ജനനിബിഡമായി മണ്ണാറശാല; മഹാപ്രസാദമൂട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ
text_fieldsഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് എത്തിയത് പതിനായിരങ്ങൾ. ക്ഷേത്രവും സമീപ നാടുകളുമെല്ലാം ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തിരക്കായിരുന്നു ഇത്തവണ ഉണ്ടായത്. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞ ശേഷം നടക്കുന്ന പൂജയായതിനാലാണ് ഇത്രയേറെ ഭക്തർ എത്തിയത്.
ജില്ലക്ക് മുഴുവൻ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നത് വിദ്യാർഥികൾക്കും ജോലിയുള്ളവർക്കും എല്ലാം ക്ഷേത്രത്തിലേക്ക് എത്താൻ സൗകര്യമായി. ഞായറാഴ്ച നടന്ന പൂയം തൊഴലിനും ഭക്തജനത്തിരക്ക് ഏറെയായിരുന്നു. വിപുലമായ സൗകര്യമാണ് വിശ്വാസികൾക്കായി ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. ഹരിപ്പാട്, കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് പ്രത്യേക സർവിസുകൾ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അഗ്നിരക്ഷ സേനയുടെയും സേവനവും ക്ഷേത്രനഗരിയിൽ ഉണ്ടായിരുന്നു.തിരക്ക് നിയന്ത്രിക്കാൻ പൊലീസും വളന്റിയർമാരും ഏറെ പ്രയാസപ്പെട്ടു. സ്ത്രീകളാണ് അധികവും ആയില്യം തൊഴാൻ എത്തിയത്. കിഴക്കും പടിഞ്ഞാറും വാതിലുകളിൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടുത്തെ പന്തലില്‍ ഭക്തജനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ആയില്യ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടിൽ ആയിരങ്ങൾ പങ്കുകൊണ്ടു. പഴയിടം മോഹനൻ നമ്പൂതിരിയാണ് മഹാപ്രസാദമൂട്ടിന് നേതൃത്വം നൽകിയത്. ചോറിനൊപ്പം സാമ്പാർ, കൂട്ടുകറി, തോരൻ, മോര്, ഉപ്പിലിട്ടത്, അരവണ പായസം എന്നിവ ഉൾപ്പെടെയാണ് മഹാപ്രസാദമൂട്ട് നടന്നത്. പൂയസദ്യയിലും മഹാപ്രസാദമൂട്ടിലുമായി ഒരു ലക്ഷത്തോളം ഭക്തരാണ് പങ്കെടുത്തത്. രാവിലെ പത്ത് മുതലാണ് ക്ഷേത്രം വക സ്കൂളിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പ്രസാദമൂട്ട് നടന്നത്. രാവിലെ ഭാഗവത പാരായണം, ആധ്യാത്മിക പ്രഭാഷണം, നാഗഭൈരവി സംഗീത സമന്വയം, പുരാണ കഥാഖ്യാനം, ഭക്തിഗാനമഞ്ജരി, നാഗസ്വര ലയമാധുരി, പുല്ലാങ്കുഴലീണം എന്നിവയും നടന്നു.
മണ്ണാറശാലയിലെ പുതിയ അമ്മ സാവിത്രി അന്തര്‍ജനത്തെ കാണുന്നതിനും അനുഗ്രഹം വാങ്ങുന്നതിനും ഭക്തരുടെ നീണ്ടനിര ദൃശ്യമായിരുന്നു. മണ്ണാറശാല ഗവ. യു.പി സ്കൂളില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക പന്തലിലാണ് പ്രസാദമൂട്ട് നടന്നത്. പതിനായിരങ്ങളാണ് സദ്യയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.