പള്ളികളിൽനിന്ന് സംഭാവന പിരിക്കുന്നതില്‍ നിയന്ത്രണം തുടരും
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ രാജ്യത്തെ പള്ളികളിൽനിന്ന് സംഭാവന പിരിക്കുന്നതിന് നിയന്ത്രണം തുടരും. സാമൂഹികക്ഷേമ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കു മാത്രമായിരിക്കും പണപ്പിരിവിന് അനുവാദം.
പള്ളികളിൽ സംഭാവന പിരിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങള്‍ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലെയും മസ്ജിദ് വിഭാഗം ഡയറക്ടർമാർക്ക് നൽകിയതായി ഔഖാഫ് മന്ത്രാലയം മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഉതൈബി അറിയിച്ചു.
സംഭാവന പിരിക്കുന്നതിനായി എത്തുന്ന ജീവകാരുണ്യ സംഘടനയുടെ പ്രതിനിധി മുൻകൂട്ടി ഇക്കാര്യം പള്ളികളിലെ ഇമാമിനെ അറിയിക്കണം. സ്ഥാപന പ്രതിനിധികള്‍ക്ക് പള്ളിക്കുള്ളിൽ സംസാരിക്കാൻ അനുവാദമില്ലെന്ന് അൽ ഉതൈബി വ്യക്തമാക്കി.
പള്ളികളില്‍ പരസ്യങ്ങൾ പതിക്കാനോ സംഭാവന പെട്ടികള്‍ സ്ഥാപിക്കാനോ പാടില്ല. അതേസമയം, മസ്ജിദിന്റെ കവാടത്തിനു പിന്നിലെ മതിലിനോടു ചേർന്ന് പരസ്യപ്പലകകൾ സ്ഥാപിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. പിരിവിനു നിയോഗിക്കപ്പെട്ട സംഘടന പ്രതിനിധി അനുമതി കാർഡ് പ്രദർശിപ്പിക്കണം.
വ്യക്തികളിൽനിന്ന് പണമായി സംഭാവന സ്വീകരിക്കരുത്. കെ-നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി അക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യേണ്ടത്. നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ സ്ഥാപന പ്രതിനിധിക്കെതിരെ നടപടി സ്വീകരിക്കും. പരാതിയുള്ളവര്‍ മന്ത്രാലയത്തിന്റെ ഹോട്ട് ലൈന്‍ നമ്പറിലോ വാട്ട്സ്ആപ് നമ്പറിലോ (66027725) ബന്ധപ്പെടണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.