ആത്മീയ ഉണർച്ചയിലേക്ക് ലയിക്കുന്ന ദിനങ്ങൾ
text_fieldsലൗകിക കാമനകളിൽ മുഴുകിയിരുന്ന ശരീരത്തെ ആത്മീയമായ വലിയൊരു ഉണർച്ചയിലേക്കും ഉയർച്ചയിലേക്കും വഴിനടത്തുകയാണ് നോമ്പ്. വർത്തമാനകാലം എങ്ങനെയെല്ലാമാണ് നമ്മളിൽ അടയാളപ്പെട്ടുകിടക്കുന്നത്? കുടുംബങ്ങൾ ഛിദ്രമാകുന്നു, കുടുംബത്തിലൂടെ സമൂഹത്തിൽ വളരേണ്ട നന്മകൾ ഇല്ലാതാകുന്നു, അന്തസ്സാരശൂന്യരായ വ്യക്തികളാൽ നിയന്ത്രിക്കപ്പെടുന്ന അരാജകസമൂഹം ഉണ്ടാകുന്നു.
ലോകത്തിന്റെ മനോഹാരിത ആസ്വദിക്കാനാകാത്തവിധം പരാജയപ്പെട്ട വ്യക്തികളുടെ സമൂഹമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യൻ ‘മനുഷ്യന’ല്ലാതാകുന്നു.
ഇതിന്റെ ഫലം സങ്കുചിതരും സ്വാർഥരുമായ വ്യക്തികളുടെ കൂട്ടവും സൗന്ദര്യത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും വന്യമായ സങ്കൽപങ്ങൾ വെച്ചുപുലർത്തുന്ന അടഞ്ഞ സമൂഹവും രൂപപ്പെടുക എന്നതാണ്. ഒരു കാര്യവും കൃത്യമായി ഉൾക്കൊള്ളാനാകാത്ത, സുന്ദരമായ ലോകസൃഷ്ടിക്കുവേണ്ടി ക്രമത്തിലും നൈരന്തര്യത്തിലും പ്രവർത്തിക്കാൻ ശേഷിയില്ലാത്ത സമൂഹമായിരിക്കും അവർ. എത്ര അപകടകരമായിരിക്കും അവരുടെ ചെയ്തികൾ!
‘ഈശ്വര ചിന്തയാൽ സദാ ഉണർവു നേടിയ ബോധത്തിൽനിന്ന് ഉരുവംകൊള്ളുന്ന ഈശ്വര വിധേയത്വം’ എന്നതാണ് തഖ്വ. തഖ് വയുള്ളവൻ ആവുക എന്നതിന്റെ ഗുണഫലം ‘മനുഷ്യൻ’ എന്ന പൂർണതയിലേക്ക് സഞ്ചരിക്കാൻ ശേഷിയുള്ളവനാവുക എന്നാണ്.
അങ്ങനെയുള്ള വ്യക്തിയെക്കുറിച്ചാണ് വിശുദ്ധ ഖുർആൻ ‘വിശ്വാസി എന്നാൽ അതത് കാലത്ത് സുന്ദരമായ ഫലം നൽകുന്ന വൃക്ഷം പോലെയാണെന്നും അടിയുറപ്പോടെ നിലകൊള്ളുന്നതോടൊപ്പം തന്നെ അതിന്റെ ശാഖകൾ ആകാശത്തിൽ പടർന്നതുമാണെ’ന്നും വിശേഷിപ്പിച്ചത്.
തഖ്വ ഉണ്ടാവുക എന്നാൽ ഗുണവാനായ മനുഷ്യനാവുക എന്നതാണ് വിവക്ഷ. ഇത് നമ്മൾ പറഞ്ഞുവരാറുള്ള, വ്യക്തി നന്നായാൽ കുടുംബം നന്നാകും കുടുംബം നന്നായാൽ സമൂഹം നന്നാകും എന്ന ഉയർന്ന വ്യക്തി / കുടുംബ / സമൂഹ സങ്കൽപത്തിലേക്ക് എത്തിക്കുന്നതാണ്.
ശരിയായ ജീവിതബോധത്തിലേക്കും ലക്ഷ്യബോധത്തിലേക്കും നയിക്കാൻ മാനവനെ അല്ലാഹു തിരഞ്ഞെടുത്തത് വിശുദ്ധ റമദാൻ മാസമാണ്. റമദാനിന് ഈ പദവി കിട്ടിയത് ഖുർആൻ അവതരിച്ചതിനാലും. ഈ വിശുദ്ധ മാസം മനുഷ്യനെ ‘മനുഷ്യൻ’ എന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടു വരാനായി സ്രഷ്ടാവ് കനിഞ്ഞരുളിയതാണെന്ന് മനസ്സിലാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.