അവധി ദിനങ്ങളിലും ശബരിമലയിൽ ഭക്തർക്ക് സുഖദർശനം; ഇതുവരെ ദർശനം നടത്തിയവർ ഒന്നര ലക്ഷം
text_fieldsശബരിമല: മണ്ഡലകാല തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള ആദ്യ അവധി ദിനങ്ങളിൽ ഭക്തർക്ക് സുഖദർശനം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് നടപ്പന്തലിലും സന്നിധാനത്തും ചെറിയ തിരക്ക് അനുഭവപ്പെടുന്നത്.
വെർച്വൽ ക്യൂ സംവിധാനം കാര്യക്ഷമമായതും പതിനെട്ടാം പടിയിലും കൊടിമരച്ചുവട്ടിലും സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പരിചയ സമ്പന്നതയും ആണ് തിരക്ക് കുറക്കാൻ സഹായകമാകുന്നത്. നട തുറന്നതിന് ശേഷം മൂന്ന് ദിവസങ്ങളിലായി 1,51,977 പേർ ദർശനത്തിനെത്തി.
ഞായറാഴ്ച വൈകിട്ട് ഏഴ് വരെയുള്ള കണക്കാണിത്. നട തുറന്ന വെള്ളിയാഴ്ച മാത്രം വൈകിട്ട് നാല് മുതൽ രാത്രി 11 വരെ 30,687 പേർ ദർശനം നടത്തി.
108ന്റെ റാപിഡ് ആക്ഷൻ മെഡിക്കൽ യൂനിറ്റുകൾ
തിരുവനന്തപുരം: ശബരിമലയിൽ തീർഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108 ന്റെ റാപിഡ് ആക്ഷൻ മെഡിക്കൽ യൂനിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂനിറ്റുകൾ കൂടി സജ്ജമാക്കിയത്. പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്ക്യൂ വാൻ, ഐ.സി.യു ആംബുലൻസ് എന്നിവയാണ് സജ്ജമാക്കിയത്. 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. കൂടാതെ, അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പറിലും വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.