ഭക്ഷണം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, വിശ്രമിക്കുക
text_fieldsപരിശുദ്ധമാസമായ റമദാനിൽ ശരീരത്തിനാവശ്യമായ പോഷണം സംബന്ധിച്ച് പലർക്കും ശരിയായ ധാരണയില്ല. മറ്റു മാസങ്ങളേക്കാൾ വ്യത്യസ്തമായ രീതിയിലാണ് ഈ സമയത്ത് പോഷകാഹാരങ്ങൾ വേണ്ടത് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ, ആവശ്യകത കുറച്ച് കുറവാണെന്നതല്ലാതെ മറ്റു വ്യത്യാസമൊന്നുമില്ല. റമദാൻ മാസത്തിൽ നോമ്പെടുക്കുന്നതുകൊണ്ട് ആരോഗ്യപരമായ നിരവധി പ്രയോജനങ്ങളുണ്ട്.
ശരീരഭാരം കുറക്കാൻ സാധിക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും, ബി.പിയും കൊളസ്ട്രോളും നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ നിരവധി പ്രയോജനങ്ങൾ. അതുകൊണ്ട് റമദാനിൽ ആരോഗ്യത്തോടെയിരിക്കുക എന്നത് മുഖ്യമാണ്. കലോറി കൂടുതലുള്ള നിരവധി ഭക്ഷ്യവിഭവങ്ങൾ റമദാൻ കാലത്ത് നാം കഴിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റ് സങ്കീർണതകൾ ഒഴിവാക്കാൻ അവയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ശ്രദ്ധിച്ചാൽ റമദാനിൽ ആരോഗ്യം സംരക്ഷിക്കാം
ഇഫ്താർ സമയത്തും അത്താഴസമയത്തും അമിതമായി ആഹാരം കഴിക്കരുത്. നോമ്പില്ലാത്ത സമയത്ത് കഴിക്കുന്ന ആഹാരത്തിന് നിശ്ചിത ഇടവേള അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. വെള്ളവും വിറ്റമിനുകളും ഫൈബറും അവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പമല്ല പഴങ്ങൾ കഴിക്കേണ്ടത്. ഇടവേളകളിലാണ്. ഭക്ഷണത്തിനൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനിടയാക്കും.
അത്താഴം പരമാവധി വൈകി കഴിക്കുന്നതാണ് നല്ലത്. ഇത് വിശപ്പും ദാഹവും കുറക്കാൻ സഹായകമാണ്. ജോലി ചെയ്യുന്നവരിൽ തളർച്ചയും മറ്റും ഒഴിവാക്കാനും ഇതുവഴി സാധിക്കും. ധാരാളം വെള്ളം കുടിക്കുക. ഇത് നിർജലീകരണം ഒഴിവാക്കാൻ നല്ലതാണ്. വെള്ളം അമിതമായി കുടിക്കുന്നത് ഡോക്ടർമാർ വിലക്കിയിട്ടുള്ളവർ ഡോക്ടർമാരുടെ നിർദേശം അനുസരിക്കുക. ഉപ്പിന്റെ ഉപയോഗം കുറക്കുക.
ഉപ്പ് അമിതമായി അടങ്ങിയ അച്ചാർ, സ്പൈസി ഫുഡ് തുടങ്ങിയവ ഒഴിവാക്കുക.വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ അമിതമായി കഴിക്കരുത്. കലോറി കൂടുതലുള്ള ഇവ കഴിക്കുന്നത് ശരീരഭാരം കൂടാനും ഇടയാക്കും. മധുരപദാർഥങ്ങൾ കഴിക്കുന്നതും കുറക്കുക. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കി പകരം സ്വാഭാവിക ജ്യൂസുകൾ കുടിക്കുക. രാത്രി പ്രധാന ഭക്ഷണത്തിനുശേഷം വ്യായാമം നിർബന്ധമായും ചെയ്യുക. ആവശ്യത്തിന് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുക. നോമ്പുകാലത്ത് പകൽ കൂടുതൽ സമയം ഉറങ്ങുന്നതും കണ്ടുവരാറുണ്ട്. ഇത് ആരോഗ്യകരമല്ല. അതിനാൽ ഒഴിവാക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.