷ്യൻ ശ്വാസംപിടിച്ച് ചെയ്യുന്ന ജീവിതയാത്രകളിൽ യേശുവിനെ അന്വേഷിക്കുന്നവർക്ക് നക്ഷത്രമായി മാറുകയാണ്. ചിലപ്പോൾ അതൊരു വാമൊഴിയായിരിക്കാം. നമ്മുടെ ഒരു വാക്ക് ചിലപ്പോൾ മറ്റൊരാൾക്ക് ഊർജമായി ഭവിക്കും. അതുകൊണ്ടാണ് യേശുപറഞ്ഞത്, നിങ്ങൾ നൽകുന്ന ഒരു ഗ്ലാസ് വെള്ളത്തിനുപോലും ഞാൻ നിങ്ങൾക്ക് പ്രതിഫലം നൽകും. ഉപദേശത്തിെൻറ രൂപത്തിലോ സാമ്പത്തിക സഹായത്തിെൻറ രൂപത്തിലോ വെറുമൊരു സാമീപ്യംകൊണ്ടോ ബലികൊണ്ടോ സ്നേഹവാക്കുകൾകൊണ്ടോ ഒക്കെ അപരന് സാന്ത്വനമാവാൻ നമുക്ക് കഴിയണം. അപ്പോൾ അവ ഒരു നക്ഷത്രമാവും.
നമ്മുടെ പ്രാർഥന ഇതാണ്. ''ദൈവമേ..ആ പുൽക്കൂട്ടിലോ ഇടയന്മാരോ മാതാവോ ആകുവാനായില്ലെങ്കിലും എന്നെ വഴികാട്ടുന്ന ഒരു നക്ഷത്രമാക്കേണമേ..അർധരാത്രിയിൽ അലയുന്നവർക്ക്, കടലിൽ ഉഴലുന്നവർക്ക്, ക്ലേശത്തിെൻറ ഭാരം താങ്ങുന്നവർക്ക്, ജീവിതം ബുദ്ധിമുട്ടായി തീരുന്നവർക്ക് പ്രകാശമേകുന്ന ഒരു വഴിവിളക്കാക്കേണമേ''. ആ നക്ഷത്രം അഥവാ വഴിവിളക്ക് കാണുമ്പോൾ ആത്മാവിൽ നമുക്കൊരു ഊഷ്മളതയുണ്ടാവുന്നു. ജീവിതത്തെ കുറിച്ച് വീണ്ടും സ്വപ്നങ്ങൾ പുലരുകയാണ്. ആ പ്രതീക്ഷ നിങ്ങളെ മുന്നോട്ട് നയിക്കട്ടെ...എല്ലാവർക്കും എെൻറ സ്നേഹം അറിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.