ആത്മ നവീകരണത്തിന്റെ വിശ്വാസപ്രമാണം
text_fieldsസകല മനുഷ്യരോടും സഹാനുഭൂതിയും സഹവര്‍ത്തിത്വവും പുലര്‍ത്തേണ്ട അവസരമാണ് നോമ്പുകാലം
ഇസ്ലാം മത വിശ്വാസികള്‍ ഏറ്റവും പവിത്രമായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാന്, അതായത് പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം. വിശ്വാസപ്രകാരം ഏറ്റവും അനുഗ്രഹീതവും ഭക്തിനിര്‍ഭരവും ആത്മീയവുമായ പുണ്യ മാസമാണിത്. ദൈവിക വിളിക്ക് ഉത്തരമായി പകലിലെ അന്ന പാനീയങ്ങളും വൈകാരിക ആസ്വാദനങ്ങളും ഉപേക്ഷിച്ചുകൊണ്ട് പരമാവധി പ്രാർഥനയിലും ആരാധനയിലും മുഴുകുന്ന മാസം. ഈ സമയം സഹജീവികളോട് കൂടുതല്‍ കരുതല്‍ കാണിക്കുകയും ദാനധര്‍മങ്ങളില്‍ ശ്രദ്ധയൂന്നുകയും ചെയ്യണമെന്ന് പരിശുദ്ധ ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു.
2002ല്‍ ഞാന്‍ റോയല്‍ ഒമാന്‍ പൊലീസില്‍ സിവിലിയന്‍ ഓഫിസര്‍ റാങ്കില്‍ ഒരു അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അത് ഒരു റമദാന് മാസമായിരുന്നു. മാലദ്വീപിലെ അധ്യാപക ജീവിതത്തിൽ നിന്നും എനിക്ക് ലഭ്യമായ അനുഭവങ്ങളും അറിവുകളും വളരെയേറെ സഹായിച്ചിരുന്നു. നോമ്പുകാലത്ത് ക്ലാസെടുക്കുന്ന സമയത്ത് എന്റെ കുട്ടികളും ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള സഹപ്രവര്‍ത്തകരും എന്നോട് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല എന്ന് ഇടക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. പക്ഷേ എന്റെ മുന്നില്‍ ഇരുന്ന് എന്റെ വാക്കുകള്‍ ശ്രവിക്കുന്നവരെ അവരുടെ സ്ഥാനത്തേയും വിശാല മനസ്കതയെയും അര്‍ഹിക്കുന്ന രീതിയില്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് എന്നിലെ അധ്യാപകന്റെ കടമയും അതിലുപരി മാനുഷികവും ആണെന്നുള്ള തിരിച്ചറിവ് അവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരില്‍ ഒരാളായി വ്രതം എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും ഈ അനന്യ മാതൃക പുണ്യമാസത്തില്‍ എന്റെ കുട്ടികളോടൊപ്പം ചെലവഴിച്ചു കൊണ്ടാവണം എന്നുള്ള ഉറച്ച തീരുമാനം എല്ലാക്കാലവും നടപ്പിലാക്കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളു. നോമ്പുകാലത്ത് ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ ചെറിയ ക്ഷീണം കാണിക്കുമെങ്കിലും രണ്ടുമൂന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ അവരെല്ലാവരും പതിവുപോലെ ഊര്‍ജസ്വലരായി ക്ലാസില്‍ വരുകയും പൂര്‍ണ സംതൃപ്തിയോടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കൃത്യമായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി എന്റെ ഓഫിസര്‍മാരും കുട്ടികളും ക്ഷണിക്കാറുണ്ട്. കൃത്യമായി വ്രതം എടുത്ത് അവരോടൊപ്പം നോമ്പുതുറയില്‍ പങ്കെടുക്കുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ അത് കുബേരനും കുചേലനും എന്നുള്ള വ്യത്യാസമില്ലാതെ ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ് എന്നുള്ള ആപ്തവാക്യം കൃത്യമായി നിറവേറ്റുന്ന ജീവിത ഉദാഹരണങ്ങള്‍ തന്നെയായിരുന്നു.
എല്ലാവരെയും സമന്മാരായി കണ്ട് സകല മനുഷ്യരോടും സഹാനുഭൂതിയും സഹവര്‍ത്തിത്വവും അനുകമ്പയും പുലര്‍ത്തേണ്ട പ്രത്യേക അവസരമാണിത് എന്ന് നോമ്പുകാലം നമ്മെ ഏവരെയും ഉത്ബോധിപ്പിക്കുന്നു. കൂടുതല്‍ സുകൃതങ്ങള്‍ ചെയ്യാനും അബദ്ധവും അശ്രദ്ധയും അകറ്റി നിര്‍ത്തുന്നതിനും ദൈവത്തിന്റെ മഹത്തായ കാരുണ്യത്തെ മുന്‍നിര്‍ത്തി ജീവിതം മുന്നോട്ടു നയിക്കുന്നതിനും ലോകത്തെ സകല മനുഷ്യര്‍ക്കും സന്തോഷവും സമാധാനവും കൈവരിക്കുന്നതിനും ഈ പുണ്യമാസം ഏവര്‍ക്കും വഴികാണിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഡോ. സജി ഉതുപ്പാന്, മസ്കത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.