തകർത്ത് ഈത്തപ്പഴ വിപണി; വില കൂടി
text_fieldsകോഴിക്കോട്: നോമ്പുകാലത്തെ മുഖ്യയിനമായ ഈത്തപ്പഴം വാങ്ങാൻ ഇത്തവണ ആവശ്യക്കാർ കൂടിയതായി വ്യാപാരികൾ. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് സൗദിയിലും മറ്റ് അറബ് രാജ്യങ്ങളിലും ആഭ്യന്തര ഉപയോഗത്തിൽ വൻ വർധനയാണ്. ഇതോടെ വരവ് കുറയുകയും വില കൂടുകയും ചെയ്തു.
നോമ്പിനോടനുബന്ധിച്ചുള്ള തിരക്കിന് ഇപ്പോൾ ചെറിയ ശമനമുണ്ടായെങ്കിലും ബിസിനസ് നന്നായി നടക്കുന്നതായി വലിയങ്ങാടിയിലെ പ്രമുഖ ഈത്തപ്പഴ വ്യാപാരിയായ ടി.കെ. അബ്ദുൽ അസീസ് പറഞ്ഞു. വിലക്കുറവുള്ള ജനപ്രിയ ഇനങ്ങൾക്കെല്ലാം നിരക്ക് കൂടിയിട്ടുണ്ട്. ഈജിപ്ത്, കുവൈത്ത് ഇനങ്ങൾ ഇപ്പോൾ വരുന്നില്ല.
ഒമാൻ ഇനങ്ങൾ കിലോക്ക് 200 രൂപക്ക് കിട്ടും. ഇറാഖിൽനിന്ന് ചാക്കിൽ എത്തുന്ന ഏറ്റവും ജനപ്രിയമായ സാദാ ഇനത്തിന് വില കിലോക്ക് 80 രൂപയായി ഉയർന്നു. 30 കിലോ പഴം 2400 രൂപക്ക് കിട്ടും. അച്ചാറിടാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇനമാണിത്.
കോവിഡിന് മുമ്പുള്ളതിനേക്കാൾ കാരക്കയിനങ്ങളുടെ വില ഉയർന്നിട്ടുണ്ട്. സൗദി, ഇറാൻ, ഇറാഖ്, തുനീഷ്യ, അൽജീരിയ തുടങ്ങി വിവിധ നാടുകളിൽനിന്ന് മലബാറിലെ ഏറ്റവും വലിയ ഈത്തപ്പഴ മൊത്തവിപണിയായ കോഴിക്കോട് വലിയങ്ങാടിയിലേക്ക് ഈത്തപ്പഴം എത്താറുണ്ട്.
ഉണക്കക്കാരക്ക തീരെ കിട്ടാതായി. നികുതി വർധനയും മറ്റും കാരണം പാകിസ്താനുമായുള്ള വ്യാപാരം കുറഞ്ഞതിന്റെ ഭാഗമായാണിത്. നേരത്തേ 50 -60 രൂപയുണ്ടായിരുന്ന ഉണക്കക്കാരക്കക്ക് കഴിഞ്ഞ വർഷം കിലോക്ക് 100 രൂപക്കു മുകളിലെത്തിയിരുന്നു. ഇത്തവണ ഉണക്കക്കാരക്ക കിട്ടാതായതോടെ 250 മുതൽ 300 രൂപ വരെയായി ഉയർന്നു.
സാധാരണ വരുന്നതിന്റെ 10 ശതമാനം മാത്രമേ കോഴിക്കോട്ടെത്തിയിട്ടുള്ളൂ. 40 ലോഡോളം ഉണക്കക്കാരക്ക വരുന്നിടത്ത് രണ്ടു ലോഡ് മാത്രമേ എത്തിയിട്ടുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.
മുംബൈ, തൂത്തുക്കുടി വഴിയാണ് ഈത്തപ്പഴം കാര്യമായി എത്തുന്നത്. കോവിഡ് കാരണം ഉംറയടക്കം തീർഥാടക യാത്രകൾ ഇല്ലാതായതോടെ സൗദിയിലും മറ്റും ഈത്തപ്പഴ വിൽപനയും ഉപയോഗവും കുറഞ്ഞതിനാൽ കഴിഞ്ഞ തവണ യഥേഷ്ടം പഴങ്ങൾ വന്നിരുന്നു. സൗദിയിൽ നിന്നുള്ള മബ്റൂം, അജ്വ തുടങ്ങിയവക്കെല്ലാം വിലകൂടി.
പേരുകേട്ട ഏറ്റവും മുന്തിയ സൗദിയിനമായ അജ്വക്ക് കിലോ 500 രൂപ മുതൽ 700 രൂപ വരെയുണ്ടായിരുന്നത് 750 മുതൽ 900 വരെയായി വില. മശൂക്ക് ഇനത്തിന് 300 രൂപയുള്ളത് 400ലേക്ക് ഉയർന്നു. അൽജീരിയൻ ഇനങ്ങൾ 950 മുതൽ 1050 രൂപ വരെ വിലക്ക് കിട്ടും. ഇവക്ക് വിലക്കൂടുതൽ ഏശിയിട്ടില്ല. അഞ്ചു കിലോയുള്ള പെട്ടിക്ക് 600 രൂപ മുതൽ 950 രൂപ വരെ വിലയുള്ള ഇറാൻ ഇനങ്ങൾക്ക് ഇപ്പോൾ വരവ് കുറവാണ്.
വന്നതിന് വിലക്കൂടുതലുമുണ്ട്. ഇറാനിൽ നിന്നുള്ള കിമിയ ബ്രാൻഡ് 500 ഗ്രാമിന്റെ പെട്ടി ജനപ്രിയമാണ്. ഇതിന്റെ വില പെട്ടിക്ക് 120 രൂപവരെയായി ഉയർന്നു. സൗദിയിൽ നിന്നുള്ള മശൂക്ക്, മബ്റൂം, ശുക്കരി, മെജോൾ, മറിയം, സുഫ്റി തുടങ്ങിയ മുന്തിയ ഇനങ്ങളുടെ മൂന്നു കിലോയുടെ വലിയ പാക്കുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. 1000-1800 രൂപക്ക് കിട്ടുന്ന പാക്ക് ചെറിയ കുടുംബത്തിന് നോമ്പുകാലം മുഴുവൻ ഉപയോഗിക്കാമെന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.